രഞ്ജി ട്രോഫിയില്‍ കഴിഞ്ഞ ദിവസം അരുണാചല്‍ പ്രദേശിനെതിരെ തുടര്‍ച്ചയായ എട്ട് പന്തില്‍ എട്ട് സിക്‌സുകള്‍ അടിച്ച് മേഘാലയ താരം ആകാശ് ചൗധരി ചരിത്രം സൃഷ്ടിച്ചിരുന്നു. ഈ നേട്ടത്തില്‍ എത്തുന്ന ആദ്യ താരമെന്ന പട്ടവും താരം തന്റെ പേരില്‍ എഴുതി ചേര്‍ത്തു. ഇപ്പോള്‍ ഇതിന്റെ കുറിച്ച് സംസാരിക്കുകയാണ് ആകാശ്.
സഹതാരത്തിന്റെ പിന്തുണയിലാണ് തനിക്ക് ആറ് സിക്‌സടിക്കാന്‍ സാധിച്ചതെന്നും ഏഴാമത്തേത് പ്ലാന്‍ ചെയ്തതായിരുന്നില്ലെന്നും ആകാശ് പറഞ്ഞു. തനിക് തുടര്‍ച്ചയായ 12 സിക്‌സുകള്‍ അടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നും എന്നാല്‍, ക്യാപ്റ്റന്‍ ഡിക്ലയര്‍ ചെയ്തുവെന്നും താരം കൂട്ടിച്ചേര്‍ത്തു. ടൈംസ് നൗവിനോട് സംസാരിക്കുകയായിരുന്നു ആകാശ്.
‘ബൗളിങ് എളുപ്പമായിരുന്നോ എന്നല്ല, ഞങ്ങളുടെ ടീം ശക്തമായ നിലയിലായിരുന്നു. റണ്‍സ് വേഗത്തില്‍ സ്‌കോര്‍ ചെയ്യുകയായിരുന്നു എന്റെ ജോലി. ആദ്യ രണ്ട് പന്തില്‍ സിക്‌സടിച്ചപ്പോള്‍ നോണ്‍ സ്ട്രൈക്കര്‍ എന്‍ഡിലുള്ള സഹതാരം കൂടുതല്‍ സിക്‌സുകള്‍ അടിക്കാന്‍ കഴിയുമെന്ന് പറഞ്ഞു.
അതോടെ ആത്മ വിശ്വാസം വന്നു. ഭാഗ്യവശാലാല്‍ ആറ് സിക്‌സുകള്‍ അടിക്കാന്‍ സാധിച്ചു. ഏഴാമത്തേത് പ്ലാന്‍ ചെയ്തതായിരുന്നില്ല, സ്വാഭാവികമായി സംഭവിച്ചതാണ്. ഞാന്‍ നേരെ അടിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ഞങ്ങള്‍ക്ക് ഏറെ നിര്‍ണായകമായ മത്സരമായതിനാല്‍ റണ്‍സ് നേടുന്നതിലായിരുന്നു എന്റെ ശ്രദ്ധ. അതെ, എനിക്ക് 12 സിക്‌സുകള്‍ അടിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ക്യാപ്റ്റന്‍ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു,’ ആകാശ് പറഞ്ഞു.
എട്ട് സിക്‌സടിക്കുന്ന ആദ്യ താരമെന്നതിനൊപ്പം, ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന താരമെന്ന നേട്ടവും ആകാശ് സ്വന്തമാക്കിയിരുന്നു.
നേരിട്ട ആദ്യ പന്തില്‍ റണ്‍സ് സ്വന്തമാക്കാന്‍ താരത്തിന് സാധിച്ചിരുന്നില്ല. അടുത്ത രണ്ട് പന്തിലും താരം സിംഗിള്‍ നേടി. ശേഷമാണ് ആകാശ് എട്ട് പന്തില്‍ തുടര്‍ച്ചയായി സിക്‌സടിച്ചത്. ഇതോടെ നേരിട്ട 11ാം പന്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി ചരിത്രം കുറിച്ചത്.
ഇതിനൊപ്പം, ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഒരു ഓവറിലെ ആറ് പന്തില്‍ ആറ് സിക്സറുകള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാകാനും ആകാശ് ചൗധരിക്ക് സാധിച്ചു.
Content Highlight: I wanted to hit 12 sixes; Akash Chaudhary who cracked eight six consecutive sixes in Ranji Trophy