ദല്‍ഹി പൊലീസ് തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നില്ല തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തതെന്ന് ആക്ടിവിസ്റ്റും യൂട്യൂബറുമായ ധ്രുവ് റാഠി. പൊലീസ് തടങ്കലില്‍ നിന്ന് പുറത്ത് വന്നശേഷം തന്റെ അനുഭവങ്ങള്‍ വ്യക്തമാക്കി യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിലാണ് റാഠി ഈ കാര്യം വ്യക്തമാക്കിയത്.
രാജ്യത്തെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി അടക്കമാവശ്യപ്പെട്ട് ദല്‍ഹി ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത് തടയാന്‍ വേണ്ടി യൂട്യൂബര്‍ ധ്രുവ് റാഠിയെ ദല്‍ഹി പൊലീസ് ഇന്നലെ (ഒക്ടോബര്‍ 10, ശനി) തടങ്കലിലാക്കായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം ഇന്ന് പുലര്‍ച്ചെയോടെ അദ്ദേഹത്തെ വിട്ടയച്ചു. ഇതിന് പിന്നാലെയാണ് ധ്രുവ് യൂട്യൂബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തത്.
സുഹൃത്തുക്കളെ, നമസ്‌കാരം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ നല്‍കിയ സ്‌നേഹത്തിനും ആശംസകള്‍ക്കും ഒത്തിരി നന്ദി. ആദ്യം തന്നെ ഒരു കാര്യം വ്യക്തമാക്കട്ടെ. ഇതാ എന്റെ പാസ്പോര്‍ട്ട്. ഞാനൊരു ഇന്ത്യന്‍ പൗരനാണ്. അന്നും ഇന്നും ഞാന്‍ ഇന്ത്യന്‍ പൗരന്‍ തന്നെയാണ്.
എന്നെ കസ്റ്റഡിയിലെടുത്തതിനെയും അറസ്റ്റിനെയും ന്യായീകരിക്കാന്‍ ഞാന്‍ വിദേശ പാസ്പോര്‍ട്ട് ഉടമയാണെും അതിനാല്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്നും അവകാശപ്പെട്ട് ‘ഗോഡി മീഡിയ’ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ തികച്ചും നുണയാണ്. ഞാനൊരു ഇന്ത്യന്‍ പൗരനാണ്, ഏതൊരു സാധാരണ പൗരനുമുള്ള അവകാശങ്ങള്‍ എനിക്കുമുണ്ട്.
രണ്ടാമതായി, ഇന്നലെ എനിക്ക് എന്താണ് സംഭവിച്ചതെന്ന് പറയാം. ഒക്ടോബര്‍ പത്തിന് രാവിലെ ഏഴ് മണിയോടെ ഞാന്‍ എന്റെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്നു. പുറത്ത് ആളുകളുടെ അനക്കം കേട്ടപ്പോള്‍ അമ്മ എഴുന്നേറ്റ് വാതില്‍ തുറന്നു.
പൊലീസുകാരായിരുന്നില്ല അവര്‍, മറിച്ച് സാധാരണ വസ്ത്രം ധരിച്ചവരായിരുന്നു. പെട്ടെന്ന്, ഏകദേശം 20 പേരടങ്ങുന്ന ഒരു സംഘം അമ്മയെ തള്ളിമാറ്റി വീട്ടിലേക്ക് ഇരച്ചുകയറി. അവര്‍ അകത്തേക്ക് ഓടിക്കയറി വീടിന്റെ വിവിധ ഭാഗങ്ങളിലേക്ക് കടക്കുകയും നേരെ എന്റെ കിടപ്പുമുറിയിലേക്ക് വരികയും ചെയ്തപ്പോള്‍ അമ്മ നിലവിളിച്ചു.
ഞാന്‍ അപ്പോഴും ഉണര്‍ന്നിരുന്നില്ല. കിടപ്പുമുറിയുടെ വാതില്‍ തുറന്നപ്പോഴാണ് ഞാന്‍ ഒന്ന് അനങ്ങിയത്. എന്താണ് സംഭവിക്കുന്നതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
ഇത്രയധികം ആളുകള്‍ എങ്ങനെ പെട്ടെന്ന് എന്റെ കിടപ്പുമുറിയില്‍ എത്തി? എനിക്ക് പ്രതികരിക്കാന്‍ പോലും അവസരം ലഭിക്കുന്നതിന് മുന്‍പ് അവര്‍ എന്നെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
‘തട്ടിക്കൊണ്ടു പോകല്‍’ (കിഡ്‌നാപ്പിങ്) എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുന്നത് അതൊരു അറസ്റ്റോ കസ്റ്റഡിയിലാക്കലോ ആയിരുന്നില്ല എന്നതുകൊണ്ടാണ്.
ഒരു പ്രതിഷേധ സ്ഥലത്ത് പോകുമ്പോള്‍ പൊലീസ് എന്നെ കസ്റ്റഡിയിലെടുത്തിരുന്നെങ്കില്‍ അതൊരു കസ്റ്റഡിയിലാക്കല്‍ ആകുമായിരുന്നു. അത് വേറൊരു കാര്യമാണ്.
ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വന്ന്, യൂണിഫോമും നെയിംപ്ലേറ്റും കാണിച്ച്, ഏത് നിയമപ്രകാരമാണ് അറസ്റ്റ് ചെയ്യുന്നതെന്ന് അറിയിച്ച് സ്റ്റേഷനിലേക്ക് വരാന്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ അതൊരു അറസ്റ്റ് ആകുമായിരുന്നു. അപ്പോള്‍ ഞാന്‍ സന്തോഷത്തോടെ കൂടെപ്പോയേനെ. എന്നാല്‍ അതൊന്നും സംഭവിച്ചില്ല.
ഉറങ്ങിക്കിടക്കുമ്പോള്‍ വീട്ടില്‍ നിന്ന് എന്നെ തട്ടിക്കൊണ്ടുപോകാന്‍ അവര്‍ ഗുണ്ടകളെയാണ് അയച്ചത്. ആ സമയത്ത് വീട്ടില്‍ എന്റെ അച്ഛനും അമ്മയും അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ല. ഞങ്ങള്‍ മൂന്നുപേര്‍ മാത്രമായിരുന്നു വീട്ടില്‍. എന്റെ മാതാപിതാക്കളും ഞാനും.
പിന്നീട് ഞാന്‍ അറിഞ്ഞത്, പുറത്ത് അന്‍പതിലേറെ ഗുണ്ടകള്‍നില്‍പ്പുണ്ടായിരുന്നു എന്നാണ്. അവരെ പൊലീസെന്നോ ഏതെങ്കിലും ഏജന്‍സിയുടെ പ്രതിനിധികളെന്നോ എന്തുവേണമെങ്കിലും വിളിക്കാം.
അവര്‍ അകത്തേക്ക് കടന്നുവന്നപ്പോള്‍ ഞാന്‍ ഉണര്‍ന്നു. സ്വാഭാവികമായും ആരാണ് അവരെന്നും എന്താണ് സംഭവിക്കുന്നതെന്നും ഞാന്‍ ചോദിച്ചു. പക്ഷേ സംസാരിക്കാന്‍ അവര്‍ എനിക്ക് അവസരം നല്‍കിയില്ല.
ഒരു കുറ്റവാളിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്നതു പോലെ അവര്‍ എന്നെ കിടപ്പുമുറിയില്‍ നിന്ന് പുറത്തേക്കെത്തിച്ച് പടികളിലൂടെ താഴേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി. എനിക്ക് പരിക്കേറ്റു. ശരീരം മുഴുവന്‍ ചതവുകളുണ്ട്. ചെരിപ്പ് ധരിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ല.
കിടക്കയില്‍ നിന്ന് എഴുന്നേറ്റ അവസ്ഥയില്‍ തന്നെ എന്നെ പിടിച്ച് ജീപ്പില്‍ അടച്ചിട്ട് അതിവേഗം കൊണ്ടുപോയി. ആദ്യം ഒരു പോലീസ് സ്റ്റേഷനിലേക്ക്, പിന്നെ മറ്റൊരു സ്റ്റേഷനിലേക്ക്.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളൊന്നും ലഭ്യമല്ല. കാരണം എന്നെ കസ്റ്റഡിയിലെടുക്കുമ്പോള്‍ എന്റെ ഫോണ്‍ എന്റെ തൊട്ടടുത്ത് തന്നെയായിരുന്നു. അവര്‍ അത് ഉടന്‍ തന്നെ പിടിച്ചെടുത്തു. എന്റെ മാതാപിതാക്കളുടെ ഫോണുകളും അവര്‍ കൊണ്ടുപോയി.
പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഞാന്‍ അഭിഭാഷകനെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അഭിഭാഷകനെ കാണാനോ ഫോണ്‍ ഉപയോഗിക്കാനോ അനുവദിക്കില്ലെന്ന് പറഞ്ഞ് അവര്‍ അത് നിരസിച്ചു.
ഏകദേശം 22-ഓ 23-ഓ മണിക്കൂര്‍ അവര്‍ എന്നെ അവിടെ തടഞ്ഞുവെച്ചു. ‘ഇതൊരു അറസ്റ്റോ തടങ്കലോ അല്ല, വിഷമിക്കേണ്ട, നിങ്ങളെ വിട്ടയക്കും’ എന്ന് അവര്‍ ആവര്‍ത്തിച്ചു പറഞ്ഞു.
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ‘തട്ടിക്കൊണ്ടുപോയി’ എന്ന വാക്ക് തന്നെ ഞാന്‍ ഉപയോഗിക്കും. ഫോണ്‍ ഉപയോഗിക്കാനോ അഭിഭാഷകനെ വിളിക്കാനോ അനുവദിക്കാതെ അവര്‍ എന്നെ ആ 22-23 മണിക്കൂര്‍ നേരത്തേക്ക് തട്ടിക്കൊണ്ടുപോവുകയായിരുന്നു.
നിങ്ങളോട് എനിക്കൊരു ചോദ്യം ചോദിക്കാനുണ്ട്. ഏതെങ്കിലും ജനാധിപത്യ രാജ്യത്ത് ഇങ്ങനെ സംഭവിക്കുന്നത് നിങ്ങള്‍ കേട്ടിട്ടുണ്ടോ?
നിയമമൊന്നും ലംഘിക്കാത്ത, സത്യത്തിനും രാജ്യതാല്‍പ്പര്യത്തിനും വേണ്ടി ശബ്ദമുയര്‍ത്തുകയോ മികച്ചൊരു തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണമെന്ന് ആവശ്യപ്പെടുകയോ ചെയ്ത ഒരു സാധാരണ പൗരനെ കിടപ്പുമുറിയില്‍ നിന്ന് വലിച്ചിഴച്ച് തട്ടിക്കൊണ്ടുപോകുന്ന അവസ്ഥയെക്കുറിച്ച് കേട്ടിട്ടുണ്ടോ?
മാതാപിതാക്കളെ കൈയേറ്റം ചെയ്യുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്ത ശേഷം ആ വ്യക്തിയെ ഇത്തരത്തില്‍ കൊണ്ടുപോകുന്നു.
ഒരു ജനാധിപത്യ രാജ്യത്ത് ഇതൊന്നും സംഭവിക്കില്ല. നരേന്ദ്ര മോദി ഈ രാജ്യത്തെ ഒരു ഏകാധിപത്യ ഭരണകൂടമാക്കി മാറ്റിയിരിക്കുന്നു. ഇതൊരു അനൗദ്യോഗിക അടിയന്തരാവസ്ഥയ്ക്ക് തുല്യമാണ്. അഭിജിത്ത്, സൗരവ് ദാസ്, അശുതോഷ് എന്നിവരെയും സമാനമായ രീതിയില്‍ തടവില്‍ വെച്ചതായി പിന്നീട് ഞാന്‍ അറിഞ്ഞു. ചിലരെ വിമാനയാത്രയ്ക്കിടയിലാണ് പിടികൂടിയത്. 7,000-ത്തിലധികം ആളുകളെ തടവില്‍ വെച്ചു. എല്ലാ രാഷ്ട്രീയ നേതാക്കളെയും തടവിലാക്കി.
അടിയന്തരാവസ്ഥാ കാലത്തും ഉത്തരകൊറിയയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ അവ നമ്മുടെ രാജ്യത്തും സംഭവിക്കുന്നു.
സുഹൃത്തുക്കളേ, നിങ്ങളിതിനെക്കുറിച്ച് ചിന്തിക്കണം. ശബ്ദമുയര്‍ത്താന്‍ പോലും അവസരമില്ലാത്ത ഒരു രാജ്യമാണോ നിങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നത്?
ഇതില്‍ ആഹ്ലാദിച്ചവരും എന്നെ ഇഷ്ടപ്പെടാത്തവരും എനിക്കിത് സംഭവിച്ചതില്‍ സന്തോഷിച്ചവരും ഒന്ന് ചിന്തിച്ചു നോക്കണം. ഒരു ഏകാധിപത്യം പിടിമുറുക്കുമ്പോള്‍ ഓര്‍ക്കുക, എനിക്കിത് സംഭവിക്കാമെങ്കില്‍ നിങ്ങള്‍ക്കും ഇത് സംഭവിക്കാം. അതൊന്ന് ആലോചിച്ചുനോക്കൂ.
തല്‍ക്കാലം ഞാന്‍ സുരക്ഷിതനും ആരോഗ്യവാനുമാണ്. എന്നാല്‍ എന്നെ നിരീക്ഷിക്കാനും എന്റെ ഓരോ നീക്കവും ശ്രദ്ധിക്കാനും, വീടിനു പുറത്തിറങ്ങാന്‍ കഴിയാത്തവിധം ചുറ്റും കുറഞ്ഞത് 15 പേരെ അവര്‍ വിന്യസിച്ചിട്ടുണ്ട്. ഫലത്തില്‍ അവര്‍ എന്നെ അനൗദ്യോഗികമായ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്.
നരേന്ദ്ര മോദിയോട് എനിക്കൊന്നു പറയാനുണ്ട്. ജനങ്ങളെ ഭയപ്പെടുത്തി, ഒടുവില്‍ ആ ഭയം തന്നെ ഇല്ലാതാകുന്ന അവസ്ഥയിലേക്ക് അവരെ തള്ളിവിടരുത്. എത്രകാലം നിങ്ങള്‍ ജനങ്ങളെ അടിച്ചമര്‍ത്തും?
നിങ്ങള്‍ അവരെ എത്രത്തോളം അടിച്ചമര്‍ത്തുന്നുവോ, അത്രത്തോളം ശക്തവും ഉച്ചത്തിലുമായിരിക്കും അവരുടെ ശബ്ദം. ചരിത്രത്തിലേക്ക് ഒന്നു നോക്കൂ. ഹിറ്റ്ലറെയും മുസ്സോളിനിയെയും പോലെ ഏകാധിപതികളാകാന്‍ ശ്രമിച്ചവരുടെ അവസാനം എങ്ങനെയായിരുന്നു എന്ന് പരിശോധിക്കൂ.
ഏകാധിപതിയുടെ അന്ത്യം ഒരിക്കലും നല്ലതായിരിക്കില്ല എന്ന കാര്യം ഓര്‍ക്കുക. അതിനാല്‍, തല്‍ക്കാലം എല്ലാവര്‍ക്കും നന്ദിസോനം വാങ്ചുക്കിനും നന്ദി, കാരണം ഒരു ദിവസത്തിനുള്ളില്‍ ഞങ്ങളെ മോചിപ്പിച്ചില്ലെങ്കില്‍ നിരാഹാര സമരം നടത്തുമെന്ന് അദ്ദേഹവും മുന്നറിയിപ്പ് നല്‍കി. നിങ്ങളോരോരുത്തരോടും ഞാന്‍ നന്ദി പറയുന്നു. എന്റെ ശബ്ദം അടിച്ചമര്‍ത്താന്‍ എത്ര ശ്രമങ്ങള്‍ ഉണ്ടായാലും, രാജ്യത്തിനുവേണ്ടി ഞാന്‍ ഇനിയും ഇതേപോലെ ശബ്ദമുയര്‍ത്തുന്നത് തുടരും. ജയ് ഹിന്ദ്, വന്ദേ മാതരം.
Content Highlight: I was not arrested, I was KIDNAPPED!: Dhruv Rathee