| Sunday, 19th April 2026, 8:14 am

പീഡനത്തിനിടെ ഞാന്‍ മരിച്ചുപോവുമെന്ന് കരുതി; ഇസ്രഈല്‍ തടങ്കലിലെ നരകയാതനകള്‍ വെളിപ്പെടുത്തിഫലസ്തീന്‍ മാതാവ്

നിഷാന. വി.വി

ടെല്‍അവീവ്: ഇസ്രഈല്‍ സൈന്യത്തിന്റെ തടങ്കലില്‍ അനുഭവിച്ച ശാരീരിക മാനസിക പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ഫലസ്തീനി മാതാവ്.

രണ്ട് കുട്ടികളുടെ മാതാവായ സഇദ അല്‍ ഷറഫി വടക്കന്‍ ഗസയില്‍ നിന്ന് പാലായനം ചെയ്യുന്നതിനിടെയാണ് ഇസ്രഈല്‍ സൈന്യത്തിന്റെ പിടിയിലാവുന്നത്. ജയിലിലെ പീഡനങ്ങള്‍ക്കിടെ താന്‍ മരിച്ചുപോവുമെന്ന് കരുതിയതായി സഇദ പറയുന്നു.

2023ന്റെ അവസാനത്തില്‍ സുരക്ഷിത പാതയിലൂടെ തെക്കന്‍ ഗസയിലേക്ക് പോകുമ്പോഴാണ് സഇദയെ ഇസ്രഈല്‍ സൈന്യം തടഞ്ഞത്.

തന്റെ ഒരു വയസുകാരനായ മകന്‍ ആദമിനെ ബന്ധുവിനെ ഏല്‍പ്പിക്കാന്‍ സൈന്യം നിര്‍ബന്ധിച്ചുവെന്നും വിങ്ങുന്ന മനസോടെ മക്കളെ പിരിഞ്ഞ തന്നെ വിലങ്ങുവെച്ച് കൊണ്ടുപോയതായും സഇദ പറയുന്നു.

ചോദ്യം ചെയ്യലിനിടെ വിവരണാതീതമായ മര്‍ദനങ്ങളാണ് നേരിടേണ്ടി വന്നതെന്നും അവര്‍ പറയുന്നു.
‘കണ്ണുകള്‍ കെട്ടി നിലത്തിട്ട് ചവിട്ടുകയും മുടിയില്‍ പിടിച്ച് വലിക്കുകയും ചെയ്തു. തടവറയില്‍ പട്ടികളെ ഉപയോഗിച്ച് ഭയപ്പെടുത്തുന്ന രീതിയും സൈന്യം പ്രയോഗിച്ചു,’ സഇദ പറഞ്ഞു.

ഹമാസുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ചോദ്യം ചെയ്യല്‍. സത്യം പറഞ്ഞില്ലെങ്കില്‍ മക്കളെ കൊല്ലുമെന്നും കുടുംബത്തെ ബോംബിട്ട് നശിപ്പിക്കുമെന്നും സൈനികര്‍ ഭീഷണിപ്പെടുത്തിയതായും സഇദ പറയുന്നു.

നെഗേവ് മരുഭൂമിയിലെ ഡമണ്‍ ജയിലിലും ദിമോണ ജയിലിലുമാണ് അവരെ പാര്‍പ്പിച്ചത്.
വളരെ ചെറിയ സെല്ലില്‍ 12 ഓളം സ്ത്രീകളെയാണ് താമസിപ്പിച്ചിരുന്നതെന്നും മോശം ഭക്ഷണം, വൃത്തിഹീനമായ വെള്ളം, ശരിയായ ശുചിമുറി സൗകര്യങ്ങളുടെ അഭാവം എന്നിവ അവിടെ നിലനിന്നിരുന്നുവെന്നും സഇദ പറഞ്ഞു.

ഒരു ഗര്‍ഭിണിയായ തടവുകാരി ജയിലിനുള്ളില്‍ വെച്ച് ഗര്‍ഭച്ഛിദ്രം സംഭവിച്ചതായും അവര്‍ ഓര്‍ക്കുന്നു.

‘ഗസയില്‍ നിന്നുള്ള 24 വയസുള്ള ഗര്‍ഭിണിയായ തടവുകാരിയെ സെല്‍ ടോയ്ലറ്റില്‍ വെച്ച് ഗര്‍ഭം അലസി. ഭര്‍ത്താവിനെ കൊന്നതായി സൈനികര്‍ പറഞ്ഞതിനെത്തുടര്‍ന്ന് അവര്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു,’ സഇദ പറഞ്ഞു.

അവള്‍ക്ക് വൈദ്യസഹായം ആവശ്യമായിരുന്നു, പക്ഷേ ജയിലില്‍ ആരും അവളെ പരിചരിച്ചില്ല. ഫലസ്തീന്‍ തടവുകാരായ ഞങ്ങള്‍ മാത്രമാണ് സഹായിക്കാന്‍ ശ്രമിച്ചത്. സഇദ കൂട്ടിച്ചേര്‍ത്തു.

2024 ജനുവരി 12-നാണ് സഇദ മോചിതയായത്. വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് തന്റെ കുടുംബത്തിലെ 50-ഓളം പേര്‍ കൊല്ലപ്പെട്ട വിവരം അറിയുന്നതെന്നും അവര്‍ പറഞ്ഞു.

ജയില്‍ മോചിതയായിട്ടും ജയിലിലെ ഓര്‍മകള്‍ തന്നെ വേട്ടയാടുന്നുവെന്ന് സഇദ പറയുന്നു. ഇപ്പോഴും തടവറയില്‍ കഴിയുന്ന ആയിരക്കണക്കിന് ഫലസ്തീനികളെക്കുറിച്ച് ആലോചിക്കുകയും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടെന്നും സഇദ പറഞ്ഞു.

‘ഫലസ്തീന്‍ തടവുകാര്‍ ജീവിക്കുന്നത് ഒരു വ്യക്തിയുടെ മനസിനെ തകര്‍ക്കുന്ന പീഡനത്തിന്റെ ഇരുണ്ട ലോകത്താണ്. ജയിലില്‍ ആയിരുന്നപ്പോള്‍ ഉണ്ടായിരുന്ന അതേ ആഗ്രഹമാണ് എനിക്കിപ്പോഴുമുള്ളത്. ഫലസ്തീന്‍ തടവുകാരെ മറക്കരുതെന്നും, അവര്‍ ഉടന്‍ സ്വതന്ത്രരാകണമെന്നുമാണത്,’ സഇദ പറഞ്ഞു.

ഏപ്രില്‍ 17ന് ഫലസതീന്‍ തടവുകാരുടെ ദിനമായി ആചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഈ ഹൃദയ ഭേദകമായ വാര്‍ത്ത പുറത്തുവരുന്നത്.

ഫലസ്തീന്‍ തടവുകാര്‍ ഇസ്രഈല്‍ അധിനിവേശ ചരിത്രത്തിലെ ഏറ്റവും കഠിനമായ പീഡനം, ദുരുപയോഗം, ഉന്മൂലനം എന്നിവയാണ് നേരിടുന്നതെന്ന് മനുഷ്യാവകാശ സംഘടന പറഞ്ഞു.

9,600ല്‍ അധികം ഇസ്രഈല്‍ ജയിലുകളില്‍ ഉണ്ടെന്നും അവര്‍ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പീഡനങ്ങളാണ് നേരിടുന്നതെന്നും മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നു.

Content Highlight: I thought I would die during torture; Palestinian mother reveals hellish torture in Israeli detention

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more