| Wednesday, 6th August 2025, 5:34 pm

കുട്ടികളുടെ ശബ്ദം ചെയ്യാൻ ഇഷ്ടമായിരുന്നു, ഡബ്ബിങ്ങിൽ ഓരോ പ്രത്യേകതകളുണ്ട്: ശ്രീജ രവി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശാലിനി, മാതു, ചാര്‍മിള, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി 125ലേറെ നായികമാര്‍ക്ക് ശബ്ദം നല്‍കി കഴിഞ്ഞ നാല്പത്തഞ്ചുവര്‍ഷമായി മലയാള സിനിമയുടെ ഭാഗമായി തുടരുകയാണ് ഡബ്ബിങ് ആര്‍ടിസ്റ്റായ ശ്രീജ രവി. മലയാളത്തില്‍ മാത്രമല്ല തമിഴിലും മികവ് തെളിയിച്ച ഡബ്ബിങ് ആര്‍ടിസ്റ്റാണ് ശ്രീജ.

1983ല്‍ പുറത്തിറങ്ങിയ ഭരതന്‍ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂടിലൂടെയാണ് ശ്രീജ ആദ്യമായി നായികക്ക് ശബ്ദം കൊടുക്കുന്നത്. പിന്നീട് നിരവധി നായികമാര്‍ക്ക് ശബ്ദം കൊടുത്ത ശ്രീജ പിന്നീട് അഭിനയത്തിലും ശ്രദ്ധിക്കാന്‍ തുടങ്ങി. ഇപ്പോൾ കുട്ടികൾക്ക് ശബ്ദം കൊടുത്തതിനെപ്പറ്റി സംസാരിക്കുകയാണ് ശ്രീജ.

ഡബ്ബിങ്ങിൽ ഓരോരുത്തർക്കും ഓരോ പ്രത്യേകത ഉണ്ടാവുമെന്നും കുട്ടികളുടെ ശബ്ദം ചെയ്യാൻ തനിക്ക് ഇഷ്ടമായിരുന്നെന്നും ശ്രീജ പറഞ്ഞു. കുട്ടികളുടെ ശബ്ദം താൻ നിരീക്ഷിക്കാറുണ്ടെന്നും സെറ്റിലെ ടീ ബ്രേക്കിൽ ശങ്കർ എന്ന ഡബ്ബിങ് ആർട്ടിസ്റ്റും താനും കുട്ടികളുടെയും മൃഗങ്ങളുടെയും ശബ്ദം അനുകരിക്കുമായിരുന്നെന്നും അവർ പറഞ്ഞു.

അങ്ങനെയാണ് കുട്ടികളുടെ ശബ്ദം മെച്ചപ്പെട്ടതെന്നും ശ്രീജ കൂട്ടിച്ചേർത്തു. സ്റ്റാർ ആൻ്റ് സ്റ്റൈൽ മാഗസിന് കൊടുത്ത അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

‘പിന്നീടാണ് മാളൂട്ടി എന്ന സിനിമയിൽ ബേബി ശ്യാമിലിക്ക് ശബ്ദം നൽകുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് അമ്പിളിയും ഞാനുമായിരുന്നു കൂടുതലും കുട്ടികൾക്ക് അക്കാലത്ത് ശബ്ദം നൽകിയിരുന്നത്. കുറച്ചുകൂടി മുതിർന്ന നായികമാർക്ക് ഭാഗ്യലക്ഷ്മി ശബ്ദം നൽകും. ശാന്തികൃഷ്‌ണ, സീമ, ഗീത തുടങ്ങിയ ആർട്ടിസ്റ്റുകൾക്ക് ആനന്ദവല്ലിച്ചേച്ചി ഡബ്ബ് ചെയ്യും. പിന്നെ കോട്ടയം ശാന്തച്ചേച്ചിയും. അന്ന് ഒരു പടത്തിൽത്തന്നെ ഞങ്ങളെല്ലാവരും ഉണ്ടാകാറുണ്ട്,’ ശ്രീജ രവി പറയുന്നു.

ഇപ്പോള്‍ ഡബ്ബിങ് കുറവാണെന്നും തലമുറ മാറിയെന്നും ശ്രീജ രവി കൂട്ടിച്ചേര്‍ത്തു. എല്ലാവരും ഇപ്പോള്‍ സ്വയം ഡബ്ബ് ചെയ്യാറുണ്ടെന്നും തനിക്ക് ദൈവം ഈ സമയത്ത് നല്‍കിയ വരദാനംപോലെയാണ് അഭിനയത്തെ കരുതുന്നതന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അഭിനയത്തിലൂടെ തന്നെയാണ് താന്‍ സിനിമയിലേക്ക് കടന്നുവന്നെതെന്നും അവര്‍ പറഞ്ഞു.

‘അഭിനയത്തിലൂടെ തന്നെയാണ് എന്റെ സിനിമാകരിയറിന്റെ തുടക്കം. ബാലതാരമായി പത്തോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ‘മനസ്സ്’ എന്ന ചിത്രത്തിലൂടെയാണ് ആദ്യം മുഖംകാണിക്കുന്നത്. പിന്നാലെ ചെറിയ വേഷങ്ങള്‍ ചെയ്തു,’ അവർ കൂട്ടിച്ചേർത്തു.

Content Highlight: I loved dubbing children’s voice says Sreeja Ravi

We use cookies to give you the best possible experience. Learn more