| Friday, 9th October 2026, 4:00 pm

'ലോഹിയേട്ടനെപ്പോലെയോ ശ്രീനിയേട്ടനെപ്പോലെയോ ബ്രില്യന്റ് റൈറ്റര്‍ അല്ല ഞാന്‍: ആവര്‍ത്തനം എന്റെ പരിമിതിയാണ്: അനൂപ് മേനോന്‍

ആര്യ.പി

അനൂപ് മേനോന്‍ സിനിമകളിലെ കഥകള്‍ വ്യത്യസ്തമാണെങ്കിലും ചില കഥാപാത്രങ്ങളുടെ സ്വഭാവങ്ങളും വൈകാരിക സംഘര്‍ഷങ്ങളും ആവര്‍ത്തിക്കപ്പെടാറുണ്ട്. ഏകാന്തത അനുഭവിക്കുന്നവര്‍, രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവര്‍, ബന്ധങ്ങളില്‍ വിശ്വാസം നഷ്ടപ്പെടുന്നവര്‍, സമൂഹത്തിന്റെ സദാചാര സങ്കല്‍പ്പങ്ങളുമായി ഏറ്റുമുട്ടുന്നവര്‍ തുടങ്ങി സമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍ അദ്ദേഹത്തിന്റെ സിനിമകളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്.

ഇത് ബോധപൂര്‍വം സൃഷ്ടിച്ച ഒരു സിനിമാറ്റിക് യൂണിവേഴ്സാണോ എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് അനൂപ് മേനോന്‍. എഴുത്തിലെ തന്റെ പരിമിതികളാണ് കഥാപാത്രങ്ങളിലെ ഇത്തരം ആവര്‍ത്തനങ്ങള്‍ക്ക് പിന്നിലെന്നാണ് അനൂപ് മേനോന്റെ വിശദീകരണം.

ലോഹിതദാസിനെയും ശ്രീനിവാസനെയും പോലുള്ള എഴുത്തുകാരുടെ വിശാലമായ എഴുത്തുലോകവുമായി താരതമ്യം ചെയ്യുമ്പോള്‍ തന്റേത് വളരെ പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സ്ത്രീകളെ പരമ്പരാഗത ചട്ടക്കൂടുകളില്‍ തളച്ചിടുന്ന സമൂഹത്തില്‍ അവരെ സ്വതന്ത്രമായി അവതരിപ്പിക്കാന്‍ താന്‍ നടത്തിയ ചെറിയ ശ്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. തന്റെ നായകന്മാര്‍ ‘മാച്ചോ’ പുരുഷന്മാരായിരിക്കില്ലെന്നും തനിക്ക് പരിചിതമായ ജീവിതപരിസരങ്ങളില്‍നിന്നാണ് കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നും അനൂപ് മേനോന്‍ പറയുന്നു.

‘ലോഹിയേട്ടനെപ്പോലെയോ ശ്രീനിയേട്ടനെപ്പോലെയോ ബ്രില്യന്റായിട്ടുള്ള റൈറ്റര്‍ അല്ലാത്തതുകൊണ്ടായിരിക്കാം എന്റെ സിനിമകളില്‍ ചില കഥാപാത്രങ്ങള്‍ ആവര്‍ത്തിക്കുന്നത്. അതെന്റെ മേന്മയല്ല. അവരുടെ എഴുത്തിന്റെ വിതാനങ്ങള്‍ വളരെ വിസ്തൃതമാണ്. അവരുടെ സ്‌കോപ്പ് ഭയങ്കര വലുതാണ്. എന്റേത് ലിമിറ്റഡാണ്.

ഒരു ആക്ടര്‍ എന്ന നിലയിലും റൈറ്റര്‍ എന്ന നിലയിലും ഞാന്‍ എന്നെത്തന്നെ അത്ര സീരിയസായി കാണുന്ന ഒരാളല്ല. ഇതൊക്കെ ഒരു ഉപജീവനം കൂടിയാണ്’, അനൂപ് മേനോന്‍ പറഞ്ഞു.

അനൂപ് മേനോന്റെ സിനിമകളിലെ സ്ത്രീകഥാപാത്രങ്ങള്‍ പലപ്പോഴും പുരുഷകഥാപാത്രങ്ങളുടെ വൈകാരിക ജീവിതത്തെ മാറ്റിമറിക്കുന്നവരായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, പുരുഷന്റെ കഥാഗതിയെ മുന്നോട്ടുകൊണ്ടുപോകാനുള്ള ഉപാധികള്‍ മാത്രമാണോ ഈ സ്ത്രീകഥാപാത്രങ്ങള്‍ എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നല്‍കുന്നുണ്ട്.

‘ട്രിവാന്‍ഡ്രം ലോഡ്ജിലെ ധ്വനി, ഡോള്‍ഫിന്‍സിലെ കല്‍പ്പന ചേച്ചി, മെഴുകുതിരി അത്താഴത്തിലെ മിയ, പദ്മയിലെ സുരഭി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ലിബറേറ്റഡ് ആയിട്ടുള്ള സ്ത്രീകളാണ്.

നമ്മുടെ പുസ്തകങ്ങളെല്ലാം സ്ത്രീകളെ തളച്ചിടാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടവയാണ്. വലിയ ഗ്രന്ഥങ്ങളില്‍ പലതും അങ്ങനെയാണ്. പാശ്ചാത്യ സാഹിത്യത്തിലെ ചില കൃതികള്‍ ഈ കാഴ്ചപ്പാടിനെ മാറ്റിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പല പുസ്തകങ്ങളും പെയിന്റിങ്ങുകളും വിലക്കപ്പെട്ടെങ്കിലും കൂടുതല്‍ ശക്തിയോടെ തിരിച്ചുവന്നിട്ടുണ്ട്.

സാംസ്‌കാരികമായും അല്ലാതെയും സ്ത്രീകളെ തളച്ചിട്ട ഒരു സമൂഹമാണ് നമ്മുടേത്. ആ സാഹചര്യത്തില്‍ എനിക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യമാണ് ഞാന്‍ ചെയ്തത്. എനിക്ക് അറിയാവുന്ന ടെറിട്ടറിയെക്കുറിച്ചാണ് ഞാന്‍ എഴുതിയത്. എന്റെ നായകന്മാര്‍ മാച്ചോ മെന്‍ ആയിരിക്കില്ല’, അനൂപ് മേനോന്‍ വ്യക്തമാക്കി.

പ്രണയകഥകളായാലും ത്രില്ലറുകളായാലും കുടുംബചിത്രങ്ങളായാലും ഇന്ന് സിനിമകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ക്രിഞ്ച് ഫാക്ടറാണെന്നും അതിനെ മറികടക്കാന്‍ മികച്ച തിരക്കഥ ആവശ്യമാണെന്നും അനൂപ് മേനോന്‍ പറയുന്നു.

‘ഇന്ന് എല്ലാ സിനിമകളും നേരിടുന്ന ചലഞ്ചാണ് ക്രിഞ്ച് ഫാക്ടര്‍. പ്രണയമായാലും ത്രില്ലറായാലും കുടുംബകഥയായാലും അതുണ്ട്. എഴുത്തിലൂടെ മാത്രമേ അതിനെ മറികടക്കാന്‍ കഴിയൂ.

മെലോഡ്രാമാറ്റിക്കായ സംഭാഷണങ്ങളും സാഹചര്യങ്ങളുമൊക്കെ ഇന്ന് പ്രേക്ഷകര്‍ക്ക് കോമഡിയായി തോന്നുന്നുണ്ട്. പണ്ട് നമ്മള്‍ കൈയടിച്ച പല പ്രകടനങ്ങളും ഇന്ന് ഡ്രമാറ്റിക്കായും ക്രിഞ്ചായും മാറുന്നു. എഴുപതുകളില്‍ കണ്ട് കൈയടിച്ച പല രംഗങ്ങളും പിന്നീട് ക്രിഞ്ചായി മാറിയില്ലേ? മീമുകള്‍ക്ക് വഴിവെച്ചില്ലേ?

ഇന്നത്തെ സിനിമകളിലെ പല കാര്യങ്ങളും കാലക്രമേണ മാറും. അതിനെ മറികടക്കാന്‍ ബ്രില്യന്റായ എഴുത്ത് ആവശ്യമാണ്’, അനൂപ് മേനോന്‍ പറഞ്ഞു.

Content Highlight: ‘I’m Not a Brilliant Writer Like Lohithadas or Sreenivasan; Repetition Is My Limitation’: Anoop Menon

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more