മലയാളികൾ നിലവിൽ പാടിനടക്കുന്ന പാട്ടുകളാണ് ബെത്‌ലഹേമിലെ ‘ഇന്ദ്രജാലവും’,’വർണജാലവും’. രണ്ട് പാട്ടുകളും മലയാളികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയതിൽ പങ്ക് വഹിച്ചവരിൽ ഒരാളാണ് ഗായകൻ കെ.എസ്.ഹരിശങ്കർ. എപ്പോഴും ഇങ്ങനെയുള്ള പാടി നടക്കാൻ പറ്റിയ തരത്തിലുള്ള പാട്ടുകൾ മലയാളികൾക്ക് സമ്മാനിക്കാൻ ഹരിശങ്കറിന് കഴിയാറുണ്ട്.
തന്റെ അഞ്ചാം വയസിലാണ് ഹരിശങ്കർ പിന്നണിഗായകനായി ‘സാഫല്യം’ എന്ന സിനിമയിൽ കെ.ജെ.യേശുദാസിന്റെ കൂടെ ആദ്യമായ് സിനിമയിൽ പാടുന്നത്. പിന്നീട് 2018ൽ തീവണ്ടി എന്ന സിനിമയിലെ ‘ജീവാംശമായ്’ എന്ന പാട്ട് ഗായിക ശ്രേയ ഘോഷാലിനൊപ്പം പാടിയതിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയും ജനപ്രീതി നേടുകയും ചെയ്തു. പിന്നീട് അതിരനിലെ ‘പവിഴമഴയെ’ എന്ന പാട്ടിലൂടെ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഹരിശങ്കറിന് കഴിഞ്ഞു.
കെ.എസ്.ഹരിശങ്കർ Photo: Club FM/Screen Grab
തന്റെ കരിയറിലെ വലിയൊരു വഴിത്തിരിവ് ഉണ്ടാക്കിയ ആ ചിത്രങ്ങൾക്ക് ശേഷം തുടരെത്തുടരെ ഹിറ്റ് പാട്ടുകളുടെ ഭാഗമാവാൻ ഹരിശങ്കറിന് കഴിഞ്ഞിട്ടുണ്ട്. ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട സംവിധായകൻ രാജമൗലിയുടെ RRR എന്ന തെലുങ്കു സിനിമയിലെ ‘നാട്ട് നാട്ട്’ എന്ന പാട്ട് പാടിയതും ഹരിശങ്കറാണ്.
ബെത്‌ലഹേമിലെ പാട്ടുകൾക്ക് മുമ്പ് താൻ ഒരേ രീതിയിലുള്ള പാട്ടുകളാണ് പാടിക്കൊണ്ടിരുന്നതെന്നും അതിൽ നിന്നും ഒരു മാറ്റം ഉണ്ടായത് ബെത്‌ലഹേമിനു ശേഷമാണെന്നും ഹരിശങ്കർ പറയുന്നു. അതിനു കാരണക്കാരനായ സംഗീത സംവിധായകൻ വിഷ്ണു വിജയിയെക്കുറിച്ചും സംസാരിക്കുകയായിരുന്നു കെ.എസ്.ഹരിശങ്കർ.
‘കുറെ വർഷങ്ങളായി ‘ജീവാംശമായ്’,’വാനം ചായും’ എന്നിങ്ങനെയുള്ള പാട്ടുകളിൽ ഞാൻ ലോക്ക് ആയിരിക്കുകയായിരുന്നു. അതിൽ നിന്നും എസ്‌കേപ്പ് തന്നൊരു കമ്പോസർ ആണ് വിഷ്ണു ചേട്ടൻ. ആലപ്പുഴ ജിംഖാനയിലെ ‘ഹട്ജ’എന്ന പാട്ട് എന്റെ ഭാഗത്ത് നിന്നും ആളുകൾ എക്സ്പെക്ട് ചെയ്യാത്ത തരത്തിലുള്ള പാട്ടാണ്.
കെ.എസ്.ഹരിശങ്കർ Photo: Screen Grab/Photo.IMDb
അത്തരത്തിലുള്ള പാട്ടുകൾ ഞാൻ പാടിയാൽ സെറ്റാവുമോന്ന് ഡൗട്ടുള്ള ഒരു ഫേസുണ്ടായിരുന്നു. ആ ഒരു ഷെല്ല് പൊട്ടിച്ചു തന്നത് വിഷ്ണു ചേട്ടൻ ആണ്.’ ഹരിശങ്കർ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് ഹരിശങ്കർ സംസാരിച്ചത്.
ഓരോ കമ്പോസേഴ്സിനും അവരുടേതായ ഒരു വിഷനുണ്ടെന്നും ഒരു പാട്ടിന്റെ ക്രിയേറ്ററും ഓണറും എപ്പോഴും അതിന്റെ കമ്പോസറായിരിക്കുമെന്നും ഗായകർ ഒരു ഇൻസ്ട്രുമെന്റ് മാത്രമാണെന്നും ഹരിശങ്കർ കൂട്ടിച്ചേർത്തു.
Content Highlight: I used to have a look of uncertainty about whether I could pull off singing certain songs; it was Vishnu Chettan who helped me break out of that shell said K.S. Harisankar