| Saturday, 18th October 2025, 1:29 pm

ദുർബലയായപ്പോൾ എന്നെ ട്രോളി, സ്വകാര്യത പലപ്പോഴും ചർച്ചയായി; മനസുതുറന്ന് സാമന്ത റൂത്ത് പ്രഭു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെന്നിന്ത്യൻ താരസുന്ദരിയാണ് സാമന്ത റൂത്ത് പ്രഭു. എന്നാൽ താരമായതിന്റെ പേരിൽ തന്റെ സ്വകാര്യത പലപ്പോഴും ചർച്ചയായി പോയിട്ടുണ്ട്. ഇപ്പോഴതിനെക്കുറിച്ച് മനസ് തുറക്കുകയാണ് സാമന്ത.

തന്റെ ആരോഗ്യപ്രശ്‌നത്തെയും വേർപിരിയലിനെയും പരാമർശിച്ചുകൊണ്ട് നടി എല്ലാം പരസ്യമായിരുന്നെന്ന് സമ്മതിച്ചു. അതിനോടൊപ്പം തൻ്റെ മോശം സമയത്ത്  ജഡ്ജ് ചെയ്യപ്പെടുകയും ട്രോള് ചെയ്യപ്പെടുകയും ചെയ്തുവെന്ന് സമ്മതിച്ചു.

എൻ.ഡി.ടി.വിയുടെ വേൾഡ് സമ്മിറ്റിനോട് സംസാരിക്കുകയായിരുന്നു സാമന്ത.

‘എന്റെ യാത്രയെക്കുറിച്ചറിയുന്ന ഏതൊരാൾക്കും എന്റെ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ചും അറിയാം. ഞാൻ ദുർബലമായപ്പോൾ എന്നെ നിരന്തരം ട്രോളി,’ സാമന്ത പറഞ്ഞു.

എല്ലാം മനസിലാക്കുന്ന ആളായി സ്വയം അവതരിപ്പിക്കാൻ താത്പര്യമില്ലെന്നും തന്റെ കാര്യത്തിൽ എല്ലാം ശരിയായിട്ടില്ലെന്നും പറഞ്ഞ നടി, തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിലും അത് തിരുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.

പുഷ്പ ദി റൈസ് എന്ന ചിത്രത്തിലെ ഐറ്റം സോങ്ങിനെക്കുറിച്ചും സാമന്ത സംസാരിച്ചു. തനിക്ക് സാധിക്കുമോയെന്ന് നോക്കാനാണ് ആ പാട്ട് ചെയ്തതെന്നും അത് താൻ തനിക്ക് തന്നെ നൽകിയ വെല്ലുവിളിയാണെന്നും സാമന്ത പറഞ്ഞു. താൻ തന്നെ സെക്‌സിയായി കരുതിയിരുന്നില്ലെന്നും ആരും തനിക്ക് ബോൾഡ് റോൾ തരാനും പോകുന്നില്ലെന്നും നടി കൂട്ടിച്ചേർത്തു.

ഒപ്പം സാധാരണ കുടുംബത്തിൽ നിന്നുവന്ന് സിനിമാരംഗത്ത് സ്ഥാനം ഉണ്ടാക്കിയെടുത്തതിനെക്കുറിച്ച് പറഞ്ഞ നടി ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമാണ് തന്റേതെന്ന് പറഞ്ഞു. ഒറ്റ രാത്രി കൊണ്ട് താൻ താരമായി മാറിയെന്നും പേരും പ്രശസ്തിയും കൈവന്നുവെന്നും എന്നാൽ അപ്പോൾ എന്തുചെയ്യണമെന്ന് അറിയില്ലായിരുന്നുവെന്നും കൂട്ടിച്ചേർത്തു.

2017ൽ വിവാഹിതയായ സാമന്ത 2021ൽ വേർപിരിഞ്ഞിരുന്നു. ശേഷം ആരോഗ്യപ്രശ്‌നങ്ങളാൽ സിനിമയിൽ നിന്നും താരം ഇടവേളയെടുത്തിരുന്നു.

Content Highlight: I was trolled when I was weak, and privacy was often discussed says Samantha

We use cookies to give you the best possible experience. Learn more