| Saturday, 19th September 2026, 11:23 am

ഓണത്തിന് റിലീസ് ചെയ്തിരുന്നെങ്കില്‍ 100 കോടിക്കടുത്ത് കിട്ടിയേനെ, ഇതിപ്പോള്‍ 50 പോലുമില്ല; ഖലീഫക്കൊപ്പം ഡിസാസ്റ്ററായി ഐ ആം ഗെയിം

അമര്‍നാഥ് എം.

ടൈര്‍ 2 താരങ്ങള്‍ തമ്മിലുള്ള ക്ലാഷ് എന്ന നിലക്ക് ഓണം റിലീസുകള്‍ സിനിമാപേജുകളില്‍ ചര്‍ച്ചയായിരുന്നു. ദുല്‍ഖര്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരായിരുന്നു ഇത്തവണ ബോക്‌സ് ഓഫീസില്‍ ഏറ്റുമുട്ടാന്‍ തീരുമാനിച്ചത്. എന്നാല്‍ അവസാന നിമിഷം ദുല്‍ഖറിന്റെ ഐ ആം ഗെയിം പിന്മാറുകയായിരുന്നു. പിന്നീട് പൃഥ്വിയും നിവിനും തമ്മിലായി ക്ലാഷ്.

ഇതിന് മുമ്പ് മൂന്ന് തവണ ക്ലാഷിനെത്തിയപ്പോഴും നിവിനോട് പരാജയപ്പെടാനായിരുന്നു പൃഥ്വിയുടെ വിധി. ഇത്തവണയും അതിന് മാറ്റമില്ല. ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടിയും കടന്ന് ഇന്‍ഡസ്ട്രി ഹിറ്റായപ്പോള്‍ 50 കോടി മാത്രമാണ് ഖലീഫക്ക് നേടാനായത്. ഓണം റിലീസില്‍ നിന്ന് പിന്മാറി, സെപ്റ്റംബറില്‍ തിയേറ്ററുകളിലെത്തിയ ഐ ആം ഗെയിമിനും മുന്നേറാന്‍ സാധിച്ചില്ല.

80 കോടിക്കടുത്ത് ചെലവഴിച്ച ചിത്രം ഇതുവരെ 47 കോടി മാത്രമാണ് സ്വന്തമാക്കിയത്. ഗംഭീര തീമാണെങ്കിലും രണ്ടാം പകുതിയിലെ കൈവിട്ട എഴുത്ത് ചിത്രത്തിന് തിരിച്ചടിയായി.ബെത്‌ലഹേം കുടുംബ യൂണിറ്റ് 3 മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുന്നതിനാല്‍ ആദ്യം ചാര്‍ട്ട് ചെയ്ത പല സ്‌ക്രീനുകളും ഐ ആം ഗെയിമിന് നഷ്ടമായി.

ഒരുപക്ഷേ, ഓണം റിലീസായി എത്തിയിരുന്നെങ്കില്‍ സ്‌ക്രീനുകളുടെ എണ്ണത്തിലെ അഡ്വാന്റേജ് അടക്കം പല ഫാക്ടറുകളും ഉപയോഗിച്ച് 90 കോടിയെങ്കിലും ഐ ആം ഗെയിമിന് നേടാമായിരുന്നെന്ന് ബോക്‌സ് ഓഫീസ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ഫെസ്റ്റിവല്‍ റിലീസ് കൃത്യമായി മുതലെടുക്കാനാകാത്തത് ദുല്‍ഖറിന്റെ പരാജയമാണെന്നും കമന്റുകളുണ്ട്.

മൂന്ന് വര്‍ഷത്തിന് ശേഷം മോളിവുഡിലേക്ക് ദുല്‍ഖര്‍ തിരിച്ചെത്തിയ ചിത്രമായിരുന്നു ഐ ആം ഗെയിം. കിങ് ഓഫ് കൊത്തയുടെ പരാജയത്തിന് ശേഷം മോളിവുഡില്‍ നിന്ന് ഇടവേളയെടുത്ത താരം തെലുങ്കിലും തമിഴിലുമായിരുന്നു ശ്രദ്ധ നല്‍കിയത്. ഹോംകമിങ് പ്രതീക്ഷക്കൊത്ത് ഉയരാത്തതില്‍ ആരാധകരും നിരാശരാണ്.

ഐ ആം ഗെയിമിന് ശേഷം താരത്തിന്റെ അടുത്ത ചിത്രം റിലീസിന് തയാറെടുക്കുകയാണ്. തെലുങ്കില്‍ ദുല്‍ഖര്‍ നായകനാകുന്ന പുതിയ ചിത്രം ആകാശം ലോ ഒക താര ഒക്ടോബറില്‍ തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ എന്ന നടന്റെ കരിയറിലെ ബെഞ്ച്മാര്‍ക്കായി മാറുമെന്നാണ് ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും സൂചന നല്‍കുന്നത്.

Content Highlight: I’m Game movie still struggling to collect 50 crores from box office

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more