| Thursday, 9th January 2025, 9:09 pm

ഒരു യുദ്ധം ജയിച്ച ആഹ്ലാദത്തിലല്ല ഞാൻ, നിവൃത്തികെട്ട് പ്രതികരിച്ചതാണ്, പ്രതിരോധിച്ചതാണ്: ഹണി റോസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റിന് പിന്നാലെ പ്രതികരിച്ച് ഹണി റോസ്. തനിക്ക് ഒരു യുദ്ധം ജയിച്ച പ്രതീതിയല്ല ഉള്ളതെന്നും നിർത്താതെ പിന്നെയും പിന്നെയും പിന്നെയും തന്നെ വേദനിപ്പിച്ചത് കൊണ്ട് നിവൃത്തികെട്ട് താൻ പ്രതികരിച്ചതാണെന്ന് ഹണി തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.

‘ഒരു യുദ്ധം ജയിച്ചതിൻ്റെ ആഹ്ലാദത്തിൽ അല്ല ഞാൻ. നിർത്താതെ പിന്നെയും പിന്നെയും പിന്നെയും എന്നെ വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് ഞാൻ പ്രതികരിച്ചതാണ്. പ്രതിരോധിച്ചതാണ്.

ആരെയും ഉപദ്രവിക്കാൻ ഞാൻ ആഗ്രഹിച്ചിട്ടില്ല. ആരുടേയും വേദനയിൽ ഞാൻ ആഹ്ലാദിക്കുകയും ഇല്ല. ഇനിയും പരാതികളുമായി പൊലീസ് സ്റ്റേഷനിൽ പോകാൻ ഉള്ള അവസ്ഥകൾ എനിക്ക് ഉണ്ടാകാതെ ഇരിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. പ്രാർത്ഥിക്കുന്നു. നമ്മുടെ നിയമവ്യവസ്‌ഥക്ക് വലിയ ശക്തിയുണ്ട്, സത്യത്തിനും,’ ഹണി കുറിച്ചു.

ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യം എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 2 നിഷേധിച്ചിരുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള തുടര്‍ച്ചയായ അശ്ലീല പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് പരാതി നല്‍കിയത്. ഇന്നലെ (ചൊവ്വാഴ്ച)യാണ് ബോബി ചെമ്മണ്ണൂരിനെതിരെ ഹണി പരാതി നല്‍കിയത്.

നാല് മാസങ്ങള്‍ക്ക് മുമ്പ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്വര്‍ണ്ണക്കടയുടെ ഉദ്ഘാടനത്തിനിടെയാണ് ദ്വയാര്‍ത്ഥപ്രയോഗവുമായി ബോബി ചെമ്മണ്ണൂര്‍ ഹണി റോസിനെ അധിക്ഷേപിച്ചത്. തുടര്‍ന്ന് സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപം തുടരുകയായിരുന്നു.

ഇനിയും അവഹേളനമുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ഹണി റോസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

പിന്നാലെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ച മുപ്പതോളം പേര്‍ക്കെതിരെ ഹണി റോസ് പരാതി നല്‍കുകയും നിയമനടപടിയുണ്ടാവുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബോബി ചെമ്മണ്ണൂർ കസ്റ്റഡിയിലെന്ന വിവരം പുറത്തുവരുന്നത്.

Content Highlight: I’m not jubilant about winning a battle, I’m just reacting and defending: Honey Rose

We use cookies to give you the best possible experience. Learn more