| Saturday, 20th September 2025, 6:00 pm

മനോരഥത്തിലെ കഥാപാത്രം എനിക്ക് തൃപ്തികരമായിരുന്നില്ല; കുറച്ച് കൂടി നന്നാക്കാമായിരുന്നെന്ന് തോന്നി: സുരഭി ലക്ഷ്മി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടെലിവിഷന്‍ രംഗത്തിലൂടെ സിനിമയിലേക്കെത്തിയ നടിയാണ് സുരഭി ലക്ഷ്മി. ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധേയയായ സുരഭി 2017ല്‍ മിന്നാമിനുങ്ങിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളായി മാറിയ അജയന്റെ രണ്ടാം മോഷണം, റൈഫിള്‍ ക്ലബ്ബ് എന്നീ സിനിമകളില്‍ മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനും സുരഭിക്ക് സാധിച്ചു. ഇപ്പോള്‍ തനിക്ക് കിട്ടുന്ന പ്രായമേറിയ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് നടി. എ.ആര്‍.എമ്മിലും മനോരഥങ്ങളിലും പ്രായക്കൂടുതലുള്ള കഥാപാത്രമായാണ് സുരഭി അഭിനയിച്ചത്.

മനോരഥങ്ങളിലെ വൃദ്ധകഥാപാത്രം ചെയ്യുന്നത് രണ്ട് വര്‍ഷം മുന്‍പാണ്. റിലീസായത് അടുത്തയിടെ ആയിരുന്നു എന്നുമാത്രം. എ.ആര്‍. എമ്മില്‍ മാണിക്യത്തിന്റെ വാര്‍ധക്യവും ചെയ്തു. മാണിക്യത്തിന്റെ വാര്‍ധക്യകാലം ഒഴിവാക്കാന്‍ വയ്യാത്ത ആവശ്യമായിരുന്നു,’ സുരഭി പറയുന്നു.

പ്രായക്കൂടുതലുള്ള കഥാപാത്രം ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി മേക്കപ്പാണെന്നും പ്രായക്കൂടുതല്‍ തോന്നിക്കാന്‍ ചെയ്യുന്ന മേക്കപ്പ് എസി ഇല്ലാത്ത സാഹചര്യത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ പ്രയാസമാണെന്നും സുരഭി ലക്ഷ്മി പറയുന്നു.

എ. ആര്‍. എമ്മിലെ വാര്‍ധക്യ സീന്‍ ഔട്ട് ഡോറായിരുന്നതിനാല്‍ വളരെ പ്രയാസപ്പെട്ടാണത് ചിത്രീകരിച്ചതെന്നും പുറത്തെ ചൂടില്‍ മേക്കപ് വരണ്ട് ഇളകിവരുമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മകളായി അഭിനയിക്കുന്നത് തന്നെക്കാള്‍ പ്രായമുള്ള രോഹിണിയായതുകൊണ്ട് ഒന്നിച്ചുള്ള സീനില്‍ പ്രായ വ്യത്യാസം അറിയാതിരിക്കാന്‍ ലോങ് ഷോട്ടിലാണ് ചി ത്രീകരിച്ചതെന്നും സുരഭി കൂട്ടിച്ചേര്‍ത്തു.

എം.ടിയുടെ കഥ, പ്രിയദര്‍ശന്റെ സംവിധാനം തുടങ്ങിയ ഘടകങ്ങള്‍ കൊണ്ടാണ് മനോരഥങ്ങള്‍ ചെയ്യാന്‍ തിരുമാനിച്ചതെന്നും ഏറെ അഭിനന്ദനം കിട്ടിയെങ്കിലും ബിപാത്തു എന്ന കഥാപാത്രം തനിക്ക് തൃപ്തികരമായില്ലെന്നും സുരഭി പറയുന്നു. കുറച്ചു കൂടി നന്നാക്കണമായിരുന്നു എന്നാണ് തനിക്ക് തോന്നിയതെന്നും തന്റെ പ്രായത്തിലുള്ളതോ അതിനെക്കാള്‍ അഞ്ചോ പത്തോ വയസ് കൂടുതലോ കുറവോ ഉള്ളതോ ആയ കഥാപാത്രങ്ങള്‍ ചെയ്യാനാണ് താത്പര്യമെന്നും നടി പറഞ്ഞു.

അതിലും കൂടുതല്‍ പ്രായമുള്ള കഥാപാത്രങ്ങള്‍ വന്നാല്‍ ആലോചിച്ചേ തീരുമാനമെടുക്കൂവെന്നും അത്തരം റോളുകളില്‍ കുടുങ്ങാന്‍ താത്പര്യമില്ലെന്നും നടി പറഞ്ഞു.

Content Highlight: I was not satisfied with the character in Manorathangal says Surabhi Lakshmi

We use cookies to give you the best possible experience. Learn more