| Sunday, 20th September 2026, 8:20 pm

എനിക്ക് തെറ്റുപറ്റി, ക്ഷമിക്കണം; ഗസയിലെ സ്ഥിതി ദുരന്തപൂര്‍ണം, ന്യായീകരിക്കാനാകില്ല: ഒടുവില്‍ പ്രതികരിച്ച് എഡ്. ഷീരന്‍

അഞ്ജു ചന്ദ്രന്‍

വാഷിങ്ടണ്‍: ഗസയിലെ സാഹചര്യം ദുരന്തപൂര്‍ണവും ന്യായീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടീഷ് പോപ് ഗായകന്‍ എഡ് ഷീരന്‍. ഫിലഡല്‍ഫിയയിലെ ലിങ്കണ്‍ ഫിനാന്‍ഷ്യല്‍ ഫീല്‍ഡില്‍ നടന്ന സംഗീതപരിപാടിക്കിടെയായിരുന്നു താരത്തിന്റെ പ്രതികരണം.

ഗസയില്‍ സാധാരണക്കാരുടെയും കുട്ടികളുടെയും ജീവന്‍ നഷ്ടപ്പെടുന്നതിന്റെ വ്യാപ്തി തന്നെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഗസ വിഷയത്തില്‍ നേരത്തെ പരസ്യമായി പ്രതികരിക്കാതിരുന്നതിനെ തുടര്‍ന്ന് ഷീരനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

തന്റെ സംഗീതപരിപാടികള്‍ രാഷ്ട്രീയ വേദിയാക്കാന്‍ താത്പര്യമില്ലെന്നും സംഗീതത്തിലൂടെ ഐക്യവും മാനവികതയും ഉയര്‍ത്തിപ്പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യം മാനവിക വിഷയമായതിനാല്‍ ഇനിയും മൗനം പാലിക്കാനാകില്ലെന്ന് ഫിലഡല്‍ഫിയയിലെ വേദിയില്‍ ഷീരന്‍ കൂട്ടിച്ചേര്‍ത്തു.

സെപ്റ്റംബര്‍ ആദ്യവാരം ന്യൂജേഴ്സിയില്‍ നടന്ന പരിപാടിക്കിടെ ഗ്രാമി ജേതാവായ മാക്കിള്‍മോര്‍ ഫലസ്തീന്‍ ജനതയ്ക്ക് വേണ്ടി സംസാരിക്കുകയും ‘ഫ്രീ ഫലസ്തീന്‍’ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ഇസ്രഈയേല്‍ അനുകൂലികളില്‍ നിന്നും സംഘാടകര്‍ക്ക് വലിയ സമ്മര്‍ദ്ദമുണ്ടായി. തുടര്‍ന്നാണ് മാക്കിള്‍മോറിനെ ഗായകസംഘത്തില്‍ നിന്ന് ഒഴിവാക്കിയത്. ഇത് എഡ് ഷീരനെതിരെ വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആരാധകരെ നിരാശരാക്കാനോ താനൊരു ആക്ടിവിസ്റ്റാകാനോ ആഗ്രഹിക്കുന്നില്ലെന്ന് എഡ് ഷീരന്‍ വേദിയില്‍ പറഞ്ഞിരുന്നു.

‘ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണം ഭയാനകമായിരുന്നെന്നും എന്നാല്‍ ഗസയിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ അങ്ങേയറ്റം നീതീകരിക്കാനാവാത്ത ദുരന്തമാണ്. നിരവധി കുട്ടികളുടെയും സാധാരണക്കാരുടെയും മരണം ഹൃദയഭേദകമാണ്.

വെസ്റ്റ് ബാങ്കിലെ അനീതി കണ്ടില്ലെന്ന് നടിക്കാനാകില്ല. ഈ ആഴ്ചയില്‍ വളരെ സങ്കീര്‍ണമായ ചില വിഷയങ്ങളില്‍ ഞാന്‍ സ്വീകരിച്ച തീരുമാനങ്ങളില്‍ തെറ്റുപറ്റി. എനിക്കും വീഴ്ച സംഭവിച്ചു, അതിലെനിക്ക് അതിയായ വിഷമമുണ്ട്,’ എഡ് ഷീരന്‍ ആരാധകരോട് പറഞ്ഞു.

തന്റെ വേദികള്‍ രാഷ്ട്രീയ വേദികളല്ലെന്നും ആര്‍ക്കും കടന്നുവരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഗായകസംഘത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ എഡ് ഷീരനോട് യാതൊരു വിരോധവുമില്ലെന്ന് മാക്കിള്‍മോര്‍ പ്രതികരിച്ചു.

തങ്ങള്‍ വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണെന്നും ഫലസ്തീന്‍ ജനത അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് മുന്നില്‍ തന്റെ നഷ്ടങ്ങള്‍ ഒന്നുമല്ലെന്നും താനോ എഡ് ഷീരനോ അല്ല ഇവിടുത്തെ ഇരകള്‍, അത് ഫലസ്തീനിലെ ജനങ്ങളെന്നും അദ്ദേഹം പറഞ്ഞതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സത്യം പറയുമ്പോള്‍ പണവും ബ്രാന്‍ഡും അവസരങ്ങളും നഷ്ടപ്പെട്ടേക്കാം, എന്നാല്‍ അടിച്ചമര്‍ത്തുന്നവര്‍ക്കും ഇരകള്‍ക്കുമിടയില്‍ നിഷ്പക്ഷമായി നില്‍ക്കാന്‍ തനിക്കാവില്ലെന്നും മാക്കിള്‍മോര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: I made a mistake, I’m sorry; the situation in Gaza is catastrophic and unjustifiable: Ed Sheeran finally responds.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more