| Friday, 9th October 2026, 1:04 pm

'പ്രഥമദൃഷ്ട്യാ കുറ്റക്കാരനില്‍ ഞാന്‍ ചെയ്യേണ്ടിയിരുന്നത് സിദ്ധാര്‍ഥിന്റെ റോള്‍: വിനയ് ഫോര്‍ട്ട്

ആര്യ.പി

മോഹിനിയാട്ടം, പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍, ബെത്‌ലഹേം കുടുംബ യൂണിറ്റ് തുടങ്ങി തുടര്‍ച്ചയായ സിനിമകളിലെ ശ്രദ്ധേയമായ പ്രകടനങ്ങളുമായി മലയാള സിനിമയില്‍ സജീവമാണ് വിനയ് ഫോര്‍ട്ട്. കഥാപാത്രങ്ങളുടെ സ്വഭാവത്തിനനുസരിച്ച് അഭിനയത്തില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തുന്ന താരം, സംവിധായകരുടെ കാഴ്ചപ്പാടിനൊപ്പം സ്വന്തം അഭിനയസാധ്യതകള്‍ക്കും പ്രാധാന്യം നല്‍കുന്ന നടന്‍ കൂടിയാണ്.

ഷഹദ് നിലമ്പൂരിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍’ എന്ന ചിത്രത്തില്‍ ആദ്യം താന്‍ ചെയ്യേണ്ടിയിരുന്നത് സിദ്ധാര്‍ഥ് ഭരതന്‍ അവതരിപ്പിച്ച കഥാപാത്രമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് വിനയ് ഫോര്‍ട്ട്. എന്തുകൊണ്ടാണ് ആ റോള്‍ വേണ്ടെന്ന് വെക്കേണ്ടി വന്നതെന്നും ഐ ആം വിത്ത് ധന്യവര്‍മ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വിനയ് പറയുന്നുണ്ട്.

ചിത്രത്തിലെ മെമ്മറി കാര്‍ഡ് രംഗത്ത് താന്‍ നടത്തിയ ചില പ്രകടനങ്ങളെക്കുറിച്ചും സംവിധായകരായ ഷഹദിന്റേയും ഗിരീഷ് എ.ഡിയുടേയും ഷൂട്ടിങ് രീതികളെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.

‘ഷഹദ് എനിക്ക് എന്റെ സഹോദരനെപ്പോലെയാണ്. നമ്മളേക്കാള്‍ പ്രായം കുറഞ്ഞ ആളാണ്. ആദ്യം ഷഹദ് എന്നെ സമീപിച്ചത് സിദ്ധാര്‍ഥ് ചെയ്ത റോളിലേക്കായിരുന്നു. തുടക്കം മുതല്‍ അവസാനം വരെയുള്ള കഥാപാത്രമാണത്. എന്നാല്‍ എനിക്ക് അത്രയും ഡേറ്റുകള്‍ ഉണ്ടായിരുന്നില്ല. പിന്നീട് വീണ്ടും എന്നെ ഈ റോളിലേക്ക് വിളിച്ചു. ‘ചേട്ടാ, ഈ റോള്‍ എങ്കിലും ചെയ്യണം’ എന്ന് പറഞ്ഞു.

അങ്ങനെ ഒരു സംവിധായകന്‍ വീണ്ടും വിളിക്കുമ്പോള്‍ നമുക്ക് അയാളോടുള്ള കമ്മിറ്റ്മെന്റ് ഭയങ്കരമായി കൂടും. എല്ലാ സിനിമകളിലും അങ്ങനെയാണ്. ഗിരീഷ് എ.ഡി ഒരു മാസ്റ്റര്‍ ഫിലിം മേക്കറാണ്, അദ്ദേഹത്തിന്റെ ജോണറില്‍. ഗിരീഷിന്റെ സിനിമ ചെയ്യുമ്പോഴും എനിക്ക് അങ്ങനെയുള്ള അനുഭവമാണ്.

താരതമ്യേന പുതിയ സംവിധായകരുടെയോ വലിയ വിജയങ്ങള്‍ നേടിയിട്ടില്ലാത്ത ഫിലിം മേക്കേഴ്സിന്റെയോ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും വിശ്വാസവും വളരെ പ്രധാനമാണ്. നമ്മളെ കാസ്റ്റ് ചെയ്യുമ്പോള്‍ തന്നെ അതൊരു വിശ്വാസത്തിന്റെ ഭാഗമാണ്. അങ്ങനെയുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാര്യം, എനിക്ക് ലഭിക്കുന്ന ഒരു ഫ്രെയിം പോലും വെറുതെ വിടരുത് എന്നതാണ്. ഒരു നടനെന്ന നിലയില്‍ എനിക്ക് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് പരമാവധി നോക്കും.

എനിക്ക് ലഭിക്കുന്ന ഓരോ അവസരത്തോടും വലിയ നന്ദിയുണ്ട്. ഷഹദിന്റെ സിനിമയില്‍ അഭിനയിക്കുമ്പോഴും എന്റെ കഴിവിന്റെ പരമാവധി ഉപയോഗിക്കാനാണ് ശ്രമിച്ചത്. മെമ്മറി കാര്‍ഡ് സീനില്‍ കണ്ണുരുട്ടുന്നതൊക്കെ ഞാന്‍ സ്വയം ചെയ്തതാണ്. മാലയുടെ കാര്യം പറയുന്ന രംഗത്തൊക്കെ തിയേറ്ററില്‍ ഭയങ്കര ചിരിയാണ്. പക്ഷേ, കഥാപാത്രം അവിടെ ഭയങ്കര സീരിയസാണ്.

ഗിരീഷിന്റെ രീതിയിലേക്ക് വന്നാല്‍, അദ്ദേഹം എല്ലാം കൃത്യമായി പ്ലാന്‍ ചെയ്തിട്ടുള്ള സംവിധായകനാണ്. ഒരു നടന്‍ ഡയലോഗ് പറയുമ്പോള്‍ അത് എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്നും എങ്ങനെ ചെയ്താലാണ് വര്‍ക്ക് ചെയ്യുകയെന്നും ഗിരീഷിന് കൃത്യമായി അറിയാം. അതിനനുസരിച്ചുള്ള നിര്‍ദേശങ്ങളും അദ്ദേഹം നല്‍കും.

എല്ലാവരും സംവിധായകന്റെ വിഷനാണ് മുന്നോട്ടുകൊണ്ടുപോകേണ്ടത്. ഗിരീഷ് ഉദ്ദേശിക്കുന്ന രീതിയിലാണ് ഞാന്‍ അവിടെ പെര്‍ഫോം ചെയ്യുക. എന്നാല്‍ ഷഹദിന്റെ രീതി കുറച്ചുകൂടി വ്യത്യസ്തമാണ്. ”നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ പെര്‍ഫോം ചെയ്‌തോളൂ, ഞാന്‍ നിങ്ങളെ വിശ്വസിക്കുന്നു” എന്ന തരത്തിലുള്ള സമീപനമാണ് അദ്ദേഹത്തിന്റേത്. നമുക്ക് പൂര്‍ണമായ സ്വാതന്ത്ര്യം നല്‍കുകയും നമ്മളെ വിശ്വസിക്കുകയും ചെയ്യുന്ന സംവിധായകനാണ് ഷഹദ്’, വിനയ് ഫോര്‍ട്ട് പറഞ്ഞു.

Content Highlight: ‘I Was Originally Supposed to Play Siddharth’s Role in Prathama Drishtya Kuttakkaran’: Vinay Forrt

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more