തമിഴ് സിനിമയിലെ മികച്ച നടന്മാരിൽ ഒരാളാണ് കതിർ. മദയാന കൂട്ടം എന്ന തമിഴ് ചിത്രത്തിലൂടെ കരിയർ ആരംഭിച്ച നടൻ പിന്നീട് കിരുമി, എന്നോടു വിളയാട്, വിക്രം വേദ, സിഗായി, ശത്രു, സർബത്ത്, അക്ക കുരുവി, യുഗി എന്നിങ്ങനെ നിരവധി സിനിമകളുടെ ഭാഗമായി.
എന്നാൽ മാരി സെൽവരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് കതിർ ശ്രദ്ധേയനാകുന്നത്. എം.സി ജോസഫിന്റെ സംവിധാനത്തിൽ വരുന്ന മീശ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും അരങ്ങേറി.
ദുൽഖറിനൊപ്പം ഐ ആം ഗെയിമിലും കതിർ അഭിനയിക്കുന്നുണ്ട്. ഇപ്പോൾ മലയാള സിനിമയെക്കുറിച്ചും ഇഷ്ട നടൻമാരെക്കുറിച്ചും സംസാരിക്കുകയാണ് കതിർ.
‘മലയാള സിനിമകൾ കാണാറുണ്ട്. ജോജു സാർ അഭിനയിച്ച ഇരട്ട ഏറെ ഇഷ്ടപ്പെട്ടു. ഫഹദ് സാറിന്റെ ആവേശം കണ്ടത് ഫോർട്ട്‌കൊച്ചിയിൽ വെച്ചാണ്. മീശയുടെ ഷൂട്ടിങ് നടക്കുന്ന സമയമായിരുന്നു അത്. ഫഹദ് സാറിനൊപ്പം അഭിനയിക്കണമെന്നാഗ്രഹമുണ്ട്. അതുപോലെ അൻവർ റഷീദ്, ഖാലിദ് റഹ്‌മാൻ എന്നിവരുടെ സിനിമയുടെ ഭാഗമാകാനും ഇഷ്ടമാണ്. തമിഴിൽ ഏറെ ഇഷ്ടമുള്ള സംവിധായകരാണ് ആറ്റ്‌ലി, സെൽവരാഘവൻ സർ തുടങ്ങിയവർ. സിനിമയെക്കുറിച്ചും പുതിയ ഭാവുകത്വത്തെക്കുറിച്ചുമെല്ലാം നല്ല ധാരണയുള്ളവരാണ് അവരെല്ലാം,’ കതിർ പറയുന്നു.
സിനിമാപശ്ചാത്തലമൊന്നുമില്ലാതെയാണ് താൻ അഭിനയിക്കാനെത്തിയതിയതെന്നും കോളേജ് പഠനകാലം വരെ ഒരു സ്റ്റേജ് പെർഫോമൻസ് പോലും ചെയ്തിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നീടാണ് താൻ സിനിമയിലേക്കെത്തിയതെന്നും ചില സിനിമകൾ പ്രേക്ഷകർക്കിഷ്ടപ്പെട്ടെന്നും കതിർ പറയുന്നു.
ഓരോ സിനിമയും പാഠമായിരുന്നുവെന്നും സീനിയർ അഭിനേതാക്കൾ, സംവിധായകർ, അവരിൽ നിന്നെല്ലാം പുതിയതെന്തെങ്കിലും പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും പറഞ്ഞ കതിർ, ആരെയും മാതൃകയാക്കാൻ ആഗ്രഹമില്ലെന്നും കൂട്ടിച്ചേർത്തു. സ്റ്റാർ & സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlight: I want to act with Fahadh; My favorite movie is Iratta says Kathir