| Thursday, 8th October 2026, 8:46 am

വീമ്പുപറയുകയല്ല, എട്ട് യുദ്ധങ്ങള്‍ ഞാന്‍ അവസാനിപ്പിച്ചു: എനിക്ക് നൊബേല്‍ തന്നില്ലെങ്കില്‍ കമ്മിറ്റി സ്വയം അപമാനിക്കപ്പെടും: ട്രംപ്

നിഷാന. വി.വി

വാഷിങ്ടണ്‍: ലോകത്തിലെ എട്ട് വലിയ യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് താനാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തീര്‍ച്ചയായും തനിക്ക് നൊബേല്‍ സമ്മാനത്തിന് അര്‍ഹതയുണ്ടെന്ന് ആവര്‍ത്തിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ അവകാശവാദം.

‘മറ്റാരും ചെയ്യാത്ത കാര്യങ്ങളാണ് ഞാന്‍ ചെയ്തത്. ഞാന്‍ വീമ്പ് പറയുകയല്ല. വസ്തുതകള്‍ വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നത്. മറ്റൊരു പ്രസിഡന്റും ഇത്രയും യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടാവില്ല,’ ട്രംപ് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്നെ അംഗീകരിച്ചില്ലെങ്കില്‍ നൊബേല്‍ കമ്മിറ്റി സ്വയം അപമാനിക്കപ്പെടുമെന്നും സമാധാനം സ്ഥാപിക്കാനുള്ള തന്റെ ശ്രമങ്ങള്‍ തുടരുകയാണെന്നും യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടു. മുന്‍ പ്രസിഡന്റ് ബരാക് ഒബാമേയെക്കാള്‍ നൊബേല്‍ സമ്മനാത്തിനര്‍ഹന്‍ താനാണെന്നും 2009ല്‍ എന്തിനാണ് അങ്ങനെയൊരു അവാര്‍ഡ് ലഭിച്ചതെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ലെന്നും ട്രംപ് പറഞ്ഞു.

എന്നാല്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ പലതും വസ്തുതാവിരുദ്ധമാണെന്ന് അന്താരാഷ്ട്ര ഫാക്ട് ചെക്കിങ് ഏജന്‍സികള്‍ ചൂണ്ടിക്കാണിക്കുന്നു. ട്രംപ് ചൂണ്ടിക്കാട്ടുന്ന പല സംഘര്‍ഷങ്ങളും ഔദ്യോഗികമായി യുദ്ധങ്ങളായിരുന്നില്ലെന്നും, അവയില്‍ യു.എസിന്റെ ഇടപെടല്‍ വ്യത്യസ്ത രീതിയിലായിരുന്നുവെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.

ഇന്ത്യ-പാകിസ്താന്‍, ഇസ്രഈല്‍-ഇറാന്‍, കംബോഡിയ -തായ്ലാന്റ്, സെര്‍ബിയ-കൊസോവോ, റുവാണ്ട-ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്-ഇത്യോപ്യ, അര്‍മേനിയ-അസര്‍ബൈജാന്‍ എന്നീ സംഘര്‍ഷങ്ങളും, ഇസ്രായേലും അറബ് രാജ്യങ്ങളും തമ്മിലുള്ള അബ്രഹാം ഉടമ്പടിയുമാണ് ട്രംപ് പ്രധാനമായും തന്റെ നേട്ടങ്ങളായി ഉന്നയിക്കുന്നത്.

എന്നാല്‍ പാക്കിസ്ഥാന്‍-യുദ്ധം അവസാനിപ്പിക്കുന്നതില്‍ യു.എസിന് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. തന്റെ ആദ്യ ഭരണകാലം മുതല്‍ തന്നെ നൊബേല്‍ സമ്മാനത്തിനായി ട്രംപ് മുറവിളി കൂട്ടുന്നുണ്ട്.

Content Highlight: “I’m not boasting, but I ended eight wars; if the committee doesn’t award me the Nobel, it will disgrace itself,” says Trump.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more