| Monday, 26th January 2026, 1:47 pm

പ്രഭേന്ദുവിനെപ്പോലെയല്ല, എങ്കിലും കഴിഞ്ഞ പത്ത് വര്‍ഷമായി പ്രാര്‍ത്ഥിക്കാറില്ല; വിശ്വാസത്തെ കുറിച്ച് അഖില്‍ സത്യന്‍

ആര്യ. പി

മലയാള സിനിമയിലേക്കുള്ള നടന്‍ നിവിന്‍ പോളിയുടെ കംബാക്കായിരുന്നു അഖില്‍ സത്യന്റെ സംവിധാനത്തിലെത്തിയ സര്‍വം മായ. ഏറെ കാലമായി മലയാളികള്‍ കാണാന്‍ ആഗ്രഹിച്ച ഒരു നിവിനെ സര്‍വം മായയിലൂടെ പ്രേക്ഷകര്‍ക്ക് ലഭിച്ചു. പ്രഭേന്ദുവെന്ന നമ്പൂതിരി കഥാപാത്രമായി, അതിലുപരി ഒരു അവിശ്വാസിയായി സ്‌ക്രീനിലുടനീളം ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ നിവിനായി.

ഈശ്വരനില്‍ വിശ്വസിച്ചിരുന്ന, പൂജാദി കര്‍മങ്ങള്‍ ചെയ്തിരുന്ന പ്രഭേന്ദുവിന് ജീവിതത്തില്‍ സംഭവിച്ച ഒരു വലിയ നഷ്ടത്തിന്റെ പേരില്‍ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതും അദ്ദേഹം പൂണൂല്‍ ഉപേക്ഷിക്കുന്നതിലൂടെയുമാണ് സിനിമയുടെ കഥ വികസിക്കുന്നത്.

പ്രഭേന്ദുവിന്റെ അത്ര ഇല്ലെങ്കിലും ദൈവം എന്ന കണ്‍സെപ്റ്റിനോടുള്ള തന്റെ കാഴ്ചപ്പാട് വിശദീകരിക്കുകയാണ് സംവിധായകന്‍ അഖില്‍ സത്യന്‍.

പ്രഭേന്ദുവിനെപ്പോലെ വലിയൊരു ഏത്തിസ്റ്റ് അല്ലെങ്കിലും കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രാര്‍ത്ഥനയും പരിപാടികളുമൊന്നുമില്ലാത്ത ഒരാളാണ് താനെന്ന് അഖില്‍ പറയുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഗോസ്റ്റ്കാസ്റ്റ് ബൈ ഡെലൂലു എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അഖില്‍.

അഖില്‍ സത്യന്‍, നിവിന്‍ പോളി Photo: Akhil Sathyan Youtube,/ Screen Grab

‘ ഞാനങ്ങനെ ഒരു റിലീജ്യസ്, അല്ലെങ്കില്‍ റിലീജ്യന്‍ പ്രാക്ടീസ് ചെയ്യുന്ന ആളായിരുന്നില്ല. പണ്ടൊക്കെ ഭയങ്കര പ്രാര്‍ത്ഥനായിരുന്നു. പിന്നെ നമ്മള്‍ വലുതാവുമ്പോള്‍ തോന്നുമല്ലോ. പ്രാര്‍ത്ഥിക്കേണ്ട ആവശ്യമില്ലല്ലോ എന്നൊക്കെ.

പക്ഷേ ഒരു സുപ്രീം പവറില്‍ എല്ലായ്‌പ്പോഴും വിശ്വാസമുണ്ട്. നല്ലതായി സംഭവിച്ച എല്ലാ കാര്യങ്ങളിലും എനിക്ക് നന്ദിയുണ്ട്. ഞാന്‍ പ്രാര്‍ത്ഥിക്കാറില്ല. പക്ഷേ ഇതില്‍ എനിക്കൊരു സുപ്രീം പവര്‍ ഫീല്‍ ചെയ്തിരുന്നു.

അതായത് ഞാന്‍ ആദ്യം ഡെലൂലുവിനെ കണ്ടപ്പോള്‍ മുതല്‍. ആദ്യം പ്രീതിയായിരുന്നു ഡെലൂലു. പിന്നെ അതൊരു റോം കോം ആയി, കുറച്ച് പ്രെഡിക്ടബിള്‍ ആയിപ്പോയപ്പോഴാണ് കുറച്ച് ജൂനിയറായ ആളെ പിടിക്കാമെന്ന രീതിയില്‍ പോയത്,’ അഖില്‍ പറഞ്ഞു.

സര്‍വംമായ സിനിമയില്‍ നിന്നുള്ള രംഗം Photo: Sarvam Maya Scene/ Screen Grab

സര്‍വം മായ’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ, എല്ലാം ഒരു മായക്കാഴ്ചയാണോ എന്ന് തോന്നിപ്പിക്കുന്ന വിധത്തിലാണ് അഖില്‍ ഈ സിനിമയേയും നിവിന്‍ പോളിയുള്‍പ്പെടെയുള്ള കഥാപാത്രങ്ങളേയും രൂപപ്പെടുത്തിയത്.

പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം ലഭിക്കാതെ വരുമ്പോള്‍, നീതി നടപ്പിലാക്കാന്‍ ദൈവം വരില്ലെന്ന് തിരിച്ചറിയുന്ന വേളയിലാണ് പ്രഭേന്ദുവിന് ദൈവത്തിലുള്ള വിശ്വാസം നഷ്ടമാകുന്നത്. എന്നാല്‍ ദൈവം എന്ന സങ്കല്‍പ്പം പോലെ തന്നെ തന്റെ ജീവിതത്തിലും സംഭവിച്ച ചില വിസ്മയ കാഴ്ചകളെ വിശ്വസിക്കേണ്ടി വരുന്നിടത്ത് പ്രഭേന്ദുവിന്റെ മറ്റൊരു ജീവിതം ആരംഭിക്കുകയാണ്.

Content Highlight: I haven’t prayed in ten years; Director Akhil Sathyan on his faith

ആര്യ. പി

അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more