| Tuesday, 18th August 2026, 4:14 pm

ഞാന്‍ എം.എല്‍.എ ആകുമ്പോൾ അമിത് ഷാ ജനിച്ചിട്ട് പോലുമില്ല, എന്നെ അയാള്‍ ദേശസ്‌നേഹം പഠിപ്പിക്കേണ്ട: ഖാർഗെ

കെ.എസ് ഷാബിന

പനാജി: ബി.ജെ.പിക്കും ആർ.എസ്.എസിനുമെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സൗത്ത് ഗോവയിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കവേ, രാജ്യത്തിന്റെ സ്വാതന്ത്ര്യസമരത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും ഒരു പങ്കുമില്ലെന്ന് അദ്ദേഹം ആരോപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും ഗോവയിലെ ബി.ജെ.പി സർക്കാരിനെയും അദ്ദേഹം ശക്തമായ ഭാഷയിൽ വിമർശിച്ചു.

താൻ ആദ്യമായി എം.എൽ.എയാകുമ്പോൾ അമിത് ഷാ ജനിച്ചിട്ടുപോലുമില്ലായിരുന്നുവെന്ന് ഖാർഗെ പറഞ്ഞു. 56 വർഷത്തെ നീണ്ട രാഷ്ട്രീയ പാരമ്പര്യമുള്ള താൻ, ഒമ്പത് തവണ എം.എൽ.എയും നാല് തവണ ലോക്സഭാംഗവും രണ്ട് തവണ രാജ്യസഭാംഗവുമായിട്ടുണ്ട്. ചെറുപ്പത്തിൽ വീട് കത്തിനശിച്ചതും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതുമുൾപ്പെടെയുള്ള വലിയ പ്രതിസന്ധികൾ നേരിട്ടാണ് ഇവിടെ വരെയെത്തിയതെന്നും, തന്റെ രാഷ്ട്രീയ വളർച്ചയ്ക്ക് കോൺഗ്രസ് പാർട്ടിയോടാണ് കടപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാ ഗാന്ധിയും ജവഹർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള നേതാക്കൾ രാജ്യത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. നെഹ്‌റു 14 വർഷത്തോളം ജയിൽവാസം അനുഭവിച്ചു. എന്നാൽ ബി.ജെ.പിയും ആർ.എസ്.എസും സ്വാതന്ത്ര്യസമരത്തിൽ യാതൊരു സംഭാവനയും നൽകിയിട്ടില്ലെന്നും അവകാശവാദങ്ങൾ ഉന്നയിക്കാൻ അവർക്ക് യോഗ്യതയില്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

‘ഈ രാജ്യത്തിനുവേണ്ടി മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവും നൽകിയത്ര സംഭാവനകൾ വേറെ ആരും നൽകിയിട്ടില്ല. 14 വർഷമാണ് നെഹ്‌റു ജയിലിൽ കിടന്നത്. മഹാത്മാഗാന്ധി തന്റെ ജീവിതം മുഴുവൻ മാറ്റിവെച്ചാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പൊരുതിയത്.

അപ്പോൾ ഞങ്ങൾ ദേശസ്നേഹികൾ അല്ലെന്നാണോ? യഥാർത്ഥത്തിൽ നിങ്ങളാണ് ദേശസ്നേഹികൾ അല്ലാത്തത്. നിങ്ങൾ ദേശസ്നേഹികളാണെങ്കിൽ ഒന്നിച്ച് നിൽക്കാനല്ലേ പറയേണ്ടത്? എല്ലാവരെയും കൂട്ടിച്ചെർത്തു പോകാനല്ലേ പറയേണ്ടത്? മതേതരത്വത്തെക്കുറിച്ചല്ലേ സംസാരിക്കേണ്ടത്.

‘നിങ്ങൾ മതവിരുദ്ധരാണ്. കാരണം, എന്നെപ്പോലെ ഒരാൾ ഉത്തരാഖണ്ഡിൽ പോയി ലക്ഷക്കണക്കിന് ആളുകളുടെ മുന്നിൽ സംസാരിച്ചുകഴിഞ്ഞ്, രണ്ടു ദിവസം കഴിയുമ്പോൾ നിങ്ങൾ അവിടെ പോയി ‘ശുദ്ധികലശം’ നടത്തി. ഈ രാജ്യത്ത് ഇതൊക്കെയാണോ നടക്കുന്നത്? എവിടെയാണ് നിങ്ങളുടെ മതം? നിങ്ങളുടെ മതം ഇതാണോ പഠിപ്പിക്കുന്നത്? നിങ്ങളുടെ ഗോൾവാൾക്കർ ഗുരുജി എവിടെ? ശുദ്ധികലശം നടത്താൻ മാത്രമാണോ അവർ നിങ്ങളെ പഠിപ്പിച്ചത്?’ ഖാർഗെ ചോദിച്ചു.

ഗോവയിൽ കോൺഗ്രസ് എം.എൽ.എമാരെ ചാക്കിട്ടുപിടിച്ചു അട്ടിമറിയിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തിയതെന്നും അദ്ദേഹം ആരോപിച്ചു. രാജ്യത്ത് ജനങ്ങളെ തമ്മിലടിപ്പിച്ച് വിഭാഗീയത സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ തന്റെ റാലിക്ക് ശേഷം ‘ശുദ്ധികലശം’ നടത്തിയ സംഭവം ചൂണ്ടിക്കാട്ടി, ബി.ജെ.പി ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ഖാർഗെ കുറ്റപ്പെടുത്തി.

ബി.ജെ.പിയുടെ ജനാധിപത്യ വിരുദ്ധ നടപടികളെ ചെറുക്കാൻ കോൺഗ്രസ് പ്രവർത്തകർ ബൂത്ത് തലത്തിൽ ഐക്യത്തോടെ പ്രവർത്തിക്കണമെന്നും, ഐക്യമുണ്ടെങ്കിൽ മാത്രമേ രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: I was already an MLA when Amit Shah wasn’t even born; he doesn’t need to teach me patriotism

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more