ലണ്ടൻ: താനൊരു സയണിസ്റ്റ് വിരുദ്ധനാണ് എന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് ഗ്രീൻ പാർട്ടി നേതാവ് സാക്ക് പോളാൻസ്കി. ഇത്തരമൊരു തുറന്നു പറച്ചിൽ നടത്തുന്ന ബ്രിട്ടീഷ് പാർട്ടിയുടെ ആദ്യത്തെ നേതാവായി അദ്ദേഹം മാറി.
ഹോൾബോൺ , സെന്റ് പാൻക്രാസ് എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പിന് മുമ്പായി ജൂതസംഘടനകൾ സംഘടിപ്പിച്ച സംവാദത്തിൽ സംസാരിക്കവെ ആണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
താങ്കൾ ഒരു സയണിസ്റ്റ് ആണോ എന്ന ചോദ്യത്തിനായിരുന്നു പോളാൻസ്കിയുടെ ഈ മറുപടി.
‘ഞാനൊരു സയണിസ്റ്റ് വിരുദ്ധനാണ്. ഈ ഹാളിൽ ഇരിക്കുന്ന ആളുകൾക്ക് ഇത് കേൾക്കാൻ ബുദ്ധിമുട്ട് ആണെന്ന് എനിക്കറിയാം. രാജ്യങ്ങൾ എന്നത് സ്ഥിരമായ ഒന്നല്ല, അവ ചില ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് രൂപപ്പെടുന്നത്. കാലം മാറുന്നതിനനുസരിച്ച് ഈ ആശയങ്ങളും രാജ്യങ്ങളും മാറാം എന്നാണ് ഞാൻ കരുതുന്നത്’. എന്ന് അദ്ദേഹം പറഞ്ഞു.
സയണിസം ഒരു വംശീയത ആണോ എന്ന ചോദ്യത്തിന് , ‘ഫലസ്തീനികളെ നാടുകടത്തലും അവരുടെ വംശഹത്യയുമാണ് സയണിസം എന്ന് നിർവചിക്കുകയാണെങ്കിൽ പ്രായോഗികമായി സയണിസം ഇപ്പോൾ അതാണ് കാണിക്കുന്നത്. അത് വംശീയത തന്നെയാണ്,’ എന്ന് അദ്ദേഹം മറുപടി നൽകി.
ഒക്ടോബർ എട്ടിന് വോട്ടെടുപ്പ് നടക്കുന്ന ലണ്ടൻ മണ്ഡലത്തിൽ ഗ്രീൻ പാർട്ടി സ്ഥാനാർത്ഥിയാണ് പോളാൻസ്കി. ഇസ്രഈൽ അനുകൂല നിലപാടുകൾക്ക് പേരുകേട്ട ബോർഡ് ഓഫ് ഡെപ്യൂട്ടീസ് ഓഫ് ബ്രിട്ടീഷ് ജൂസ്, ലണ്ടൻ ജൂത ഫോറം എന്നിവ സംഘടിപ്പിച്ച സംവാദത്തിലാണ് ഇസ്രഈൽ-ഫലസ്തീൻ വിഷയത്തിൽ പോളാൻസ്കി ശക്തമായ നിലപാട് വ്യക്തമാക്കിയത്.
‘ലോകത്തെ നിരവധി വംശഹത്യാ വിദഗ്ധർ ഗസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് വിശ്വസിക്കുന്നു. അതിനെ വംശഹത്യ എന്ന് വിളിക്കുന്നത് ജൂതവിരുദ്ധതയല്ല’, പോളാൻസ്കി പറഞ്ഞു.
ജൂത വിശ്വാസിയായ പോളാൻസ്കി ഗസയിലെ ഇസ്രഈൽ നടപടികളെ വർണവിവേചനവും വംശഹത്യയും എന്ന് വിശേഷിപ്പിച്ചപ്പോൾ സദസിൽ നിന്ന് എതിർപ്പും കൂവലുകളും ഉയർന്നു.
‘ഈ ഹാളിലുള്ളവർക്ക് ഇത് കേൾക്കുന്നത് അത്ര ഇഷ്ടപ്പെടുന്നില്ലെന്ന് എനിക്കറിയാം’, എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വംശഹത്യ എന്ന് വിളിക്കുന്നത് ജൂതവിരുദ്ധതയല്ലെന്ന് പോളാൻസ്കി പറഞ്ഞപ്പോൾ, സദസിൽ നിന്ന് ചിലർ അതിനെ എതിർത്തു. ‘ജൂത സമൂഹം ഇത്തരം വിമർശനങ്ങളെ എല്ലാം ജൂതവിരുദ്ധതയായി കാണരുത്. അങ്ങനെ ചെയ്യുന്നത് ജൂതന്മാരെ തന്നെ കൂടുതൽ അരക്ഷിതരാക്കും’, എന്നും അദ്ദേഹം പറഞ്ഞു.
ഇതിന് മറുപടിയായി സദസിൽ നിന്നൊരാൾ ‘വംശഹത്യ എന്ന വാക്ക് ഹോളോകോസ്റ്റിനെ വിശേഷിപ്പിക്കാനാണ് ഉപയോഗിച്ചത്’ എന്ന് പറഞ്ഞു.
‘ഇസ്രഈൽ സർക്കാരിന്റെ നടപടികൾക്ക് മുഴുവൻ ജൂത ജനതയെയും ഉത്തരവാദികളാക്കാൻ കഴിയില്ല. ഇസ്രഈലിനെയും ജൂത ജനതയെയും ഒന്നായി കാണുന്നതാണ് യഥാർത്ഥ അപകടം’, പോളാൻസ്കി വ്യക്തമാക്കി. ഇതിന് സദസിൽ നിന്ന് ചെറിയ കയ്യടിയും ലഭിച്ചു.
Content Highlight:I’m an anti-Zionist”: UK Green Party leader Zack Polanski clarifies his stance.