നിവിൻ പോളിയുടെ ജേക്കബിന്റെ സ്വർഗരാജ്യം എന്ന ചിത്രത്തിലൂടെ സിനിമാമേഖലയിലേക്ക് കടന്നുവന്ന നടിയാണ് റേബ ജോൺ. പിന്നെ കാണുന്നത് ഭാഷയുടെ അതിർവരമ്പും കടന്ന് തമിഴിലേക്കും തെലുങ്കിലേക്കും സഞ്ചരിച്ചു.
കൂലി, ബിഗിൽ എന്നിങ്ങനെ സൂപ്പർ താരങ്ങളുടെ കൂടെ സ്‌ക്രീൻ പങ്കിടാൻ റേബക്ക് സാധിച്ചു. ഇപ്പോൾ പ്രേമത്തിലെ സെലിൻ എന്ന ക്യാരക്ടർ താൻ ചെയ്യാനിരുന്നതാണെന്ന് റേബ പറയുന്നു.
‘പ്രേമത്തിലെ സെലിൻ ആയി എന്നെ കാസ്റ്റ് ചെയ്തിരുന്നു. പപ്പ സുഖമില്ലാതെ ആശുപത്രിയിലായിരുന്നതുകൊണ്ട് അതുപേക്ഷിക്കേണ്ടി വന്നു.
കരിയറിനേക്കാൾ എനിക്ക് പ്രധാനം പപ്പയായിരുന്നു. സിനിമ കണ്ടപ്പോൾ മഡോണ ആ കഥാപാത്രം മനോഹരമായി ചെയ്തിരിക്കുന്നല്ലോ എന്ന സന്തോഷം തോന്നി.
ജയിലറിലെ അവസരം വേണ്ടെന്നുവച്ചപ്പോൾ തലൈവർക്കൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായല്ലോ എന്നോർത്തായിരുന്നു സങ്കടം. പിന്നീട് കൂലിയിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ചപ്പോൾ സന്തോഷമായി,’ റേബ ജോൺ പറയുന്നു.
അവസരങ്ങൾ ചോദിച്ചുവാങ്ങിക്കാൻ തനിക്കൊരു മടിയുമില്ലെന്നും കഥാപാത്രത്തിന് നമ്മളെയല്ല, നമുക്ക് കഥാപാത്രത്തെയാണ് ആവശ്യമെന്നും നടി കൂട്ടിച്ചേർത്തു.
അറ്റ്‌ലി ഒരു സ്ത്രീപക്ഷ സിനിമ ചെയ്യുന്നു, വിജയ് ആണ് നായകൻ എന്ന് താനറിഞ്ഞുവെന്നും എങ്ങനെ സിനിമയുടെ ഭാഗമാകാം എന്നതായിരുന്നു പിന്നത്തെ ചിന്തയെന്നും റേബ പറയുന്നു.
അങ്ങനെ താൻ അറ്റ്‌ലിക്ക് ഇൻസ്റ്റഗ്രാമിൽ മെസേജ് അയച്ചുവെന്നും രണ്ട് ദിവസത്തിന് ശേഷം അറ്റ്‌ലിയുടെ മാനേജർ തന്നെ വിളിച്ചുവെന്നും അവർ പറഞ്ഞു.
തന്നെ നേരിൽ കണ്ടപ്പോൾ അറ്റ്‌ലി ആദ്യം പറഞ്ഞത് തന്റെ ശ്രമം ഇഷ്ടമായി എന്നാണെന്നും സിനിമയുടെ ആദ്യ ഘട്ട ചർച്ചകളിൽ തന്റെ പേര് അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നെന്നും എന്നാൽ പിന്നീട് വിട്ടുപോയതാണെന്നും റേബ ജോൺ കൂട്ടിച്ചേർത്തു.
അവസരം ചോദിക്കുന്നതിൽ തെറ്റില്ലെന്ന് പഠിപ്പിച്ച നിമിഷമായിരുന്നു അതെന്നും നടി കൂട്ടിച്ചേർത്തു.
Content Highligh: I was cast as Celin in the movie Premam; but i couldn’t do that says Reba Monica John