| Friday, 3rd July 2026, 3:41 pm

നാളെ ഞാന്‍ മരിച്ചു കഴിയുമ്പോള്‍ അവര്‍ എന്നെക്കുറിച്ച് ഇങ്ങനെ ആലോചിക്കുമോ എന്ന് ഞാന്‍ ചിന്തിക്കാറുണ്ട്: പൃഥ്വിരാജ്

അക്ഷര

സിനിമയിലെ പഴയകാല മഹാനടന്മാര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ചും, വരുംതലമുറ തന്നെ എങ്ങനെ ഓര്‍ക്കുമെന്നതിനെക്കുറിച്ചുമുള്ള തന്റെ ചിന്തകള്‍ പങ്കുവെച്ച് നടന്‍ പൃഥ്വിരാജ് സുകുമാരന്‍.

മുന്‍തലമുറയിലെ നിരവധി പ്രഗത്ഭരായ അഭിനേതാക്കളുടെ അവസാനകാലത്ത് അവര്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിടാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി കരുതുന്നുവെന്നും പൃഥ്വിരാജ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘ഒരുപാട് മുതിര്‍ന്ന താരങ്ങളുടെ കൂടെ അഭിനയിക്കാന്‍ സാധിച്ച ഒരു ജനറേഷനിലുള്ള ആളാണ് ഞാന്‍. തിലകന്‍ അങ്കിളിന്റെയൊക്കെ കൂടെയുള്ള സീനുകള്‍ കാണുമ്പോള്‍ ഞാന്‍ ആലോചിക്കും നമ്മള്‍ അടുത്ത ഒരു തലമുറയാണല്ലോ, ഭാവിതലമുറയാണ് (Posterity).

പൃഥ്വിരാജ്

ഇപ്പോള്‍ ഞാന്‍ ഇവിടെയിരുന്ന് അവരെക്കുറിച്ച് ആലോചിക്കുന്നത് പോലെ, കുറച്ചു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മറ്റൊരു നടന്‍ എന്റെ സിനിമ കാണുമ്പോള്‍ ഇതേപോലെ ചിന്തിക്കുമായിരിക്കാം.

ഇന്ന് എന്റെ കൂടെ അഭിനയിച്ച ഒരാള്‍, നാളെ ഞാന്‍ മരിച്ചുകഴിയുമ്പോള്‍ എന്റെയൊരു സിനിമ കാണുമ്പോള്‍ ‘ഞാന്‍ അന്ന് പൃഥ്വിരാജിന്റെ കൂടെ…’ എന്ന് ഓര്‍ക്കില്ലേ? അതൊരു ഭയങ്കര സെന്‍സ് ഓഫ് റിഫ്‌ലെക്ഷനാണ്. എനിക്ക് ഇടയ്‌ക്കൊക്കെ അങ്ങനെ തോന്നാറുണ്ട്,’ പൃഥ്വിരാജ് പറയുന്നു.

മുന്‍പ് ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. ‘തന്റെ കൂടെ അഭിനയിച്ച ചുറ്റുമുള്ള പലരും ഇന്ന് ജീവനോടെയില്ലാത്തതിനാല്‍ പഴയ സിനിമകള്‍ കാണാറില്ലെന്ന് ലാലേട്ടന്‍ അടുത്തിടെ പറയുകയുണ്ടായി. ലാലേട്ടനും മമ്മൂക്കയ്ക്കും ഉള്ള അത്തരം ഓര്‍മകളുടെ നൂറിലൊന്ന് പോലും എനിക്കില്ല. എങ്കിലും കുറച്ചൊക്കെ എനിക്കുമുണ്ട്.

രാജന്‍ പി. ദേവ് അങ്കിള്‍, തിലകന്‍ അങ്കിള്‍, മാമുക്കോയ സാര്‍, മാള അങ്കിള്‍, നരേന്ദ്രപ്രസാദ് സാര്‍ എന്നിവരോടൊപ്പമെല്ലാം ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. അത് ഇപ്പോള്‍ കാണുമ്പോള്‍ ശോ, ഇവരാരും ഇന്നില്ലല്ലോ എന്ന് ഞാന്‍ ആലോചിക്കാറുണ്ട്.

പൃഥ്വിരാജ്

എറണാകുളത്ത് ‘ഖലീഫ’യുടെ ഷൂട്ടിനായി ഒരു ദിവസം പോയത് രാജന്‍ പി. ദേവ് അങ്കിളിന്റെ മകളുടെ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. അവിടെ അദ്ദേഹത്തിന്റെ ഫോട്ടോ കണ്ടപ്പോള്‍ ‘പെട്ടെന്ന് അയ്യോ ഇതാരാണ്’ എന്ന് തോന്നിപ്പോയി. ‘ലോലിപ്പോപ്പ്’ സിനിമയുടെ സമയത്തെ ഷൂട്ടിങ് ഓര്‍മ്മകളെല്ലാം മനസ്സിലേക്ക് വന്നു.

വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വേറെ ഏതെങ്കിലും ഒരു നടന്‍ അദ്ദേഹത്തിന്റെ കാരവാനിലിരുന്ന് ‘ഖലീഫ’ പ്ലേ ചെയ്യുമ്പോള്‍, ‘പൃഥ്വിരാജ് ഷൂട്ടിന് വന്നപ്പോള്‍ ഞാന്‍ കണ്ടിട്ടുണ്ട്’ എന്ന് ഒരുപക്ഷേ വിചാരിക്കുമായിരിക്കും. ആ ഒരു സെന്‍സ് ഓഫ് റിഫ്‌ലെക്ഷന്‍ അവര്‍ക്കുമുണ്ടാകും,’ പൃഥ്വിരാജ് പറഞ്ഞു.

അഭിമുഖത്തില്‍ അച്ഛന്‍ സുകുമാരനെക്കുറിച്ചുള്ള ഓര്‍മ്മകളും താരം പങ്കുവെച്ചു. ‘എനിക്ക് ഇപ്പോള്‍ എന്റെ അച്ഛനെ ഒന്ന് കാണണമെന്ന് തോന്നിയാല്‍ യൂട്യൂബില്‍ നോക്കിയാല്‍ മതി, ഒരുപാട് സിനിമകള്‍ കിട്ടും. അതൊക്ക വളരെ നല്ലൊരു കാര്യമാണ്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: I often wonder if they will think about me this way after I pass away says Prithviraj

അക്ഷര

We use cookies to give you the best possible experience. Learn more