| Thursday, 1st October 2026, 3:42 pm

വേട്ടൈക്കാരനില്‍ അച്ഛനൊപ്പം അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്; അന്നില്ലാത്ത പേടി ഇന്നുണ്ട്: ജേസണ്‍ സഞ്ജയ്

അനുപമ കെ. സീത

തമിഴ്നാട് മുഖ്യമന്ത്രി വിജയ് തന്റെ അരങ്ങ് ഒഴിഞ്ഞതിനു ശേഷമാണ് മകന്‍ ജേസണ്‍ സഞ്ജയ് സിനിമയിലേക്കുള്ള തന്റെ വരവിനു തുടക്കമിടുന്നത്. ബാലതാരമായി വിജയ്‌യ്‌ക്കൊപ്പം ‘വേട്ടൈക്കാരന്‍’ സിനിമയില്‍ ‘നാന്‍ അടിച്ചാ താങ്കമാട്ടെ ‘ എന്ന പാട്ട് സീനില്‍ ജേസണ്‍ സഞ്ജയ് അഭിനയിച്ചിട്ടുണ്ട്. ആ ഗാനരംഗം അന്ന് വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

വേട്ടൈക്കാരനില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് ഒന്‍പത് വയസ്സായിരുന്നെന്നും അന്ന് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല എന്നും പറയുകയാണ് ജേസണ്‍. അന്നില്ലാത്ത പേടി തനിക്ക് ഇന്നുണ്ടെന്നും ജേസണ്‍ പറഞ്ഞു. തന്റെ ആദ്യ സിനിമ ‘സിഗ്മ’യുമായി ബന്ധപ്പെട്ട് പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

‘വേട്ടൈക്കാരന്‍ സിനിമ അഭിനയിക്കുമ്പോള്‍ എനിക്ക് ഒന്‍പത് വയസ്സായിരുന്നു. അന്ന് ചെറുതായതുകൊണ്ട് അഭിനയിക്കാന്‍ പേടിയുണ്ടായിരുന്നില്ല. ഇന്നാണെങ്കില്‍ എനിക്ക് പേടിയാകുമായിരുന്നു. അന്ന് സെറ്റുമായിട്ട് വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു,’ ജേസണ്‍ പറഞ്ഞു.

സിനിമ ഇറങ്ങിയതിനു ശേഷം സുഹൃത്തുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് പേടിച്ചിട്ട് ക്ലാസില്‍ പോയില്ലെന്നും ഇപ്പോഴും സുഹൃത്തുക്കള്‍ക്കിടയില്‍ അത് തമാശവിഷയമാണെന്നും ജേസണ്‍ പറയുന്നു.

‘അന്ന് സിനിമ ഇറങ്ങിയതിനു ശേഷം രണ്ടോ മൂന്നോ ദിവസം ക്ലാസില്‍ പോയില്ല. സുഹൃത്തുക്കള്‍ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതുകൊണ്ടാണ് പോവാതിരുന്നത്. ഇപ്പോഴും സുഹൃത്തുക്കള്‍ ആയിട്ട് ഒരുമിച്ചിരിക്കുമ്പോള്‍ ആ പാട്ട് വച്ച് എന്നെ കളിയാക്കാറുണ്ട് ‘ ജേസണ്‍ കൂട്ടിച്ചേര്‍ത്തു.

‘സിഗ്മ’ ഒരു ആക്ഷന്‍ ചിത്രം എന്നതിലുപരി അഡ്വഞ്ചര്‍ ഹീസ്റ്റ് ചിത്രമാണ്. ചിത്രത്തില്‍ സന്ദീപ് കിഷന്‍ നായിഡു നായക വേഷത്തിലെത്തുമ്പോള്‍ ഫരിയ അബ്ദുള്ള നായിക വേഷത്തിലെത്തുന്നു. സമ്പത്ത് രാജ് , ഷീല രാജ്കുമാര്‍ , ശിവ് പണ്ഡിറ്റ് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സൗത്ത് ഇന്ത്യയിലെ പ്രശസ്തനായ സംഗീത സംവിധായകന്‍ എസ് തമനാണ്. ഒക്ടോബര്‍ രണ്ടിന് തീയേറ്ററിലെത്തുന്ന ചിത്രം നിര്‍മ്മാണ-വിതരണ കമ്പനി ആയ ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more