| Sunday, 13th September 2026, 12:14 pm

ഹൃദയഭാരത്തോടെ ഞാന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നു: കുറിപ്പ് പങ്കുവെച്ച് അഭിജീത് ദീപ്‌കെ

ദേവിക ജയചന്ദ്രന്‍

ന്യൂദല്‍ഹി: ബാലഘട്ടിലെ ശിശുമരണങ്ങളില് ഉത്തരവാദിത്തം ഏറ്റെടുത്ത് താന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിസ്ഥാനം രാജിവെക്കുന്നുവെന്ന് അഭിജീത് ദീപ്‌കെ. പകര്‍ച്ചവ്യാധി ബാധിച്ച് 30ലധികം കുട്ടികള്‍ മരിച്ച ബാലഘട്ടിലെ ഗോത്രഗ്രാമങ്ങള്‍ ശനിയാഴ്ച ദീപ്‌കെ സന്ദര്‍ശിച്ചിരുന്നു.

സ്ഥലത്തെ ചികിത്സാസൗകര്യങ്ങള്‍ വിലയിരുത്തിയ ദീപ്‌കെ ശിശുമരണങ്ങളുടെ ഉത്തരവാദിത്വം ഭരണകൂടം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിനുപിന്നാലെയാണ് സോഷ്യല്‍മീഡിയയിലൂടെ ദീപ്‌കെ രാജി പ്രഖ്യാപിച്ചത്. മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ ലെറ്റര്‍ഹെഡിലാണ് ആക്ഷേപഹാസ്യപരമായ രാജിക്കത്ത് ദീപ്‌കെ പങ്കുവെച്ചിരിക്കുന്നത്.

മരണം വെച്ച് രാഷ്ട്രീയം കളിക്കാന്‍ വരുന്നു എന്ന് പരിഹസിച്ചുകൊണ്ട് അഭിജീത് ദീപ്‌കെയ്‌ക്കെതിരെ പ്രദേശത്തെ ഒരു ഇന്‍ഫ്‌ലുവന്‍സര്‍ രംഗത്തുവന്നിരുന്നു. സന്ദര്‍ശനത്തിനിടെ വാഹനത്തില്‍ കയറുമ്പോള്‍ മൈക്കുമായി വന്ന ഒരു യുവതി കുട്ടികളുടെ മരണം വെച്ച് രാഷ്ട്രീയം കളിക്കാന്‍ വന്നതല്ലെ എന്ന ചോദ്യം ഉന്നയിക്കുകയായിരുന്നു.

ഇതിനു മറുപടിയെന്നോണമാണ് ദീപ്‌കെയുടെ രാജിപ്രഖ്യാപനം.

ഗോത്രവിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ തങ്ങളുടെ സര്‍ക്കാര്‍ പരാജയമാണെന്ന് കത്തില്‍ പറയുന്നു. അതിനാല്‍ സ്ഥാനത്ത് തുടരാന്‍ മനസാക്ഷി അനുവദിക്കാത്തതു കൊണ്ട് ലജ്ജ കൊണ്ട് തല താഴ്ത്തി രാജി വെക്കുന്നു എന്നാണ് ദീപ്‌കെ ‘രാജിക്കത്തില്‍’ പറയുന്നത്.

പരിഹസിക്കുന്ന വീഡിയോ വൈറലായതേടെ ബാലഘട്ടിലെ ആള്‍ക്കാര്‍ തന്നെ പരിഹസിച്ചു എന്ന കാപ്ഷനോടെ കുട്ടികളോടൊപ്പം നില്‍ക്കുന്ന ചിത്രം ദീപ്‌കെ എക്‌സില്‍ പങ്കുവെച്ചിരുന്നു.

‘രാജിക്കത്തി’ന്റെ പൂര്‍ണരൂപം

ബഹുമാനപ്പെട്ട സര്‍,

ബാലഘട്ടിലെ ഗോത്രവര്‍ഗത്തില്‍പ്പെട്ട മുപ്പതിലധികം കുട്ടികള്‍ മരണപ്പെട്ടതിനുശേഷം ഈ കസേരയില്‍ തുടരാന്‍ എന്റെ മനസാക്ഷി എന്നെ അനുവദിക്കുന്നില്ല. മുഖ്യമന്ത്രി എന്ന നിലയില്‍ അവര്‍ക്ക് ആവശ്യമായ സമയബന്ധിതമായ വൈദ്യസഹായവും പിന്തുണയും നല്‍കുന്നതില്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ആ ജീവനുകളില്‍ പലതും ഒരു പക്ഷേ എനിക്ക് രക്ഷിക്കാനാകുമായിരുന്നു. ആ പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും എനിക്ക് ഒളിച്ചോടാനാവില്ല.

മരണത്തിന് ശേഷമുള്ള നമ്മുടെ അനുകമ്പയില്ലായ്മയും ലജ്ജാവഹമാണ്. നഷ്ടപരിഹാരമായി വെറും 2 ലക്ഷം രൂപയാണ് മരിച്ച കുട്ടികളുടെ കുടുംബത്തിന് പ്രഖ്യാപിച്ചത്. അവര്‍ പ്രതിഷേധിച്ചതിനാല്‍ അത് നാല് ലക്ഷമാക്കി ഉയര്‍ത്തി. ഇത് എന്നോട് തന്നെ ലജ്ജയുളവാക്കുന്ന ഒരു ചോദ്യം ചോദിപ്പിച്ചു. ഇത് മന്ത്രിമാരുടെയോ എം.എല്‍.എമാരുടെയോ മക്കളായിരുന്നെങ്കില്‍ ഈ നാലു ലക്ഷം മതിയാവുമായിരുന്നോ? ഗോത്രവിഭാഗത്തില്‍ പെട്ട കുട്ടികളുടെ ജീവന് ഇത്ര മൂല്യമേ നമ്മള്‍ നല്‍കുന്നുളളൂ എന്നാണ് ഇതില്‍ നിന്നും തിരിച്ചറിഞ്ഞത്.

ഇത്ര വലിയ ദുരന്തം നടന്നിട്ടും ആരോഗ്യപ്രവര്‍ത്തകരെ ഉത്തരവാദികളാക്കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു. ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഉള്ളവര്‍ വരെ പാവപ്പെട്ട ഈ കുട്ടികളുടെ മരണത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതാണ്.

ആരോഗ്യമേഖലയ്ക്കുമപ്പുറം ഞങ്ങള്‍ പരാജയപ്പെട്ടു. വിശ്വഗുരു എന്നറിയപ്പെടുന്ന നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ഹര്‍ ഘര്‍ നല്‍ യോജന വഴി എല്ലാ വീടുകളിലും പൈപ്പുവെള്ളം എത്തിച്ചെന്ന് പ്രഖ്യാപിച്ചതാണ്. എന്നാല് ബാലഘട്ടിലുള്ള ഗോത്രകുടുംബങ്ങള്‍ അവരുടെ ആരോഗ്യം അപകടത്തിലാക്കി കുടിക്കാനായി ഇപ്പോഴും നദിയിലെ ജലമാണ് ഉപയോഗിക്കുന്നത്.

വിദ്യാഭ്യാസമേഖലയും ഇതുപോലെ പ്രശ്‌നത്തിലാണ്. കാലിത്തൊഴുത്തുകളെക്കാള്‍ മോശം അവസ്ഥയിലാണ് സ്‌കൂളുകള്‍. ബാലഘട്ടിലെ ഒരു ഗ്രാമത്തില് അംഗന്‍വാടി മുതല്‍ അഞ്ചാം ക്ലാസുവരെ 75 കുട്ടികളുണ്ട്. ഇവര്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും നല്ലൊരു സ്‌കൂള്‍ കെട്ടിടം നല്‍കുന്നതില്‍ ഞങ്ങള്‍ പരാജയപ്പെട്ടു.

ഇന്ന് ഞാന്‍ ലജ്ജയോടെ തല കുനിക്കുകയാണ്. 2001 മുതല്‍ തുടര്‍ച്ചയായി 21 വര്‍ഷം ബി.ജെ.പി സംസ്ഥാനം ഭരിച്ചിട്ടും ഇവിടുത്തെ ഗോത്രസമുദായങ്ങള്‍ക്ക് കുടിവെള്ളം, ചികിത്സാസൗകര്യം, ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നീ അടിസ്ഥാന അവകാശങ്ങള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല.

ഗോത്രവിഭാഗത്തിന്റെ കാര്യത്തില്‍ എന്റെ സര്‍ക്കാരിന്റെ കൂടുതല്‍ പരാജയങ്ങള്‍ തുറന്നുകാട്ടുന്നു.

. നമ്മുടെ സര്‍ക്കാരിന്റെ തന്നെ കണക്കനുസരിച്ച് മധ്യപ്രദേശിലെ ഗോത്രവിഭാഗത്തില്‍പ്പെട്ട 55,795 വീടുകളില്‍ വൈദ്യുതിയെത്തിയിട്ടില്ല.
. എന്‍.സി.ആര്‍.ബി ഡാറ്റ അനുസരിച്ച് ഗോത്രവിഭാഗങ്ങള്‍ക്കെതിരെ രാജ്യത്ത് റെക്കോഡ് ചെയ്യപ്പെടുന്ന കുറ്റകൃത്യങ്ങളുടെ 32% മധ്യപ്രദേശിലാണ്.
. സംസ്ഥാനത്തെ 5.41 ലക്ഷം കുട്ടികള്‍(8.60%) തൂക്കക്കുറവുള്ളവരാണ്.
. നമ്മുടെ സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ച കണക്കനുസരിച്ച് 1.36 ലക്ഷത്തിലധികം കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുണ്ട്. ഇതില്‍ അധികവും ഗോത്രവിഭാഗത്തില്‍ പെട്ടവരാണ്.

ബാലഘട്ടിലെ മാത്രമല്ല, മുഴുവന്‍ സംസ്ഥാനത്തെയും ഗോത്രവിഭാഗത്തില്‍പ്പെട്ടവര്‍ക്കായി എനിക്കൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇത്രയധികം കുട്ടികളുടെ മരണത്തിനുശേഷം ഈ കസേരയില്‍ തുടരാന്‍ എനിക്കര്‍ഹതയില്ല.

അതിനാല്‍ മധ്യപ്രദേശ് മുഖ്യമന്ത്രി പദത്തില്‍ നിന്നും ഞാന്‍ രാജി വെക്കുന്നു.

മധ്യപ്രദേശിലെ ജനങ്ങളെ സേവിക്കാന്‍ എനിക്കൊരവസരം തന്ന ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി, അഥവാ വിശ്വഗുരുവിന് നന്ദി അറിയിക്കുന്നു.

അഭിജീത് ദീപ്‌കെ

Content Highlight: ‘I resign as CM’: CJP’s Abhijeet Dipke takes dig at MP govt day after Balaghat heckling.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more