പ്രേമലു 2 വേണ്ടെന്ന് വെച്ച തീരുമാനത്തെക്കുറിച്ചും ബെത്‌ലഹേമിന്റെ റിലീസിന് ശേഷം ഇപ്പോള്‍ അനുഭവിക്കുന്ന ആശ്വാസത്തെക്കുറിച്ചും തുറന്നുപറഞ്ഞ് സംവിധായകന്‍ ഗിരീഷ് എ.ഡി. ഇപ്പോള്‍ താന്‍ ഹാപ്പിയാണെന്നും അതിലുപരി വലിയൊരു റിലീഫുണ്ടെന്നും ഗിരീഷ് പറയുന്നു. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗിരീഷ്.
‘പ്രേമലു ഇറങ്ങിയിട്ട് രണ്ടര വര്‍ഷമായി. അത് കഴിഞ്ഞ് കാതലന്‍ ഇറങ്ങിയെങ്കിലും ആ റിലീസ് ഭയങ്കര സംഭവമായിരുന്നില്ല. അതിന്റെയും ഒന്നര വര്‍ഷം മുന്‍പ് റിലീസ് ആകേണ്ടതായിരുന്നു അത്. പിന്നെ പ്രേമലുവിന്റെ ഓളത്തിന് ശേഷമാണ് അത് ഇറങ്ങിയത്. അതിന് ശേഷം ഇപ്പോഴാണ് പുതിയ പടം വരുന്നത്. അതിനിടയില്‍ പ്രൊഫഷണലി കുറച്ച് പ്രശ്‌നമുണ്ടായി. ആ അലമ്പില്‍ ഇരുന്നാണ് ബെത്ലഹേം എഴുതിയത്,’ ഗിരീഷ് പറഞ്ഞു.
പ്രേമലു 2 കഴിഞ്ഞിട്ടേ ഇനി എന്തും ഉള്ളൂ എന്ന രീതിയില്‍ പരിപാടികള്‍ മുന്നോട്ട് കൊണ്ടുപോയ്‌ക്കൊണ്ടിരിക്കെയാണ് ഇനി ബെത്ലഹേം ചെയ്യാം എന്നൊരു അവസ്ഥയിലേക്ക് ഫോഴ്സ്ഫുളി എത്തേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആ അവസ്ഥയില്‍ ആരും മറ്റൊരു സിനിമയ്ക്ക് വേണ്ടി ഇരിക്കുമെന്ന് തോന്നുന്നില്ല. കുറേ നാളത്തേക്ക് എന്തായാലും സിനിമ ചെയ്യാതിരിക്കുകയും എവിടെയെങ്കിലും പോയി റെസ്റ്റ് ചെയ്യാമെന്നേ വിചാരിക്കുള്ളൂ. കാരണം അതിന് വേണ്ടി അത്രയും വര്‍ക്ക് ചെയ്തിരുന്നു. പ്രീ പ്രൊഡക്ഷന്‍ തന്നെ ഏകദേശം എക്ഹോസ്റ്റഡ് ആയിരുന്നു.
എന്നിട്ട് അടുത്ത പടത്തിന്റെ സ്‌ക്രിപ്റ്റ് അവിടുന്ന് എഴുതിത്തുടങ്ങുക എന്നത് ടാസ്‌ക് ആയിരുന്നു. ഇത് ഹിറ്റാകണം, നഷ്ടം വരരുത് എന്നൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. 102 ദിവസത്തെ പരിപാടികളൊക്കെ കഴിഞ്ഞ് എല്ലാം കഴിഞ്ഞ് ഇറങ്ങി. പ്രതീക്ഷയുണ്ടായിരുന്നു. ഇപ്പോള്‍ എനിക്ക് റിലീഫാണ് ഉള്ളത്. സന്തോഷം ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ,’ അദ്ദേഹം പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സും തങ്ങളും ബാക്കി ആക്ടേഴ്‌സും ഉറ്റു നോക്കിക്കൊണ്ടിരുന്ന വലിയ പടമായിരുന്നു പ്രേമലു 2 എന്നും ഗിരീഷ് പറഞ്ഞു.
‘ഞാന്‍ തന്നെയാണ് അത് പെട്ടെന്ന് വേണ്ടെന്ന് വെച്ചത്. അങ്ങനെ തീരുമാനിക്കേണ്ടി വന്നു. അല്ലായിരുന്നെങ്കില്‍ അത് അതിനേക്കാള്‍ വലിയ പണികളിലേക്ക് പോയെനെ.
ഞാനും കിരണും പറയാറുണ്ട്, ഞങ്ങള്‍ ഇതില്‍ അഭിമാനിക്കാമെന്ന്. കാരണം യൂഷ്വലി ആരും അത് ചെയ്യില്ല. അടുത്ത ദിവസം ഇത് മാറ്റിവെച്ച് അതിന്റെ അവശിഷ്ടങ്ങള്‍ മാറ്റിവെച്ച് മറ്റൊരു പടത്തിന് വേണ്ടി ഒന്ന് എന്ന രീതിയില്‍ എഴുതി തുടങ്ങുക എന്നത് മെന്റലി ഭയങ്കര ടാസ്‌കാണ്. അതിലൂടെ കടന്നുപോകുന്നവര്‍ക്കേ അതറിയുള്ളൂ,’ ഗിരീഷ് കൂട്ടിച്ചേര്‍ത്തു.
ബെത്‌ലഹേമിന് കിട്ടിയ റിസള്‍ട്ടിനെ വേണമെങ്കില്‍ കാവ്യനീതി എന്നൊക്കെ വിശേഷിപ്പിക്കാമെന്നും ഗിരീഷ് പറഞ്ഞു. കഴിഞ്ഞ പോയ കാര്യം ഓര്‍ത്തിരുന്നിട്ട് കാര്യമില്ല. പിന്നെ നമ്മള്‍ ഈ പരിപാടിയിലേക്ക് ഇറങ്ങുമ്പോള്‍ ഇതൊക്കെ പ്രതീക്ഷിച്ചിട്ട് ഇറങ്ങിയാല്‍ മതിയാകും.
പരാജയങ്ങള്‍ സംഭവിക്കാമെന്നും ഇതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാകാമെന്നും മനസ്സിലാക്കിയിട്ട് ഈ ഫീല്‍ഡിലേക്ക് ഇറങ്ങിയാല്‍ മതിയെന്നും ഗിരീഷ് എ.ഡി അഭിമുഖത്തില്‍ പറഞ്ഞു.
Content Highlight: I myself decided to scrap ‘Premalu 2’, Girish A.D.