| Thursday, 9th July 2026, 4:14 pm

അടി... അടിയോടടി... ഇതൊരൊന്നൊന്നര നോബഡി

അമര്‍നാഥ് എം.

ടൈറ്റില്‍ പോസ്റ്റര്‍ മുതല്‍ റിലീസിന് രണ്ട് ദിവസം മുമ്പ് പുറത്തുവിട്ട ടീസറില്‍ വരെ കഥയെക്കുറിച്ച് ഒരു സൂചനയും തരാത്ത സിനിമയായിരുന്നു ഐ, നോബഡി. രാജീവന്‍ എന്ന സാധാരണക്കാരന്‍ ഒരു വലിയ ബാങ്ക് കൊള്ളയില്‍ ഭാഗമാകേണ്ടി വരുന്നതും പിന്നീട് അയാള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുമാണ് ടീസറില്‍ കാണിച്ചുപോയത്.

ഐ, നോബഡി Photo: Theatrical poster

എന്നാല്‍ അതിനുമപ്പുറം ഒരുപാട് കാര്യങ്ങള്‍ ഐ, നോബഡി പറഞ്ഞുവെക്കുന്നുണ്ട്. റോഷാക്കിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന സിനിമ ടെക്‌നിക്കല്‍ വൈസ് ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമായി മാറി. ഓരോ സീനും, ഓരോ ഷോട്ടും, ചെറിയൊരു ക്യാമറ ആംഗിള്‍ വരെ ഗംഭീരമായി തോന്നിയ ചിത്രമാണ് ഐ, നോബഡി.

ഐ, നോബഡി Photo: Theatrical poster

രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ രണ്ട് മണിക്കൂര്‍ 35 മിനിറ്റ് വരെ ഗംഭീരമായിരുന്നു. ക്ലൈമാക്‌സിനോടടുത്ത് പൊളിറ്റിക്കല്‍ സൈഡിലേക്ക് പോയപ്പോള്‍ അതുവരെയുണ്ടായിരുന്ന ഫ്‌ളോ നഷ്ടമായതായി തോന്നി. എങ്കിലും ഒരിക്കലുമൊരു മോശം സിനിമയായി ഐ, നോബഡിയെ കണക്കാക്കാനാകില്ല. നിസാം ബഷീര്‍ എന്ന സംവിധായകന്‍ മലയാളസിനിമക്ക് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

സിനിമ തുടങ്ങി ടൈറ്റില്‍ കാര്‍ഡ് എഴുതുന്നതുവരെയുള്ള സമയത്ത് തന്നെ അത് അടിവരയിടുന്നുണ്ട്. നായകനായ പൃഥ്വിരാജിനെ സൈഡാക്കി സംവിധായകനും ക്യാമറാമാനും എഡിറ്ററും മ്യൂസിക് ഡയറക്ടറും അഴിഞ്ഞാടിയ സീക്വന്‍സായിരുന്നു ഇത്. പിന്നീട് രാജീവന്‍ എന്ന കഥാപാത്രത്തിന്റെ കൂടെ നമ്മളും സഞ്ചരിക്കുകയാണ്. അയാളുടെ കുടുംബത്തിലെ പ്രശ്‌നങ്ങളും സമൂഹം അയാളെ ട്രീറ്റ് ചെയ്യുന്ന രീതിയും കൃത്യമായി കണക്ടാക്കുന്നുണ്ട്.

ഐ, നോബഡി Photo: Screen grab/ E4 entertainments

വലിയ റീച്ചുള്ള ഏതെങ്കിലും ‘പരദേശി മലയാളി’ യൂട്യൂബ് ചാനല്‍ പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങുന്ന സാധാരണക്കാരെയും അത് ബാധിക്കുന്ന ആളുകളെയും ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്. ക്യാമറയും ഓണ്‍ ചെയ്ത് പരദൂഷണം പരത്തിവിടുന്ന ആ സ്വയം പ്രഖ്യാപിത മാധ്യമപ്രവര്‍ത്തകന്റെ പേര് പോലും തിയേറ്ററുകളെ ഇളക്കിമറിച്ചു.

ഐ, നോബഡി Photo: Screen grab/ E4 entertainments

ഇങ്ങനെ വേണം സിനിമയെടുക്കാന്‍ എന്ന് പറയാന്‍ തോന്നിയ ഫസ്റ്റ് ഹാഫായിരുന്നു ചിത്രത്തിന്റേത്. രണ്ടാം പകുതി ആരംഭിച്ച് ഒരു സമയം വരെ നിലനിര്‍ത്തിയ മൊമന്റവും പിന്നീട് ഫ്‌ളോ പോയ എന്‍ഡിങ്ങും കുറച്ച് പിന്നോട്ട് വലിച്ചിട്ടുണ്ട്. എന്നിരുന്നാലും ‘ഹൂ കെയേഴ്‌സ്’ എന്ന് പുച്ഛത്തോടെ പറഞ്ഞ ഒരു ലൈംഗിക കുറ്റവാളിയുടെ റഫറന്‍സ് സീന്‍ ക്ലൈമാക്‌സിനെ ഗംഭീരമാക്കി.

ഐ, നോബഡി Photo: Screen grab/ E4 entertainments

അഭിനേതാക്കളുടെ പ്രകടനത്തിന് മുമ്പ് എടുത്തുപറയേണ്ടത് ഈ സിനിമയുടെ ടെക്‌നിക്കല്‍ സൈഡാണ്. ക്യാമറമാന്‍ ദിനേശ് പുരുഷോത്തമന്‍, എഡിറ്റര്‍ റമീസ്, മ്യൂസിക് ഡയറക്ടര്‍ ജേക്‌സ് ബിജോയ്, ആക്ഷന്‍ സീനുകള്‍ കൈകാര്യം ചെയ്ത കലൈ കിങ്‌സണ്‍, യാനിക് ബെന്‍, അമിത് ജോളി…. ഇത്രയും ആളുകള്‍ ഈ സിനിമയിലുണ്ടാക്കിയ ഇംപാക്ട് ചെറുതല്ല.

എവിടെയൊക്കെ ക്യാമറ വെക്കാമോ അതെല്ലാം ദിനേശ് പുരുഷോത്തമന്‍ പരീക്ഷിച്ചിട്ടുണ്ട്. സംവിധായകന്‍ എന്താണോ മനസില്‍ കണ്ടത്, അതിനെ കൃത്യമായി അളന്നുമുറിച്ചയാളാണ് റമീസ്. ട്രാന്‍സിഷന്‍ ഷോട്ടുകളുടെ പെരുന്നാളാണ് ഈ സിനിമ. ഒരു നല്ല സിനിമ എങ്ങനെയെടുക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു ടെക്സ്റ്റ്ബുക്കാണ് ഇതിലെ കട്ടുകള്‍. ഹോളിവുഡ് സ്‌റ്റൈല്‍ എന്ന് വിശേഷിപ്പിക്കാവുന്ന ജേക്‌സിന്റെ പെരുപ്പിക്കലും ഗംഭീരം.

ഐ, നോബഡി Photo: Keral 9. com

‘അടി പൊട്ടണം, അതും നല്ല കിണ്ണംകാച്ചിയ ഇടി വേണം’ എന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഐ, നോബഡി ഒരു ട്രീറ്റാണ്. ഫസ്റ്റ് ഹാഫില്‍ വരുന്ന രണ്ട് കിടിലം ഫൈറ്റ് ഈയടുത്ത് വന്നതില്‍ അന്തംവിട്ട് കണ്ടിരുന്ന ഒന്നാണ്. നടുറോട്ടിലും ലിഫ്റ്റിലും ബസിലും, റൂമിലും, ഷോപ്പിങ് മാളിലും തുടങ്ങി അടിയുടെ ഒരു കലവറയാണ് ഈ സിനിമ. ലിഫ്റ്റ് ഫൈറ്റ് അതില്‍ ഒരുപടി മുന്നിട്ട് നില്‍ക്കുന്നുണ്ട്.

ഐ, നോബഡി Photo: E 4 Entertainments

രാജീവന്‍ എന്ന കഥാപാത്രമായി വേഷമിട്ട പൃഥ്വിരാജ്… ഉള്ളിലെ പേടിയും സന്തോഷവും സങ്കടവും പുറത്തുകാണിക്കാനാകാതെ വീര്‍പ്പമുട്ടുന്ന സാധാരണക്കാരുടെ പ്രതിനിധിയായി തകര്‍ത്തു. കഥാപാത്രത്തെ പൃഥ്വി ക്യാരി ചെയ്ത രീതി എടുത്തുപറയേണ്ടതാണ്. ആക്ഷന്‍ സീനുകളിലും തന്റെ 101 ശതമാനം എഫര്‍ട്ട് പൃഥ്വി ഇട്ടിട്ടുണ്ട്.

പാര്‍വതി Photo: E4 Entertainments

ഏറെക്കാലത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ പാര്‍വതിക്കും ഗംഭീര വേഷമായിരുന്നു. ടിപ്പിക്കല്‍ വീട്ടമ്മയായി ഒതുക്കാതെ ആ കഥാപാത്രത്തിനും കൃത്യമായ സ്‌പേസ് സംവിധായകന്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പറഞ്ഞാല്‍ സ്‌പോയിലറായേക്കും. പൃഥ്വിക്കും പാര്‍വതിക്കും ശേഷം ഏറ്റവും കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് കിട്ടിയത് ഹക്കിം ഷായ്ക്കാണ്. കിട്ടുന്ന കഥാപാത്രങ്ങളെയെല്ലാം ഗംഭീരമാക്കുന്ന ഹക്കിം ഷാ ഐ, നോബഡിയിലും നിരാശപ്പെടുത്തിയിട്ടില്ല.

സമീപകാലത്ത് ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങളെ തേടിപ്പിടിച്ച് ചെയ്യുന്ന അശോകനും ഈ സിനിമയില്‍ ഗംഭീരമാക്കി. വന്നുപോകുന്ന സീനിലെല്ലാം നോട്ടബിള്‍ പെര്‍ഫോമന്‍സായിരുന്നു അശോകന്റേത്. ആ കഥാപാത്രത്തിന് നല്‍കിയ ന്യായീകരണവും നല്ലതായിരുന്നു.

അശോകന്‍ Photo: E 4 Entertainments

ശങ്കര്‍ രാമകൃഷ്ണന്‍, മധുപാല്‍, വിജയരാഘവന്‍, നന്ദു, ജിജോയ് രാജഗോപാല്‍, സുധി കോഴിക്കോട്, നിഷാന്ത് സാഗര്‍, ഇര്‍ഷാദ് അലി, ഖാലിദ് റഹ്‌മാന്‍, സുധി കോപ്പ, സഞ്ജു ശിവറാം തുടങ്ങി ആര്‍ട്ടിസ്റ്റുകളുടെ വലിയ നിരയാണ് ഈ സിനിമ. ഓരോരുത്തര്‍ക്കും കൃത്യമായ സ്‌പേസും സിനിമ നല്‍കുന്നുണ്ട്.

ഹക്കിം ഷാ Photo: E 4 Entertainments

പുല്ലും പുല്‍ച്ചാടിയും തവളയും പാമ്പും പരുന്തുമുള്ള ഒരു ഫുഡ് ചെയിനാണ് ഈ സമൂഹം. ഇവിടെ നിലനില്‍ക്കണമെങ്കില്‍ ആരുടെയെങ്കിലും തല തിന്നേ മതിയാകൂ. തന്നെ ഭക്ഷണമാക്കാന്‍ നോക്കിയവരുടെ തല തിന്നാന്‍ തുനിഞ്ഞിറങ്ങിയ രാജീവിന്റെ കഥ തിയേറ്ററില്‍ നിന്ന് കണ്ടനുഭവിക്കേണ്ട ഒരു ചിത്രമാണ്.

Content Highlight: I, Nobody movie review

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more