| Sunday, 12th October 2025, 9:22 pm

ഐ ലവ് മുഹമ്മദ് പ്രതിഷേധം; ഇന്ത്യയിലൊട്ടാകെ 4000ലധികം പേര്‍ക്കെതിരെ കേസെടുത്തെന്ന് റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്നൗ: ഐ ലവ് മുഹമ്മദ് പ്രതിഷേധത്തില്‍ രാജ്യ വ്യാപകമായി 4000ലധികം പേര്‍ക്ക് എതിരെ കേസ് എടുത്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴ് വരെ 4505 മുസ്ലിംകള്‍ക്ക് എതിരെ കേസെടുത്തെന്നും 285 പേരെ അറസ്റ്റ് ചെയ്‌തെന്നും ഈ റിപ്പോര്‍ട്ടിലുണ്ട്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സിന്റെ (എ.പി.സി.ആര്‍) വസ്തുതാന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. ഒക്ടോബര്‍ 10നാണ് ഈ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.

പ്രതിഷേധത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗം പേരില്‍ ഉത്തര്‍പ്രദേശിലാണ്. 89 മുസ്ലിംകളെയാണ് ബറേലി പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

രാജ്യവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ ഭൂരിഭാഗവും മുദ്രാവാക്യം വിളികളോ അക്രമ സംഭവങ്ങളോ ഇല്ലാതെ സമാധാനപരമായാണ് നടന്നതെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍, പൊലീസ് പ്രതിഷേധങ്ങള്‍ക്ക് നേരെ പലയിടത്തും വെടിവെപ്പ്, ലാത്തി ചാര്‍ജ്, കയ്യേറ്റം എന്നിവ നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ, പ്രതിഷേധക്കാര്‍ക്ക് എതിരെ വലിയ തോതില്‍ കേസെടുക്കുകയും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു.

അറസ്റ്റുകള്‍ ഏകപക്ഷീയമാണെന്നും വാറന്റില്ലാതെയാണ് നടത്തിയെന്നും എ.പി.സി.ആര്‍ ഇന്റര്‍വ്യൂ ചെയ്ത അഭിഭാഷകര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടിലുണ്ട്. അഭിഭാഷകര്‍ക്ക് പോലും പൊലീസ് എഫ്.ഐ.ആര്‍ കൈമാറിയില്ലെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

നബി ദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ഐ ലവ് മുഹമ്മദ് എന്ന മുദ്രാവാക്യം ഉയര്‍ന്നത്. കാണ്‍പൂരിലാണ് ആദ്യമായി ഈ മുദ്രാവാക്യം വിളികളുണ്ടായത്. പിന്നാലെ, മീലാദ്-ഉന്‍-നബി ഘോഷയാത്രയില്‍ ഐ ലവ് മുഹമ്മദ് എന്ന എഴുതിയ ബാനറുകള്‍ പ്രദര്‍ശിപ്പിച്ചതിന് യു.പി പൊലീസ് ഒമ്പത് മുസ്ലിം യുവാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഇതില്‍ വലിയ പ്രതിഷേധമാണ് രാജ്യത്താകെ ഉയര്‍ന്നത്. ഉത്തര്‍പ്രദേശിന് പുറമെ, ഉത്തരാഖണ്ഡ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

യുവാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യു.പിയിലെ കോട്വാലിയില്‍ സെപ്റ്റംബര്‍ 26 ന് പ്രതിഷേധ സംഗമം നടത്താന്‍ പദ്ധതിയിട്ടിരുന്നു. എന്നാലിത് പൊലീസ് തടയുകയും വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം കോട്വാലി പള്ളിക്ക് പുറത്ത് തടിച്ച് കൂടിയ രണ്ടായിരത്തോളം വരുന്ന വിശ്വാസികള്‍ക്കെതിരെ പൊലീസ് അതിക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ, യു.പി സര്‍ക്കാരും പൊലീസും കടുത്ത നടപടികള്‍ എടുത്തിരുന്നു. നാല് ജില്ലകളില്‍ 48 മണിക്കൂര്‍ ഇന്റര്‍നെറ്റ് നിരോധനവും എട്ടോളം കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.

Content Highlight: I Love Muhammed protest: 4505 Muslim booked and 289 arrested till October 7 across India: APCR report

We use cookies to give you the best possible experience. Learn more