നിസാം ബഷീറിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തിയ ചിത്രമാണ് ‘ഐ നോബഡി’. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്.
ചിത്രത്തില്‍ പൃഥ്വിരാജിന്റെയും പാര്‍വതി തിരുവോത്തിന്റെയും മകളുടെ വേഷത്തിലെത്തിയത് ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വൈറലായ നക്ഷത്രയാണ്. സെറ്റില്‍ തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ചും മുതിര്‍ന്ന താരങ്ങളുടെ കൂടെ അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങളും പങ്കുവെക്കുകയാണ് ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ നക്ഷത്ര.
തന്റെ ഒരു സൈഡ് കണ്ടാല്‍ പാര്‍വതിയെപ്പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പറയാറുണ്ടെന്നും, സിനിമയുടെ സെറ്റിലെത്തിയപ്പോള്‍ സംവിധായകന്‍ നിസാം ബഷീറും പൃഥ്വിരാജും ഇതേ കാര്യം പറഞ്ഞതായും നക്ഷത്ര പറയുന്നു.
‘എന്റെ റീല്‍സിന് താഴെയൊക്കെ ഞാന്‍ പാര്‍വതി ചേച്ചിയെപ്പോലെയുണ്ടെന്ന് പറഞ്ഞ് കമന്റുകള്‍ വരാറുണ്ട്. ഈ സിനിമയിലേക്ക് വന്നപ്പോള്‍ നിസാം ബ്രോയും പൃഥ്വിരാജ് സാറും ഇതേ കാര്യം എന്നോട് പറഞ്ഞു.
ഐ നോബഡിയില്‍ നിന്നുള്ള രംഗം Photo: Trailer Screen Grab/ E4 Entertainment and Sony Music South
ഞാന്‍ അഭിനയിച്ചതില്‍ വെച്ച് ഏറ്റവും മികച്ച ലൊക്കേഷനായിരുന്നു ‘ഐ നോബഡി’യുടേത്. ലൊക്കേഷനില്‍ ഞങ്ങള്‍ എല്ലാവരും ഭയങ്കര ഫണ്ണായിരുന്നു. ചില സമയങ്ങളില്‍ നിസാം ബ്രോ ഒരു പട്ടിക്കുട്ടിയെ സെറ്റിലേക്ക് കൂട്ടി വരും, പിന്നെ ഞങ്ങള്‍ അതിന്റെ കൂടെയായിരിക്കും കളി,’ നക്ഷത്ര പറഞ്ഞു.
ഷൂട്ടിങ്ങിനിടയില്‍ തെറ്റുകള്‍ വരുത്തിയാല്‍ ആരെങ്കിലും വഴക്കുപറയുമോ എന്ന പേടിയുണ്ടായിരുന്നെന്നും എന്നാല്‍ പൃഥ്വിരാജും പാര്‍വതിയും നല്‍കിയ പിന്തുണ ആ ഭയം മാറ്റിയെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘പാര്‍വതി ആന്റിയും പൃഥ്വി അങ്കിളുമൊക്കെ ഭയങ്കര അടിപൊളിയാണ്, നമ്മളോട് ഭയങ്കര ഫ്രീയായിട്ടാണ് സംസാരിക്കാറ്. അതുകൊണ്ടുതന്നെ എന്റെ പേടിയെല്ലാം മാറി. ടേക്ക് എടുക്കുന്ന സമയത്ത് പൃഥ്വി സാര്‍ അഭിനയിക്കേണ്ടതിനെക്കുറിച്ച് നല്ല ടിപ്പുകള്‍ പറഞ്ഞുതരുമായിരുന്നു. ഞാന്‍ സാര്‍ പറഞ്ഞുതരുന്നതുപോലെ തന്നെ ചെയ്തുകൊടുക്കും.
ഐ നോബഡി പ്രൊമോഷന്‍ പരിപാടിക്കിടെ photo: Nakshatra Instagram/screengrab
പാര്‍വതി ആന്റിയാണെങ്കില്‍ ടെന്‍ഷന്‍ വരുമ്പോള്‍ നന്നായി ശ്വാസമെടുക്കാനും റിലാക്‌സ് ചെയ്യാനുമൊക്കെയാണ് പഠിപ്പിച്ചുതന്നത്. സംവിധായകന്‍ നിസാം ബഷീര്‍ അങ്കിളിനെ ഞാന്‍ ‘ബ്രോ’ എന്നാണ് വിളിക്കാറ്,’ നക്ഷത്ര പറഞ്ഞു.
മലയാളത്തിന് പുറമെ തെലുങ്കിലും കന്നഡയിലും നക്ഷത്ര മുന്‍പ് അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ രവി തേജയ്‌ക്കൊപ്പവും കന്നഡയില്‍ ശിവരാജ് കുമാറിനൊപ്പവും അഭിനയിച്ച അനുഭവവും താരം പങ്കുവെച്ചു. അവിടെയെല്ലാം സിനിമയില്‍ തന്റെ അച്ഛന്‍മാരായി അഭിനയിച്ചവരെല്ലാം ഭയങ്കര അടിപൊളിയായിരുന്നു എന്നും, ആദ്യ ദിവസം തന്നെ എല്ലാവരും നല്ല സുഹൃത്തുക്കളാകുമെന്നും നക്ഷത്ര കൂട്ടിച്ചേര്‍ത്തു.
പെര്‍ഫോമന്‍സ് കൊണ്ടും മേക്കിങ് കൊണ്ടും മികച്ച നിലവാരം പുലര്‍ത്തുന്ന ‘ഐ നോബഡി’യില്‍ പാര്‍വതി തിരുവോത്ത്, ഹക്കീം ഷാജഹാന്‍, അശോകന്‍, ശങ്കര്‍ രാമകൃഷ്ണന്‍, നിഷാന്ത് സാഗര്‍, മധുപാല്‍ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content Highlight: I Nobody Actress Nakshatra about Parvathy and Prithviraj