| Friday, 30th November 2012, 3:40 pm

മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാള്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഐ.കെ ഗുജ്‌റാള്‍ അന്തരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസ്സായിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് നവംബര്‍ 19 മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ വെന്റിലേറ്ററിന്റെ സഹായത്തിലാണ് ഗുജ്‌റാളിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്.ഇന്ദര്‍ കുമാര്‍ ഗുജ്‌റാള്‍ എന്നാണ് മുഴുവന്‍ പേര്.[]

1919 ഡിസംബര്‍ 4ന് ഇപ്പോഴത്തെ പാകിസ്ഥാനിലെ ഛലം എന്ന പട്ടണത്തില്‍ ജനിച്ചു.

സ്വാതന്ത്ര്യസമരസേനാനി എന്ന നിലയിലാണ് ഐ.കെ ഗുജ്‌റാള്‍ രാഷ്ട്രീയപ്രവര്‍ത്തനം ആരംഭിച്ചത്. 1942ലെ ക്വിറ്റ് ഇന്ത്യ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ ജയില്‍വാസം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്.

1975 ല്‍ അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാ സര്‍ക്കാരില്‍ വിവരസാങ്കേതികവിദ്യാ മന്ത്രിയായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇന്ത്യയുടെ സോവിയറ്റ് യൂണിയന്‍ സ്ഥാനപതിയായും ഗുജ്‌റാള്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ട ഗുജ്‌റാള്‍ 1980കളുടെ മധ്യത്തില്‍ ജനതാദളില്‍ ചേര്‍ന്നു. 1989ലെ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ ജലന്തറില്‍ നിന്നും ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1989ലെ വി.പി സിങ് മന്ത്രിസഭയില്‍ ഗുജ്‌റാള്‍ വിദേശകാര്യമന്ത്രിയായിരുന്നു. ക്യാബിനറ്റ് മന്ത്രിയെന്ന നിലയില്‍ ഗുജ്‌റാള്‍ നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളി ഇറാഖ് കുവൈത്ത് യുദ്ധമായിരുന്നു.

1997 ഏപ്രിലിലാണ് ഇന്ത്യയുടെ പന്ത്രണ്ടാമത് പ്രധാനമന്ത്രിയായി ഐ.കെ ഗുജ്‌റാള്‍ സ്ഥാനമേല്‍ക്കുന്നത്. 1998 മാര്‍ച്ച് വരെ പ്രധാനമന്ത്രി സ്ഥാനത്തിരുന്ന ഗുജ്‌റാള്‍ രാജ്യസഭയില്‍ നിന്നും പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ്. എച്ച്.ഡി ദേവഗൗഡയ്ക്ക് ശേഷമാണ് ഗുജ്‌റാള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായത്.

പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് കേന്ദ്രസര്‍ക്കാറിന്റെ വിവിധ വകുപ്പുകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. പാര്‍ലമെന്ററികാര്യം, വാര്‍ത്താവിനിമയം, വിവരപ്രക്ഷേപണം, പൊതുമരാമത്ത്-ഭവനനിര്‍മാണം, ആസൂത്രണ മന്ത്രാലയം, വിദേശകാര്യം തുടങ്ങിയ വകുപ്പുകളില്‍ മന്ത്രിപദം അലങ്കരിച്ചിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more