തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അറസ്റ്റിലായ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയെ പരിഹസിച്ച് ബി.ജെ.പി കൗൺസിലറും, മുൻ ഡി.ജി.പിയുമായ ആർ. ശ്രീലേഖ.
പൂജപ്പുര സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലെ മികച്ച സൗകര്യങ്ങളെക്കുറിച്ച് കുറിച്ച് അവർ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
കേസിൽ റിമാൻഡിലായി പൂജപ്പുര ജയിലിലെ ആശുപത്രി ബ്ലോക്കിൽ കഴിയുകയാണ് ടോമിൻ ജെ. തച്ചങ്കരി. തിരുവനന്തപുരം സെൻട്രൽ ജയിലിലെ സാധാരണ സെല്ലുകളെ അപേക്ഷിച്ച് ആശുപത്രി ബ്ലോക്ക് അതീവ സൗകര്യങ്ങളുള്ളതാണെന്ന് അവർ പോസ്റ്റിൽ ഓർമിപ്പിക്കുന്നു.
താൻ ജയിൽ വകുപ്പ് ഡി.ജി.പി ആയിരുന്ന കാലത്താണ് ഈ സൗകര്യങ്ങളെല്ലാം ഒരുക്കിയതെന്നും, ഇപ്പോൾ അത് ആർക്കെങ്കിലും പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷമെന്നും അവർ കുറിച്ചു.
‘തിരുവനന്തപുരം സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്ക് സെല്ലുകളെ അപേക്ഷിച്ച് വളരെ വൃത്തിയുള്ളതാണ്. നല്ല കിടക്ക, മെത്ത, തലയിണ, ഫാൻ, വൃത്തിയുള്ള ശൗചാലയം, പിന്നെ പ്രത്യേകം ഒറ്റയ്ക്ക് കഴിയാനുള്ള സൗകര്യങ്ങൾ, ചുറ്റും മനോഹരമായ പൂന്തോട്ടം, പ്രത്യേക ഭക്ഷണം.
ഇതൊക്കെ ഞാൻ ജയിൽ വകുപ്പ് ഡി.ജി.പി ആയിരുന്നപ്പോൾ മെച്ചപ്പെടുത്തിയെടുത്തതാണ്. ഇപ്പോൾ അത് ആർക്കെങ്കിലും നല്ലതുപോലെ പ്രയോജനപ്പെടുന്നുണ്ടെങ്കിൽ സന്തോഷം’. എന്നായിരുന്നു അവരുടെ ഫേസ്ബുക്ക് കുറിപ്പ്.
പേരെടുത്ത് പരാമർശിച്ചിട്ടില്ലെങ്കിലും, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജയിൽ ആശുപത്രി ബ്ലോക്കിൽ പ്രത്യേക പരിഗണനയോടെ കഴിയുന്ന സഹപ്രവർത്തകനായിരുന്ന ടോമിൻ തച്ചങ്കരിയെ ലക്ഷ്യമിട്ടുള്ളതാണ് ഈ പരിഹാസമെന്ന് വ്യക്തമാണ്.
സർവീസിലിരുന്ന കാലം മുതൽ തന്നെ ഇരുവരും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും ഏറെ പരസ്യമായിരുന്നു. ആ പശ്ചാത്തലത്തിൽ ശ്രീലേഖയുടെ ഈ പുതിയ പ്രതികരണം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.
Content Highlight: I was the one who improved the hospital block; I’m happy if it benefits anyone”: R. Sreelekha mocks Tomin Thachankary.