ഭോപ്പാല്‍: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ഉമാ ഭാരതി. രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനിന്നിട്ടില്ലെന്നും ഉമാ ഭാരതി പറഞ്ഞു. ലളിത്പൂര്‍ ജില്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഉമാ ഭാരതിയുടെ പ്രതികരണം.
ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും ഉമാ ഭാരതി പറഞ്ഞു. ഝാന്‍സിയും അവിടുത്തെ ജനങ്ങളുമായും തനിക്ക് ആഴത്തിലുള്ള വൈകാരിക ബന്ധമുണ്ടെന്നും ഉമാ ഭാരതി പ്രതികരിച്ചു.
പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കും. 2024ല്‍ മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും പിന്നീട് രണ്ട് വര്‍ഷത്തേക്ക് ഗംഗാ നദിയുടെ സംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ എടുക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എഴുപത്തിയഞ്ചോ എണ്‍പത്തിയഞ്ചോ വയസായാലും താന്‍ രാഷ്ട്രീയത്തില്‍ സജീവമായുണ്ടാകുമെന്ന് ഉമാ ഭാരതി നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രീയത്തെ ആഢംബര ജീവിതത്തിനുള്ള മാര്‍ഗമായി കാണുന്നവരാണ് അതിനെ നശിപ്പിക്കുന്നതെന്നും ഭാരതി കുറ്റപ്പെടുത്തിയിരുന്നു.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഝാന്‍സിയില്‍ നിന്ന് വിജയിച്ചതിന് ശേഷം ഉമാ ഭാരതി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു. 2019, 2024 വര്‍ഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ ഭാരതി മത്സരിച്ചിരുന്നില്ല.
1999ല്‍ ഭോപ്പാലില്‍ നിന്നും 2014ല്‍ ഝാന്‍സിയില്‍ നിന്നും ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉമാ ഭാരതി, ബാബരി മസ്ജിദ് തകർക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നു.
അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ രണ്ടാമത്തെയും മൂന്നാമത്തെയും കാബിനറ്റില്‍ ടൂറിസം അടക്കമുള്ള വകുപ്പുകള്‍ ഭാരതി കൈകാര്യം ചെയ്തു. 2014ല്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍, മോദിയുടെ ആദ്യ കാബിനറ്റിലും ഭാരതിയുണ്ടായിരുന്നു.
1989ല്‍ ഖജുരാഹോ ലോക്സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഭാരതി 1991, 1996, 1998 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളിലും സീറ്റ് നിലനിര്‍ത്തിയിരുന്നു.
Content Highlight: I have not stayed away from politics; Uma Bharti seeks Jhansi seat in UP