| Saturday, 8th November 2025, 3:25 pm

ഐ ലവ് മുഹമ്മദ് വിവാദം: ബറേലി ആക്രമണ കേസില്‍ ഇത്തിഹാദ് - ഇ - മില്ലത്ത് മേധാവിയുടെ ജാമ്യാപേക്ഷ തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയിലെ ഐ ലവ് മുഹമ്മദ് പോസ്റ്റര്‍ വിവാദങ്ങള്‍ക്കിടെ നടന്ന സെപ്റ്റംബര്‍ 26ലെ ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ ജാമ്യാപേക്ഷ തള്ളി ബറേലി കോടതി.

പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ഇത്തിഹാദ് – ഇ – മില്ലത്ത് കൗണ്‍സില്‍ മേധാവി മൗലാന തൗഖീര്‍ റാസയുടെയും മറ്റ് അഞ്ച് പേരുടെയും ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.

നിലവില്‍ തൗഖീര്‍ റാസ ഫത്തേഗഢ് ജയിലിലാണ്.

ബറേലി നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ആക്രമണം നടന്ന ദിവസം ഇസ്‌ലാമിയ മൈതാനത്തെത്താന്‍ മുസ്‌ലിം സമുദായത്തോട് ഐ.എം.സി തലവന്‍ തൗഖീര്‍ റാസ ആഹ്വാനം ചെയ്‌തെന്നാണ് ആരോപണം.

പൊലീസ് ഇടപെടലുണ്ടായപ്പോള്‍ കല്ലേറുണ്ടായെന്നും കലാപമാണ് നടന്നതെന്നും അഡീഷണല്‍ ജില്ലാ ഗവണ്‍മെന്റ് കൗണ്‍സല്‍ മഹേഷ് പഥക് പി.ടി.ഐയോട് പറഞ്ഞു.

കലാപകാരികള്‍ സിറ്റി പൊലീസ് സൂപ്രണ്ടിന്റെ ഗണ്ണറുടെ റൈഫിളും പൊലീസ് ജീപ്പില്‍ നിന്നും വയര്‍ലെസ് സെറ്റും മോഷ്ടിച്ചതായും അദ്ദേഹം ആരോപിച്ചു.

ഐ ലവ് മുഹമ്മദ് വിവാദത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോട് വാലി, ബരാദാരി, പ്രേം നഗര്‍, കാന്റ്, ഖില തുടങ്ങിയ പൊലീസ് സ്‌റ്റേഷനുകളിലായി പത്ത് എഫ്.ഐ.ആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഏഴ് എഫ്.ഐ.ആറിലും റാസ പ്രതിയായിരുന്നു. പിന്നീട് നാലെണ്ണത്തില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കി.

ഈ കേസുകളില്‍ 125ലധികം പേരാണ് പ്രതികള്‍. തിരിച്ചറിയാത്ത 2500 തിരിച്ചറിയാത്ത പ്രതികളുമുണ്ട്.

കാണ്‍പൂരില്‍ നബിദിനാഘോഷവുമായി ബന്ധപ്പെട്ടാണ് ഐ ലവ് മുഹമ്മദ് മുദ്രാവാക്യം ഉയര്‍ന്നത്. പിന്നാലെ ഘോഷയാത്രയില്‍ ഐ ലവ് മുഹമ്മദ് എന്നെഴുതിയ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് യു.പി പൊലീസ് ഒമ്പത് മുസ്‌ലിം യുവാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു.

ഈ സംഭവത്തെ ചൊല്ലി രാാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയായിരുന്നു.

Content Highlight: I Love Muhammad poster controversy: Ittihad-e-Millat chief’s bail plea rejected in Bareilly attack case

We use cookies to give you the best possible experience. Learn more