ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലി പ്രദേശത്ത് നാല് ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു. 48 മണിക്കൂര്‍ നേരത്തേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് യുവാക്കള്‍ക്കെതിരെ നടപടിയെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് ഇന്റര്‍നെറ്റ്, മെസേജ് സേവനങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്.
ഒക്ടോബര്‍ 2ന് വൈകുന്നേരം മൂന്ന് മണി മുതല്‍ ഒക്ടോബര്‍ നാലാം തീയതി വൈകുന്നേരം മൂന്ന് മണി വരെയാണ് ഇന്റര്‍നെറ്റ് നിരോധനമെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. മൊബൈല്‍ ഇന്റര്‍നെറ്റ്, ബ്രോഡ്ബാന്‍ഡ്, എസ്.എം.എസ് സേവനങ്ങളും നിര്‍ത്തിവെക്കും.
സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും മെസേജിങ് സേവനങ്ങളും ദുരുപയോഗം ചെയ്ത് വ്യാജപ്രചാരണങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നും വര്‍ഗീയ സംഘര്‍ഷം സംഭവിച്ചേക്കാമെന്നും അതുകൊണ്ട് ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ആഭ്യന്തര സെക്രട്ടറി ഗൗരവ് ദയാല്‍ പ്രതികരിച്ചു.
സംസ്ഥാനത്ത് ക്രമസമാധാനം നിലനിര്‍ത്തുന്നതിനാണ് ഈ നടപടിയെന്നാണ് ദയാലിന്റെ വിശദീകരണം.
സെപ്റ്റംബര്‍ 26ന് വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം കോട്‌വാലി പ്രദേശത്തെ പള്ളിക്ക് പുറത്തുവെച്ച് രണ്ടായിരത്തോളം ആളുകളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. കല്ലെറിയലുമുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ, ‘ഐ ലവ് മുഹമ്മദ്’ എന്നെഴുതിയ ബോര്‍ഡ് സ്ഥാപിച്ചതിനെതിരെ യു.പി പൊലീസ് യുവാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. ബോര്‍ഡ് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഈ നടപടിയില്‍ പ്രതിഷേധിച്ച് കോട്‌വാലിയില്‍ നടത്താനിരുന്ന പരിപാടി പൊലീസ് ഇടപെട്ട് വിലക്കിയതിന് പിന്നാലെയായിരുന്നു സംഘര്‍ഷമുണ്ടായത്.
ദസറയുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയൊരുക്കിയിരിക്കുന്ന പ്രദേശമാണ് ബറേലി. പൊലീസും പ്രൊവിഷണല്‍ ആംഡ് കോണ്‍സ്റ്റബുലറിയും (പി.എ.സി) റാപിഡ് ആക്ഷന്‍ ഫോഴ്‌സും (ആര്‍.എ.എഫ്) ഉള്‍പ്പെടെയുള്ള സേനകളെ സുരക്ഷയ്ക്കാനയി വിന്യസിച്ചിട്ടുണ്ട്.
അതോടൊപ്പം ഡ്രോണ്‍ പോലെയുള്ള സാങ്കേതിക സൗകര്യങ്ങളും സുരക്ഷാസംവിധാനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: ‘I Love Muhammad’ campaign; Internet banned for 48 hours in four districts of UP