| Saturday, 20th September 2025, 2:20 pm

ടൗണ്‍ഹാളില്‍ ഐ.വി. ശശിയുടെ ഛായാചിത്രം സ്ഥാപിച്ചില്ല; കോഴിക്കോട് കോര്‍പ്പറേഷന് വക്കീല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനാഞ്ചിറ: അന്തരിച്ച സിനിമാ സംവിധായകന്‍ ഐ.വി. ശശിയുടെ ഛായാചിത്രം ടൗണ്‍ഹാളില്‍ സ്ഥാപിക്കാത്തതില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് വക്കീല്‍ നോട്ടീസ്. കാലിക്കറ്റ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് സലാം വെള്ളയിലാണ് നോട്ടീസ് അയച്ചത്.

കോഴിക്കോടുകാരനായിരുന്നിട്ട് കൂടി ഐ.വി. ശശിയുടെ ഛായാചിത്രം സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സലാം വെള്ളയിലിന് വേണ്ടി മഞ്ചേരി സുന്ദര്‍രാജാണ് നോട്ടീസ് അയച്ചത്.

രണ്ട് വര്‍ഷം മുമ്പ് കോര്‍പ്പറേഷന്‍ അധികൃതരോട് ഇക്കാര്യം ഉന്നയിച്ചിരുന്നുവെന്നും നോട്ടീസില്‍ പറയുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്തതിനാലാണ് നോട്ടീസ് അയക്കുന്നതെന്നും സലാം വ്യക്തമാക്കി.

ഹൃദയാഘാതത്തെ തുടര്‍ന്ന് 2017ലാണ് ഐ.വി. ശശി മരണപ്പെട്ടത്. നടി സീമയാണ് ശശിയുടെ പങ്കാളി. ജെ.സി ഡാനിയല്‍ പുരസ്‌കാരം, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം, ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങി നിരവധി നേട്ടങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അവളുടെ രാവുകള്‍, അടിയൊഴുക്കുകള്‍, നാണയം, ആവനാഴി, യക്ഷി, ഇന്‍സ്പെക്ടര്‍ ബല്‍റാം, ദേവാസുരം, വര്‍ണ്ണപ്പക്കിട്ട് തുടങ്ങിയവയാണ് ഐ.വി. ശശിയുടെ പ്രധാന സിനിമകള്‍. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും ഐ.വി. ശശി സിനിമകള്‍ ചെയ്തിട്ടുണ്ട്.

Content Highlight: I.V. Sasi’s portrait not installed in Town Hall; Legal notice to Kozhikode Corporation

We use cookies to give you the best possible experience. Learn more