| Wednesday, 24th June 2026, 5:01 pm

അച്ഛനെ കുറിച്ചുള്ള ട്രോളുകള്‍ക്ക് ഒട്ടും ക്രിയേറ്റിവിറ്റി ഇല്ലെന്ന് തോന്നിയിട്ടുണ്ട്; ഓണ്‍ലൈനിലെ കമന്റ് പരിപാടി തന്നെ ദഹിക്കാറില്ല: ജീന്‍ പോള്‍

അക്ഷര

മഞ്ഞുമ്മല്‍ ബോയ്‌സിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ബാലനില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ജീന്‍ പോള്‍ ലാല്‍. പവിത്രന്‍ എന്ന പൊലീസ് കഥാപാത്രത്തെ അദ്ദേഹം ഗംഭീരമാക്കിയെന്ന് പറയാം.

മഞ്ഞുമ്മല്‍ ബോയ്‌സില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോഴുള്ളതിനേക്കാളും സന്തോഷമായിരുന്നു ബാലനിലെ കഥാപാത്രം ചെയ്യാന്‍ അവസരം ലഭിച്ചപ്പോഴെന്ന് ജീന്‍ പോള്‍ പറഞ്ഞിരുന്നു. കരിയറില്‍ താന്‍ എടുക്കുന്ന എല്ലാ തീരുമാനത്തിന് പിന്നിലും അച്ഛന്‍ ലാലിന്റെ കയ്യൊപ്പുണ്ടാകുമെന്നും ജീന്‍ പോള്‍ പറയുന്നു. ഒപ്പം സോഷ്യല്‍ മീഡിയയില്‍ ലാലുമായി ബന്ധപ്പെട്ട് വരുന്ന മീമുകളില്‍ പലതും താന്‍ ആസ്വദിക്കാറില്ലെന്നും ജീന്‍ പോള്‍ പറഞ്ഞു.

സോഷ്യല്‍മീഡിയയില്‍ കുറേയധികം മീമുകള്‍ ലാലുമായി ബന്ധപ്പെടുത്തി വരാറുണ്ട്. പുതിയ പാട്ടുകള്‍ പഴയ ലാലിന്റെ പാട്ടുമായി സിങ്ക് ചെയ്തിട്ട് അദ്ദേഹം ഡാന്‍സ് കളിക്കുന്ന രീതിയിലുള്ള മീമുകളൊക്കെ ഇതില്‍ ഉള്‍പ്പെടാറുണ്ട്.

ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ ട്രോളുകളെ എങ്ങനെയാണ് കാണുന്നത് എന്ന ചോദ്യത്തിനായിരുന്നു ജീന്‍ പോല്‍ ലാലിന്റെ മറുപടി.

ടേസ്റ്റ്ഫുളായിട്ടുള്ള തമാശകള്‍ എപ്പോഴും രസമാണെന്നും സത്യസന്ധമായി പറഞ്ഞാല്‍ അത്തരത്തില്‍ വരുന്ന പല ട്രോളുകളും വേണ്ട നിലവാരം പുലര്‍ത്താറില്ലെന്നുമായിരുന്നു ജീന്‍ പോള്‍ പറഞ്ഞത്.

‘ഈ ചോദ്യത്തിന് കുറച്ചുകൂടി ഗ്ലോറിഫൈഡ് ആയിട്ടുള്ള ഉത്തരം വേണമെങ്കില്‍ പറയാം. പക്ഷേ വളരെ സത്യസന്ധമായി പറഞ്ഞാല്‍ തമാശകള്‍ക്ക് ഒട്ടും ക്രിയേറ്റിവിറ്റി ഇല്ലാത്തതുപോലെയാണ് എനിക്ക് ഫീല്‍ ചെയ്യുന്നത്.

ഒരേ പോലെയുള്ള ശബ്ദത്തില്‍ എന്തൊക്കെയോ പറയുകയും ഏതോ ഒരു ലോട്ടറിയുടെ പേര് പറഞ്ഞുകൊണ്ടുമൊക്കെയുള്ള ട്രോളുകളാണ് പലതും. കുറച്ചുകഴിയുമ്പോള്‍ അതൊരു സ്‌റ്റെല്‍ ആകും. മലയാളികള്‍ക്ക് കുറച്ചുകൂടി നല്ല തമാശ പറയാന്‍ പറ്റുമെന്നാണ് എന്റെ വിശ്വാസം.

എനിക്ക് അങ്ങനെയാണ് ഫീല്‍ ചെയ്യാറ്. പപ്പ ഇത് കാണുമ്പോള്‍ വലിയ രീതിയില്‍ അത്ഭുതപ്പെടാറൊന്നുമില്ല. കാരണം അവരൊക്കെ പുതിയ പുതിയ തമാശകളല്ലേ പറയുന്നത്. ഈ ഓണ്‍ലൈന്‍ കള്‍ച്ചറിന്റെ കമന്റ് പരിപാടി പൊതുവെ എനിക്ക് ദഹിക്കാറില്ല,’ ജീന്‍ പോള്‍ പറഞ്ഞു.

കരിയറില്‍ അച്ഛന്റെ തീരുമാനങ്ങള്‍ക്കുള്ള പ്രധാന്യം എങ്ങനെയാണെന്ന ചോദ്യത്തിനും ജീന്‍ പോള്‍ മറുപടി പറഞ്ഞു. നമ്മള്‍ എല്ലാ വിശേഷങ്ങളും വീട്ടില്‍ വന്ന് പറയും. അതൊരു ഒഫീഷ്യല്‍ ടോക്കുപോലെയാകും. പപ്പ അദ്ദേഹത്തിന്റെ അഭിപ്രായം പറയും. അതില്‍ പലതും ഡിസിഷനാകും. എന്റെ എല്ലാ തീരുമാനങ്ങളുടെ അറ്റത്തും പപ്പയുടെ ഒരു പെര്‍മിഷനുണ്ടാകും,’ ജീന്‍ പോള്‍ പറഞ്ഞു.

Content Highlight: I’ve felt that trolls about my father completely lack creativtiy says Jean paul lal

അക്ഷര

We use cookies to give you the best possible experience. Learn more