| Sunday, 21st September 2025, 8:22 am

ഞാൻ ഞാനായി ഇരിക്കാൻ ഇഷ്ടപ്പെടുന്നു; ഏറ്റവും സൗഹൃദം സുജാത മോഹനുമായി: വിജയ് യേശുദാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും പാട്ട് പാടിയിട്ടുള്ള ​ഗായകനാണ് വിജയ് യേശുദാസ്. ഗാനഗന്ധർവൻ യേശുദാസിന്റെ മകനാണ് അദ്ദേഹം. ലോഹിതദാസ് ചിത്രമായ നിവേദ്യത്തിലെ കോലക്കുഴൽ വിളികേട്ടോ എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് അദ്ദേഹം സ്വന്തമാക്കി.

ഇപ്പോൾ തന്റെ ജീവിതത്തിലെ സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. താൻ താനായി തന്നെയിരിക്കാൻ ഇഷ്ടപ്പെടുന്ന ആളുമാണെന്ന് അദ്ദേഹം പറഞ്ഞു.

‘സിനിമ കാണുമ്പോൾ നടിയോടോ നടനോടോ നമുക്ക് ഒരുപാട് ഇഷ്ടം തോന്നും. എന്നുവെച്ച് അവരെ പോയി പ്രേമിക്കാൻ പറ്റില്ലല്ലോ. ഗായകരോടും അങ്ങനെയാണെന്ന് തോന്നുന്നു. ആളുകൾ അവരുടെ സ്‌നേഹം പ്രകടിപ്പിക്കുമ്പോൾ നമുക്ക് അതു സ്വീകരിക്കാം.

എന്റെ ശബ്ദം വച്ച് ആരെയും വീഴ്ത്താൻ ഞാൻ ശ്രമിച്ചിട്ടില്ല. ഞാൻ ഞാനായി ഇരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. ആ എന്നെ ഇഷ്ടപ്പെടുന്നവരാണ് എന്റെ കൂടെയുള്ളത്. എല്ലാ സുഹൃത്തുക്കളുടെ കാര്യവും അങ്ങനെയാണ്. കണ്ടുമുട്ടി വളരെ പെട്ടെന്ന് കൂട്ടായവരാണ് ചിലർ. അങ്ങനെയൊരു മൂന്നുനാല് പേരുണ്ട്. അത് പക്ഷേ, ജീവിതകാലത്തേക്കാണ്. കൃഷ്ണ, ശരത്ത് തുടങ്ങിയ സുഹൃത്തുക്കൾ…,’ വിജയ് യേശുദാസ് പറയുന്നു.

സിനിമയിൽ കുഞ്ചാക്കോ ബോബൻ, സ്റ്റീഫൻ ദേവസിയുമൊക്കെ തന്റെ ഉറ്റ ചങ്ങാതിമാരാണെന്നും സ്റ്റീഫനും താനും ഒരുപാട് സ്റ്റേജുകളിൽ ഒന്നിച്ച് പെർഫോം ചെയ്തിട്ടുണ്ടെന്നും വിജയ് യേശുദാസ് പറയുന്നു. എന്തും പറയാനുള്ള സൗഹൃദം തങ്ങൾക്കിടയിലുണ്ടെന്നും കുറച്ച് കൂടി സീനിയർ ആയവരിൽ ഏറ്റവും കൂടുതൽ സൗഹൃദം സുജാത മോഹനും ആയിട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുജാതയെ ഒരുപാട് വർഷമായിട്ട് അറിയാമെന്നും ശ്വേത മോഹൻ തനിക്ക് സഹോദരിയെപ്പോലെയാണെന്നും വിജയ് പറഞ്ഞു. ഇവരുടെയെല്ലാവരുടെയും പാട്ട് തന്നെ സ്വാധീനിക്കാറുണ്ടെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.

Content Highlight: I like to be myself; I am most friendly with Sujatha Mohan: Vijay Yesudas

We use cookies to give you the best possible experience. Learn more