| Thursday, 25th September 2025, 8:48 am

'ബിന്ദുവിനെയും കൊന്നതാണ്'; കുറ്റസമ്മതം നടത്തി പ്രതി സെബാസ്റ്റ്യന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: ബിന്ദുപത്മനാഭന്‍ കൊലപാതകക്കേസില്‍ കുറ്റസമ്മതം നടത്തി പ്രതി സി.എം. സെബാസ്റ്റ്യന്‍. ബിന്ദുവിനെ താന്‍ കൊലപ്പെടുത്തിയെന്ന് സെബാസ്റ്റ്യന്‍ മൊഴി നല്‍കിയതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു. കസ്റ്റഡി അപേക്ഷയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

വസ്തു ഇടനിലക്കാരനായ സെബാസ്റ്റ്യന്‍ ഏറ്റുമാനൂരിലെ ജൈനമ്മ കൊലപാതകക്കേസില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് സെബാസ്റ്റ്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയത്.

നിലവില്‍ ബിന്ദുവിന്റെ കൊലപാതകക്കേസ് സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിക്കാന്‍ പൊലീസ് തീരുമാനിച്ചതായാണ് വിവരം.

കേരളത്തിന് പുറത്തുവെച്ചാണോ ബിന്ദു കൊല്ലപ്പെട്ടതെന്ന് സംശമുള്ളതായി പൊലീസ് പറയുന്നു. അടുത്തിടെ, ബിന്ദുവിനെ കൊലപ്പെടുത്തിയത് സെബാസ്റ്റ്യനും സുഹൃത്തും ചേര്‍ന്നാണെന്ന് പറയുന്ന ഒരു ശബ്ദരേഖ പുറത്തുവന്നിരുന്നു.

ദല്ലാളായ സോഡാ പൊന്നപ്പന്‍ എന്നയാള്‍ അയല്‍വാസിയായ ശശികലയോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വിഷയത്തില്‍ നാല് വര്‍ഷം മുമ്പാണ് സോഡ പൊന്നപ്പന്‍ ശശികലയോട് സംസാരിച്ചത്.

2006 മുതലാണ് ബിന്ദുവിനെ കാണാതായത്. 2017 സെപ്റ്റംബറില്‍ സഹോദരന്‍ പ്രവീണ്‍കുമാര്‍ ആഭ്യന്തര വകുപ്പിന് പരാതി നല്‍കുകയായിരുന്നു.

ഇതിനിടെ ബിന്ദുവിന്റെ സ്ഥലം വ്യാജരേഖയുണ്ടാക്കി വില്‍പന നടത്തിയതിന് സെബാസ്റ്റ്യന്‍ അറസ്റ്റിലായിരുന്നു. ഇയാളുമായി ബിന്ദുവിന് അടുത്ത ബന്ധമുണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തല്‍.

ബിന്ദു സെബാസ്റ്റ്യനൊപ്പം കോയമ്പത്തൂര്‍, കുടക്, ബെംഗളൂരു എന്നിവിടങ്ങളില്‍ യാത്ര പോയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിക്കുന്നത്.

അതേസമയം ബിന്ദുവിന്റെ തിരോധാന കേസില്‍ സെബാസ്റ്റ്യനെതിരെ തെളിവുകള്‍ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.

ജൈനമ്മയെ കൊലപ്പെടുത്തിയ കേസില്‍ സെബാസ്റ്റ്യന്‍ അറസ്റ്റിലായതോടെയാണ് ബിന്ദുവിന്റേത് ഉള്‍പ്പെടെയുള്ള തിരോധാന കേസുകളില്‍ പൊലീസ് പുനരന്വേഷണം ആരംഭിച്ചത്.

Content Highlight: ‘I killed Bindu pathmanabhan too’; Accused Sebastian confesses

We use cookies to give you the best possible experience. Learn more