| Monday, 26th May 2025, 9:48 pm

യുവ സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ട് മാത്രമാണ് സിനിമ കണ്ടത്; പ്രതികരണവുമായി എം.എ ബേബി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ദിലീപ് നായകനായ പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്ന സിനിമയെക്കുറിച്ച് അഭിപ്രായം പറഞ്ഞതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി. കേരളത്തില്‍ നിന്നുള്ള ഒരു യുവ പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് താന്‍ ഈ സിനിമ കാണാന്‍ നിര്‍ബന്ധിതനായതെന്ന് എം.എ. ബേബി പറഞ്ഞു.

സിനിമ കണ്ടപ്പോള്‍ ഒരു നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് തനിക്ക് തോന്നി. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നിയതിനാലാണ് അഭിപ്രായം പറഞ്ഞതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ അഭിപ്രായം പങ്കുവെച്ചത്. അതിനാല്‍ സിനിമയില്‍ അഭിനയിച്ച, ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കളും അനുഭാവികളും സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ തന്നോട് വിയോജിപ്പ് പ്രകടിപ്പിച്ചെന്നും തന്നേയും പാര്‍ട്ടിയേയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ വിഷമമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പ്രകീര്‍ത്തിച്ച എം.എ ബേബിക്കെതിരെ വിമര്‍ശനം ശക്തമായിരുന്നു. ഒരു ബലാത്സംഗക്കേസിലെ പ്രതി നായകനായ ചിത്രത്തെക്കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ ബേബി എന്ന പേരിനെ അന്വര്‍ത്ഥമാക്കുകയാണ് പാര്‍ട്ടി സെക്രട്ടറിയെന്ന് ഡിജിറ്റല്‍ ക്രിയേറ്ററായ പ്രശാന്ത് ആലപ്പുഴ പ്രതികരിച്ചിരുന്നു.

നടിയെ ബലാത്സംഘം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ നേതൃത്വം കൊടുത്ത ഒരു സര്‍ക്കാരിന്റെ തലപ്പത്ത് നില്‍ക്കുന്ന ആള്‍ തന്നെ ഇപ്രകാരം ചെയ്തത് ന്യായീകരിക്കാന്‍ കഴിയില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു.

താര കേന്ദ്രീകൃതമാണ് മലയാള സിനിമയെന്നും ഈ സിനിമയില്‍ അഭിനയിച്ച റേപ്പിസ്റ്റിനെ അറിയില്ല എന്ന് എം.എ ബേബി പറഞ്ഞാലും ഞങ്ങള്‍ അറിയും മുന്‍പേ അറിയാന്‍ അദ്ദേഹം ബാധ്യസ്ഥനാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പറയുന്നു.

ദല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട് പുറത്തിറങ്ങിയപ്പോഴാണ് ദിലീപ് ചിത്രം പ്രിന്‍സ് ആന്‍ഡ് ഫാമിലിയെ പ്രകീര്‍ത്തിച്ച് എം.എ. ബേബി സംസാരിച്ചത്. സാധാരണ ഇറങ്ങുന്ന സിനിമകളില്‍നിന്ന് വ്യത്യസ്തമായി കുടുംബസമേതം കാണാന്‍ പറ്റിയ സിനിമയാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’യെന്നും സാമൂഹികമായി വളരെ പ്രസക്തമായ സന്ദേശമാണ് ഈ സിനിമയുടെ ഉള്ളടക്കമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ എം.എ. ബേബിയുടെ പരാമര്‍ശം ഇടത് ഹാന്‍ഡിലുകളില്‍ നിന്നടക്കം വലിയ വിമര്‍ശനത്തിനിടയാക്കി.

Content Highlight: I only watched the movie because of a young director’s persistent request; MA Baby responds after criticism raised against his response on Prince and family movie

We use cookies to give you the best possible experience. Learn more