| Wednesday, 7th October 2026, 12:57 pm

എന്റെ 50 വയസുവരെ വനങ്ങളില്‍ താമസിച്ച്‌ ആദിവാസികളെ സേവിച്ചു: ഞാന്‍ ജീവിച്ചത് വ്യക്തിപരമായ നേട്ടത്തിനല്ല, ഒരു ദൗത്യത്തിന് വേണ്ടി: മോദി

നിഷാന. വി.വി

ന്യൂദല്‍ഹി: താന്‍ ജീവിച്ചത് ഭരണപരമായ ദൗത്യത്തിന് വേണ്ടിയാണെന്നും വ്യക്തിപരമായ ആഗ്രഹങ്ങള്‍ക്ക് വേണ്ടിയല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണത്തില്‍ 25 വര്‍ഷം തുടര്‍ച്ചയായി സേവനമനുഷ്ടിച്ചതിന്റെ ആഘോഷ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.

‘ഇന്ന് ഞാന്‍ തുടര്‍ച്ചയായി 25 വര്‍ഷം ഭരണതലവനായി സേവനമനുഷ്ടിച്ചു. ഇത് ജനങ്ങളുടെ അനുഗ്രഹമാണ്. രാജ്യത്തെ ജനങ്ങളെ ഞാന്‍ നമിക്കുന്നു,’ പ്രധാനമന്ത്രി പറഞ്ഞു.

25 വര്‍ഷത്തെ തടര്‍ച്ചയായ യാത്രയെ ആളുകള്‍ നേട്ടമായി കാണുന്നുവെന്നും എന്നാല്‍ തനിക്ക് ഇത് വ്യക്തിപരമായ മഹത്വവത്ക്കരണത്തിന്റെ അവസരമായി തോന്നുന്നില്ലെന്നും ബി.ജെ.പി നേതാവ് പറഞ്ഞു. തന്റെ അമ്പത് വയസുവരെ വനങ്ങളിലും പര്‍വതങ്ങളിലും താമസിച്ചുകൊണ്ട് ആദിവാസി സമൂഹങ്ങളെ സേവിക്കാനാണ് ജീവിതം ചെലവഴിച്ചതെന്നും മോദി പറഞ്ഞു.

‘ എന്റെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടിയല്ല, ഒരു ദൗത്യത്തിന് വേണ്ടി ജീവിച്ച വ്യക്തിയാണ് ഞാന്‍. കുട്ടിക്കാലം മുതല്‍ എന്നില്‍ വളര്‍ത്തിയെടുത്ത മൂല്യങ്ങളാണ് ഈ കാഴ്ചപ്പാടിന് കാരണം,’ അദ്ദേഹം പറഞ്ഞു.

2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ ഇങ്ങനെയൊരു നാഴികക്കല്ല് തന്റെ ജീവിതത്തില്‍ വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ജനാധിപത്യത്തിനും ഭരണഘടനയ്ക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

തന്നെ എതിര്‍ത്തവര്‍ ജനാധിപത്യത്തിന്റെ കരുത്തെന്താണെന്ന് കാണിച്ച് തന്നുവെന്നും വീഴ്ത്തിയവര്‍ വീണ്ടും എഴുന്നേറ്റ് നില്‍ക്കാന്‍ പഠിപ്പിച്ചുവെന്നും മോദി പറഞ്ഞു. കൊറോണ തനിക്ക് ക്ഷമയുടെയും മനുഷ്യരാശിയുടെയും പ്രാധാന്യം മനസിലാക്കി തന്നുവെന്നും അദ്ദേഹം പറഞ്ഞു.

വോട്ട് ബാങ്കിന് വേണ്ടി രാഷ്ട്രീയക്കാര്‍ സമൂഹത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചതാണ് രാജ്യത്തിന്റെ വലിയ ദുരന്തമെന്നും മോദി പറഞ്ഞു. 2047ഓടെ ഇന്ത്യയെ ഒരു വികസിത രാജ്യമാക്കി മാറ്റുമെന്ന പ്രതിജ്ഞ അദ്ദേഹം ആവര്‍ത്തിച്ചു.

ഇന്ത്യയെ ലോകത്തെ ഏറ്റവും മികച്ച മൂന്ന് സമ്പദ്വ്യവസ്ഥകളില്‍ ഒന്നാക്കുക, ആഗോള നിര്‍മ്മാണ ഹബ്ബാക്കുക, രാജ്യത്ത് ഒളിംപിക്സ് വേദിയൊരുക്കുക, ബഹിരാകാശ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കുക എന്നിവയാണ് തന്റെ പ്രധാന ലക്ഷ്യങ്ങളെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

അവസാനമായി, താന്‍ ഒരു ആജീവനാന്ത വിദ്യാര്‍ത്ഥിയാണെന്നും, സ്‌കൂളില്‍ പോകുന്ന കാലം മുതല്‍ക്കേ ഉണ്ടായിരുന്ന പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള ആഗ്രഹം ഇപ്പോഴും തുടരുന്നുണ്ടെന്നും മോദി പങ്കുവെച്ചു.

Content Highlight: I lived in forests and served tribal communities until the age of 50; I lived not for personal gain, but for a mission: Modi.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more