| Thursday, 13th August 2026, 7:40 pm

ആന്റണിയുടെ കൈ ദുല്‍ഖറിന് തുന്നിച്ചേര്‍ക്കുന്നതാണോ ഐ ആം ഗെയിമിന്റെ കഥ; പ്രതികരിച്ച് എഴുത്തുകാര്‍

അശ്വിന്‍ രാജേന്ദ്രന്‍

പ്രഖ്യാപനം മുതല്‍ തന്നെ സിനിമാ ലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു ദുല്‍ഖര്‍ സല്‍മാന്റെ ഐ ആം ഗെയിം. ആര്‍.ഡി.എക്‌സ് എന്ന ആക്ഷന്‍ പാക്ക്ഡ് ഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 20നാണ് തിയേറ്ററുകളിലെത്തുക എന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇതോടെ ചിത്രവുമായി ബന്ധപ്പെട്ട് ഒട്ടനവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

ഓണത്തിന് ക്ലാഷ് റിലീസ് ഭയന്ന് ദുല്‍ഖര്‍ ചിത്രം പിന്മാറുകയാണെന്ന് പലരും ട്രോളുന്നുണ്ടെങ്കിലും ഇത്രയും വലിയ ബജറ്റിലെത്തിയ ചിത്രത്തിന്റെ ബോക്‌സ് ഓഫീസിലെ പെര്‍ഫോമന്‍സിന് ഇത് ഗുണം ചെയ്യുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇതോടെ പൃഥ്വിരാജിന്റെ ഖലീഫയും നിവിന്‍ പോളി നായകനാകുന്ന ബെത്‌ലഹേം കുടുംബ യൂണിറ്റും തമ്മിലായിരിക്കും ഈ ഓണത്തിന് തിയേറ്ററുകളില്‍ മത്സരം.

ഐ ആം ഗെയിം. Photo: District

ഇതിനിടയില്‍ ന്യൂസ് ചാനലായ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ തിരക്കഥാകൃത്തുക്കളായ ഇസ്മയില്‍ അബൂബക്കറും സജീര്‍ ബാബയും പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ചിത്രത്തിന്റെ കഥാപശ്ചാത്തലം എന്തായിരിക്കും എന്ന രീതിയില്‍ സിനിമാ പേജുകളില്‍ പ്രചരിച്ച സിനോപ്‌സിസിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇരുവരും.

ആന്റണി വര്‍ഗീസ് പെപെ ചിത്രത്തില്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് ഒരു അപകടത്തില്‍ കൈ നഷ്ടമാകുന്നതും പിന്നീട് ആ കൈ ദുല്‍ഖറിന്റെ നായക കഥാപാത്രത്തിന് തുന്നിച്ചേര്‍ക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന കഥ. ഇതിനോട് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയുകയായിരുന്നു ഇരുവരും.

തിരക്കഥാകൃത്തുക്കള്‍. Photo: Screen Grab/ News 18 Kerala/ Youtube.com

ഇത് എല്ലാം സത്യമാണോ അല്ലേ എന്നുള്ള കാര്യം സിനിമ തിയേറ്ററില്‍ കാണുമ്പോള്‍ അറിയാം എന്നായിരുന്നു സജീര്‍ പറഞ്ഞത്. ആള്‍ക്കാര്‍ അവരുടെതായ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പറയുന്നത് കേള്‍ക്കാന്‍ രസമാണെന്നും യാതൊരു മുന്‍വിധികളുമില്ലാതെ തിയേറ്ററുകളില്‍ വന്ന് ചിത്രം കാണണമെന്നും മറ്റൊരു തിരക്കഥാകൃത്തായ ഇസ്മായില്‍ പറയുന്നു. സിനോപ്‌സിസെല്ലാം മാറ്റിവെച്ച് വളരെ സിംപിള്‍ ആയി കാണാന്‍ സാധിക്കുന്ന ഒരു ചിത്രമാണ് ഐ ആം ഗെയിമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: I’m Game writers talks about the synopsis that spreading on social media

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more