തിരുവനന്തപുരം: സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, ഇപ്പോഴത്തെ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍ മുന്‍പ് നടത്തിയ വിവാദ പ്രസംഗത്തെ പരാമര്‍ശിച്ച് ഫേസ്ബുക്ക് കുറിപ്പുമായി മുന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്.
‘എരണം കെട്ടവര്‍ നാട് ഭരിച്ചാല്‍ നാട് മുടിയും, നിപ്പ അല്ല അതിനപ്പുറം നാട്ടില്‍ വരും’ എന്ന് കെ. മുരളീധരന്‍ മുന്‍പ് നടത്തിയ പ്രസംഗത്തെ മുന്‍നിര്‍ത്തിയാണ് വീണ ജോര്‍ജിന്റെ പ്രതികരണം.
ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെയെന്നും രോഗങ്ങളുടെ പ്രതിസന്ധികളില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് ഇടതുപക്ഷ സമീപനമെന്നും അവര്‍ വ്യക്തമാക്കി.
‘സംസ്ഥാനത്ത് നിപ രോഗം സ്ഥിരീകരിച്ചിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിപയെക്കുറിച്ച് ഇന്നത്തെ ആരോഗ്യ മന്ത്രി കെ.മുരളീധരന്‍ നടത്തിയ പ്രസംഗം ഇന്ന് പലരും അയച്ചു തന്നു. അതിനെക്കുറിച്ച് ഇവിടെ ഒന്നും എഴുതുന്നില്ല. ശരിതെറ്റുകള്‍ കാലം തെളിയിക്കട്ടെ.
രോഗങ്ങളുടെ പ്രതിസന്ധികളിലും വെല്ലുവിളികളിലും ജനങ്ങളെ ചേര്‍ത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീര്‍ക്കുക എന്നതാണ് അനിവാര്യം. അതിന് ഒറ്റക്കെട്ടായി നില്‍ക്കുക എന്നതാണ് ഇടതുപക്ഷസമീപനം.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൈക്രോബിയോളജി ലാബില്‍ നടത്തിയ RT-PCR പരിശോധനയിലാണ് നിപരോഗം സ്ഥിരീകരിച്ചത്. രോഗിക്ക് കൃത്യമായ ചികിത്സ നല്‍കുന്നതിനൊപ്പം രോഗവ്യാപനം ഇല്ല എന്നുറപ്പാക്കാനും രോഗപ്രതിരോധത്തിനും നടപടികള്‍ സ്വീകരിക്കണം.
അനുഭവങ്ങങ്ങളുടെ കൂടി പശ്ചാത്തലത്തില്‍ ശാസ്ത്രീയമായി നാം ചിട്ടപ്പെടുത്തിയ ചികിത്സ പ്രോട്ടോക്കോളും രോഗപ്രതിരോധ ഗൈഡ്‌ലൈനും കേരളത്തിനുണ്ട്. NIV പൂനെയില്‍ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകുന്നതിനു മുന്‍പ് തന്നെ നമ്മുടെ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
ഷിഗെല്ല രോഗം സംസ്ഥാനത്ത് പടരുന്ന സാഹചര്യവും അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. ആദ്യമായിട്ടാണ് ഇത്രയുമധികം ഷിഗെല്ല കേസുകള്‍ കേരളത്തില്‍ ഉണ്ടാകുന്നത്. കുഞ്ഞുങ്ങള്‍, പ്രായമുള്ളവര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവരില്‍ ഷിഗെല്ല ഗുരുതരമാകും. രോഗത്തിന്റെ സാമൂഹിക വ്യാപനം കൂടുതല്‍ ഉണ്ടാകാതിരിക്കാന്‍ നടപടികള്‍ കൈക്കൊള്ളണം. പകര്‍ച്ചവ്യാധികള്‍ക്കെതിരെ നമുക്ക് പ്രതിരോധം തീര്‍ക്കാം,’ വീണ ജോര്‍ജ് ഫേസ്ബുക്കില്‍ എഴുതി.
2018ലും തുടര്‍ന്നും കേരളത്തില്‍ നിപ വൈറസ് ബാധ ഉണ്ടായ സമയത്ത് അന്നത്തെ എല്‍.ഡി.എഫ് സര്‍ക്കാരിനും ആരോഗ്യവകുപ്പിനും എതിരെ പ്രതിപക്ഷം ഉന്നയിച്ച കടുത്ത വിമര്‍ശനങ്ങളുടെ ഭാഗമായിരുന്നു മുരളീധരന്റെ പ്രസംഗം.
ഭരണാധികാരികളുടെ മോശം ഭരണം കൊണ്ടാണ് സംസ്ഥാനത്ത് ഇത്തരം മഹാമാരികള്‍ ആവര്‍ത്തിക്കുന്നത് എന്ന രീതിയിലായിരുന്നു അദ്ദേഹത്തിന്റെ കടുത്ത രാഷ്ട്രീയ വിമര്‍ശനം.
അന്ന് പ്രതിപക്ഷത്തിരുന്ന് സര്‍ക്കാരിന്റെ ആരോഗ്യരംഗത്തെ വീഴ്ചകളെ രൂക്ഷമായി വിമര്‍ശിച്ച മുരളീധരന്‍ ആരോഗ്യ മന്ത്രിയായി ചുമതലയേറ്റടുത്ത് ദിവസങ്ങള്‍ കഴിയവേയാണ് സംസ്ഥാനത്ത് വീണ്ടും നിപ റിപ്പോര്‍ട്ട് ചെയ്തത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പഴയ പ്രസംഗം വീണ്ടും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്.
Content Highlight: I have nothing to say about Muraleedharan’s past speech Veena George