| Monday, 8th June 2026, 7:07 am

പള്ളിയില്‍ നിന്ന് ഐ ലവ് മുഹമ്മദ് പോസ്റ്ററുകള്‍ കണ്ടെത്തി; എട്ട് പേര്‍ക്കെതിരെ കേസെടുത്ത് ഉത്തര്‍പ്രദേശ് പൊലീസ്

നിഷാന. വി.വി

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സാംഭല്‍ ജില്ലയില്‍ പളളിക്കുള്ളില്‍ വെച്ച് ഐ ലവ് മുഹമ്മദ് ( I Love Muhammad) പോസ്റ്ററുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എട്ട് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.

നഖസ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള മുസ്തഫ ഖാദ്രി മസ്ജിദ് അനധികൃതമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മിച്ചതാണെന്നാരോപിച്ച് പൊളിച്ചുമാറ്റല്‍ നടപടിക്കെത്തിയ റവന്യൂ ഉദ്യോഗസ്ഥരും പൊലീസുമാണ് പോസ്റ്റര്‍ കണ്ടെത്തിയത്.

പൊളിച്ചുമാറ്റല്‍ നടപടിക്കിടെ ഐ ലവ് മുഹമ്മദ് എന്നെഴുതിയ 49 പോസ്റ്ററുകളും പതാകകളും കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

‘മസ്ജിദ് കെട്ടിടം സീല്‍ ചെയ്യുന്നതിനുള്ള നടപടിക്കിടെ കെട്ടിടത്തില്‍ നിന്നും ആക്ഷേപകരമായ വസ്തുക്കള്‍ കണ്ടെടുത്തു. വിഷയത്തില്‍ ജാമിഅ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് വരികയാണ്,’ പൊലീസ് പറഞ്ഞു.

ശ്മശാനത്തിനായി നിശ്ചയിച്ച സ്ഥലം കൈയ്യേറി മസ്ജിദ് നിര്‍മിച്ചുവെന്നാരോപിച്ചായിരുന്നു പള്ളി പൊളിക്കല്‍ നീക്കം.

പൊതുജന മധ്യത്തില്‍ അസ്വസ്ഥതയും പ്രകോപനവും ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് കാണിച്ച് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 353 (2) പ്രകാരമാണ് പള്ളിയുടെ പള്ളിയുമായി ബന്ധപ്പെട്ട എട്ട് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

എന്നാല്‍ പ്രാദേശിക സമാജ് വാദി പാര്‍ട്ടി എം.പി ആയ സിയാവുര്‍ റഹ്‌മാന്‍ ബര്‍ഖ് ഈ നടപടിയെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. ഈ പള്ളി ഏതാണ്ട് 150 വര്‍ഷം പഴക്കമുള്ളതാണെന്നും വഖഫ് പ്രോപ്പര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, സ്വന്തം വിശ്വാസത്തിന്റെ ഭാഗമായി ഐ ലവ് മുഹമ്മദ് എന്ന പോസ്റ്റര്‍ വെക്കുന്നതിലോ പച്ച പതാക സൂക്ഷിക്കുന്നതിലോ ഏത് നിയമമാണ് ലംഘിക്കപ്പെടുന്നതെന്നും ഭയമില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ട പൊലീസ് ജനങ്ങളില്‍ ഭീതി പടര്‍ത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlight: I Love Muhammad posters found in mosque; Uttar Pradesh Police files case against eight people

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more