| Tuesday, 6th October 2026, 6:00 pm

ഗിരീഷിന് ഡാര്‍ക്കായി കാണും, ഹാര്‍ഡ് ഡിസ്‌ക് തിരിച്ചുതന്നേക്കെന്ന് പറഞ്ഞു; ഇനി വിളിക്കില്ലെന്ന് തോന്നി: ഡി.ഒ.പി അജ്മല്‍

ആര്യ.പി

ഒരു സംവിധായകന്റെ മനസിലുള്ള ഫ്രെയിമുകള്‍ അതേ ഭംഗിയില്‍ സ്‌ക്രീനിലെത്തിക്കുക എന്നത് ഒരു ഛായാഗ്രാഹകനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമാണ്. ഗിരീഷ് എ.ഡിയും അജ്മല്‍ സാബുവും ഒന്നിച്ചപ്പോള്‍ ആ കൂട്ടുകെട്ട് മലയാള സിനിമയിലെ ശ്രദ്ധേയമായ കോമ്പോയായി മാറുകയായിരുന്നു.

‘പ്രേമലു’ നല്‍കിയ വലിയ ബ്രേക്കിന് പിന്നാലെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റും’ വലിയ വിജയമായതോടെ ഗിരീഷ്-അജ്മല്‍ കൂട്ടുകെട്ടിനും വലിയ സ്വീകാര്യത ലഭിച്ചു.

എന്നാല്‍ ആ കൂട്ടുകെട്ട് അത്ര എളുപ്പത്തില്‍ സംഭവിച്ച ഒന്നല്ല. ഗിരീഷ് എ.ഡിയുടെ തന്നെ രണ്ട് സിനിമകള്‍ പല കാരണങ്ങളാല്‍ അജ്മലിന് ചെയ്യാന്‍ കഴിയാതെ പോയിരുന്നു. അതോടെ ഇനി ഗിരീഷ് തന്നെ വിളിക്കില്ലെന്ന് വരെ അജ്മല്‍ കരുതി. എന്നാല്‍ പിന്നീട് അപ്രതീക്ഷിതമായി എത്തിയ ആ വിളിയാണ് അദ്ദേഹത്തിന്റെ കരിയറില്‍ വലിയ വഴിത്തിരിവായത്.

ഗിരീഷ് എ.ഡിയുടെ സിനിമാ യൂണിവേഴ്സിലേക്ക് താന്‍ എങ്ങനെയാണ് എത്തിയതെന്ന് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് അജ്മല്‍ സാബു.

അജ്മല്‍ സാബു. Photo: The Cue/Screen Grab

‘സൂപ്പര്‍ ശരണ്യയുടെ ട്രെയിലര്‍ ചെയ്യാന്‍ വേണ്ടി ഗിരീഷ് എന്നെ വിളിച്ചിരുന്നു. ആ സമയം ഞാന്‍ ലാല്‍ജോസ് സാറിന്റെ ‘സോളമന്റെ തേനീച്ചകള്‍’ എന്ന പടത്തിന്റെ ക്യാമറ ചെയ്യാനിരിക്കുകയാണ്. ഷൂട്ടിന്റെ പ്രീ പ്രൊഡക്ഷനും തിരക്കുമൊക്കെയായിട്ട് എനിക്ക് അത് ചെയ്യാന്‍ പറ്റിയില്ല. ഗിരീഷിനോട് ഞാന്‍ ഇക്കാര്യം വിളിച്ചുപറഞ്ഞപ്പോള്‍ ”എന്നാല്‍ ഹാര്‍ഡ് ഡിസ്‌ക് തിരിച്ചുതന്നേക്ക്” എന്ന് പറഞ്ഞു. ഗിരീഷിന് ഡാര്‍ക്കായി കാണും, ബാഡ് അടിച്ചു എന്ന് വിചാരിച്ചു,’ അജ്മല്‍ പറഞ്ഞു.

സൂപ്പര്‍ ശരണ്യയുടെ ട്രെയിലര്‍ ചെയ്യണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നെങ്കിലും അതിന് ആവശ്യമായ സമയം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ഒരു ട്രെയിലര്‍ കൃത്യമായി ചെയ്യണമെങ്കില്‍ കുറഞ്ഞത് ഒന്നര ആഴ്ചയെങ്കിലും വേണമെന്നും അജ്മല്‍ പറയുന്നു.

അതിനുശേഷം ഗിരീഷ് വീണ്ടും വിളിച്ചത് ‘ഐ ആം കാതലന്‍’ തുടങ്ങുന്ന സമയത്തായിരുന്നു. എന്നാല്‍ അപ്പോഴും മറ്റ് എഴുത്തും ജോലികളുമൊക്കെയായി തിരക്കിലായിരുന്നതിനാല്‍ ആ വര്‍ക്കും ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്ന് അജ്മല്‍ പറഞ്ഞു.

ഗിരീഷ് എ.ഡി. Photo. Screen grab/ Youtube

‘അപ്പോഴും ഞാന്‍ എന്റെ ചില എഴുത്തും പരിപാടികളുമൊക്കെയായി വേറെ ചില തിരക്കിലായിരുന്നു. അത് ചെയ്യാന്‍ പറ്റിയില്ല. ഇനി എന്നെ ഒരിക്കലും അദ്ദേഹം വിളിക്കില്ലെന്ന് തോന്നി. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ കണ്ടപ്പോള്‍ തന്നെ ഗിരീഷിന്റെ സിനിമയ്ക്ക് ക്യാമറ ചെയ്യണമെന്ന ആഗ്രഹം തോന്നിയിരുന്നെന്നും അജ്മല്‍ പറഞ്ഞു.

എന്നാല്‍ അന്ന് ഞാന്‍ സിനിമാറ്റോഗ്രഫിയിലേക്ക് എത്തിയിരുന്നില്ല. അങ്ങനെയിരിക്കെയാണ് പ്രതീക്ഷിക്കാതെയെത്തിയ ‘പ്രേമലു’വിന്റെ വിളി. ‘മ്യാവൂ’ എന്ന സിനിമയിലെ വര്‍ക്കാണ് ഗിരീഷിന് ഇഷ്ടപ്പെട്ടതെന്നും അതാണ് ‘പ്രേമലു’വിലേക്ക് വിളിക്കാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അങ്ങനെ ഞാന്‍ പിറ്റേദിവസം തന്നെ പോയി കഥ കേട്ടു. ഇഷ്ടപ്പെട്ടു. ഹൈദരാബാദാണ് ലൊക്കേഷന്‍. ഹൈദരാബാദ് അധികം മലയാളത്തില്‍ കണ്ടിട്ടില്ലല്ലോ,’ അജ്മല്‍ പറഞ്ഞു.

ഗിരീഷ് കഥ പറയുന്ന രീതിയിലും സംവിധായകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിലും തനിക്ക് ആദ്യമേ വിശ്വാസം തോന്നിയെന്നും അജ്മല്‍ പറയുന്നു.

‘ഗിരീഷ് സംസാരിക്കുമ്പോള്‍ തന്നെ നമുക്ക് അദ്ദേഹത്തില്‍ ട്രസ്റ്റ് വരും. നല്ല സംവിധായകനാണ്. സിനിമ ഇറങ്ങുമ്പോള്‍ ആളുകള്‍ കാണുമെന്ന് ഉറപ്പായിരുന്നു. അങ്ങനെയാണ് ഗിരീഷിനൊപ്പം ആദ്യ സിനിമ ചെയ്യുന്നത്,’ അജ്മല്‍ പറഞ്ഞു.

Content Highlight: I thought Girish would be disappointed and tell me to return the hard disk, DOP Ajmal Sabu

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more