ബെംഗളൂരു: കര്‍ണാടകയുടെ മുഖ്യമന്ത്രി പദവിയില്‍ നിന്നും കാലാവധി തീരാതെ പടിയിറങ്ങില്ലെന്ന് വ്യക്തമാക്കി സിദ്ധരാമയ്യ.
രണ്ടര വര്‍ഷം മാത്രമെ ഭരിക്കുകയുള്ളൂവെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അധികാരം പങ്കിടല്‍ കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
‘രണ്ടര വര്‍ഷം മാത്രമേ ഭരിക്കുകയുള്ളൂവെന്ന് ഞാന്‍ എവിടേയും പറഞ്ഞിട്ടില്ല. ഞാന്‍ ഒരിക്കല്‍ അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയാണ്. ഹൈക്കമാന്‍ഡ് എനിക്ക് അനുകൂലമാണ്. എന്തെങ്കിലും ഉത്തരവ് ഹൈക്കമാന്‍ഡ് പറയുന്നതുവരെ ഈ സ്ഥാനത്ത് തുടരും,’ സിദ്ധരാമയ്യ കര്‍ണാടക നിയമസഭയില്‍ പറഞ്ഞു.
വടക്കന്‍ കര്‍ണാടകയ്ക്കായി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുമോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രതികരിക്കവെയായിരുന്നു സിദ്ധരാമയ്യയുടെ വാക്കുകള്‍.
ജനങ്ങളുടെ വിധി അനുസരിച്ചാണ് കോണ്‍ഗ്രസ് അധികാരത്തിലേറിയത്. തന്റെ പാര്‍ട്ടിയിലെ എം.എല്‍.എമാരാണ് തന്നെ നേതാവായി തെരഞ്ഞെടുത്തത്.
അതിന് ഹൈക്കമാഡിന്റെ സമ്മതവുമുണ്ടായിരുന്നു. അഞ്ച് വര്‍ഷമെന്നോ രണ്ട് വര്‍ഷമെന്നോ നിബന്ധനകളൊന്നുമില്ലായിരുന്നെന്നും അദ്ദേഹം പ്രതിപക്ഷ നേതാവായ ആര്‍. അശോകന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയില്‍ പറഞ്ഞു.
ഈ വര്‍ഷം നവംബര്‍ 20ന് മുഖ്യമന്ത്രി സ്ഥാനത്ത് രണ്ടര വര്‍ഷം തികച്ചതോടെ സിദ്ധരാമയ്യ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനായി കസേര ഒഴിഞ്ഞുകൊടുക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഇരുവരും തമ്മില്‍ അധികാരത്തര്‍ക്കവും രൂക്ഷമായിരുന്നു.
തുടര്‍ന്ന് ഹൈക്കമാന്‍ഡ് നിരവധി തവണ ചര്‍ച്ച നടത്തിയതോടെയാണ് തര്‍ക്കങ്ങള്‍ക്ക് താത്ക്കാലിക ആശ്വാസമായിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് തര്‍ക്കങ്ങള്‍ അവസാനിപ്പിച്ചതെന്നാണ് സൂചന.
ഇതിനിടെ ഇരുവരും സ്വന്തം വസതികളില്‍ ബ്രേക്ക്ഫാസ്റ്റ് മീറ്റുകളും നടത്തി തര്‍ക്കങ്ങളില്ലെന്ന് തെളിയിക്കാന്‍ ശ്രമിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞദിവസം സിദ്ധരാമയ്യ തന്റെ വിശ്വസ്ത മന്ത്രിമാരായ ജി. പരമേശ്വര, എച്ച്.സി. മഹാദേവപ്പ, എം.സി. സുധാകര്‍ തുടങ്ങിയവര്‍ക്കൊപ്പം അത്താഴ വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇതോടെ വീണ്ടും വിഭാഗീയത സംബന്ധിച്ച ചര്‍ച്ചകള്‍ ഉയരുകയും ചെയ്തു.
Content Highlight: I was never said anywhere that it would be two and a half years; I was elected for five years: Siddaramaiah