താന്തോന്നി എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്ക് എത്തിയ നടനാണ് ഷെയ്ന്‍ നിഗം. പിന്നീട് കിസ്മത്ത്, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്, ആര്‍.ഡി.എക്‌സ്, ഏറ്റവും പുതിയ ചിത്രം ബൾട്ടി എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തു. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടുകളുടെ പേരില്‍ നടന്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരുന്നു.
ഗസയില്‍ നടക്കുന്ന വംശഹത്യക്കെതിരെ നടന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. എന്നാല്‍ അതിന് പിന്നാലെ ഷെയ്‌നെതിരെ സൈബറാക്രമണവും നടന്നിരുന്നു. ഷെയ്‌ന്റെ മതം മുന്‍നിര്‍ത്തിയായിരുന്നു ആക്രമിച്ചത്. ഇപ്പോള്‍ തന്റെ നിലപാടുകളില്‍ നിന്ന് പുറകോട്ടില്ലെന്ന് വീണ്ടും ഊന്നിപ്പറയുകയാണ് ഷെയ്ന്‍.
തനിക്ക് ഒരുപാട് രാഷ്ട്രീയ ബോധമില്ലെന്നും താന്‍ ബുദ്ധിജീവിയല്ലെന്നും നടന്‍ പറഞ്ഞു. പ്രതികരിച്ചത് വിവാദമായപ്പോഴും ഭയപ്പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ അത്രയധികം രാഷ്ട്രീയ ബോധമുള്ള വ്യക്തിയോ, ബുദ്ധിജീവിയോ അല്ല. ഉമ്മയും സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് എന്റെ ലോകം. വളരെ ചുരുക്കം ചില കൂട്ടുകാര്‍ മാത്രമാണ് എനിക്കുള്ളത്.
വാപ്പച്ചി ഉണ്ടായിരുന്നപ്പോള്‍ കൂടുതലായൊന്നും ശ്രദ്ധിക്കേണ്ടി വന്നിട്ടില്ല. ഇന്ന് ഞാനും ഉമ്മയും സഹോദരിമാരും ഒന്നിച്ചാണ് വീട്ടുകാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്. കുടുംബത്തിന് പുറത്തുള്ള ലോകം ഞാന്‍ കാണുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ലോകത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അറിയുന്നതും അഭിപ്രായരൂപവത്കരണത്തിന് വിവരങ്ങള്‍ തേടുന്നതും സോഷ്യല്‍ മീഡിയയിലൂടെ തന്നെ. ദൈവം സൃഷ്ടിച്ച ആണ്‍, പെണ്‍ വേര്‍തിരിവുകള്‍ക്കപ്പുറത്ത് ജാതി, മതം, രാജ്യം… തുടങ്ങി മനുഷ്യര്‍ ഉണ്ടാക്കിയ വേര്‍തിരിവുകള്‍ ഞാന്‍ നോക്കാറില്ല,’ ഷെയ്ന്‍ നിഗം പറഞ്ഞു.
ഫലസ്തീനുവേണ്ടി പ്രതികരിച്ചത് വിവാദമായപ്പോഴും ഭയപ്പെട്ടില്ല. കാരണം മനോവികാരങ്ങളെ വിലമതിക്കുന്നു. താന്‍ നോക്കിയപ്പോള്‍ കുറെ കുഞ്ഞുങ്ങളും അമ്മമാരും മരിച്ചുവീഴുന്നു. അത് സഹിക്കാന്‍ പറ്റുന്നതിനപ്പുറം ആയിരുന്നു. അവിടെയും തന്റെ മതം നോക്കി ചിലര്‍ വിമര്‍ശനവുമായി വന്നപ്പോള്‍ വിഷമം തോന്നി. തന്റെ രാഷ്ട്രീയം മനുഷ്യത്വമാണ്. അതുകൊണ്ട് പ്രതികരിച്ചതാണെന്നും ഷെയ്ന്‍ നിഗം കൂട്ടിച്ചേര്‍ത്തു.
Content Highlight: I’m not afraid of controversies says Shane Nigam