| Tuesday, 28th May 2019, 8:44 am

ബി.ജെ.പിയില്‍ ചേരില്ല; വാര്‍ത്തകള്‍ നിഷേധിച്ച് അല്‍പേഷ് താക്കൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: ബി.ജെ.പിയില്‍ ചേരാന്‍ ഒരുദ്ദേശവും ഇല്ലെന്നു വ്യക്തമാക്കി ഗുജറാത്ത് എം.എല്‍.എയും ഒ.ബി.സി നേതാവുമായ അല്‍പേഷ് താക്കൂര്‍. താക്കൂര്‍ കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചിരുന്നു. അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നെന്ന് ഇന്നലെ ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

എം.എല്‍.എയായതിനാല്‍ പല ബി.ജെ.പി നേതാക്കളെയും ഇക്കാലയളവിനുള്ളില്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും ബി.ജെ.പിയില്‍ ചേരാനുള്ള പദ്ധതിയുടെ ഭാഗമല്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് അദ്ദേഹം പറഞ്ഞു.

രാധന്‍പുര്‍ എം.എല്‍.എയായ താക്കൂറിനൊപ്പം എം.എല്‍.എമാരായ ധവല്‍സിങ് താക്കൂര്‍, ഭാരത്ജി താക്കൂര്‍ എന്നിവരും കഴിഞ്ഞമാസം കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയതിന് ഒരുദിവസത്തിനു ശേഷമായിരുന്നു രാജി. പാര്‍ട്ടി നേതൃത്വം താക്കൂര്‍ സമുദായത്തെ അവഗണിക്കുന്നെന്ന് ആരോപിച്ചാണ് അല്‍പേഷ് പാര്‍ട്ടി വിട്ടത്. പതാന്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിക്കാന്‍ അല്‍പേഷ് താല്‍പര്യം കാണിച്ചിരുന്നെങ്കിലും കോണ്‍ഗ്രസ് മുന്‍ എംപി ജഗദീഷ് താക്കൂറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലുമായി താക്കൂര്‍ ചര്‍ച്ച നടത്തിയെന്നും താക്കൂറിനൊപ്പം നാല് പേരും ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്നുമായിരുന്നു റിപ്പോര്‍ട്ട്.

2017-ലാണ് അല്‍പേഷ് താക്കൂര്‍ കോണ്‍ഗ്രസിലെത്തുന്നത്. കോണ്‍ഗ്രസില്‍ ഉറച്ചുനിന്നുകൊണ്ട് തന്നെ താക്കൂര്‍ സമുദായത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുമെന്നാണ് അന്ന് അല്‍പേഷ് താക്കൂര്‍ പറഞ്ഞിരുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് എം.എല്‍.എയുമായി. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ബി.ജെ.പി നേതാവിനെ 15,000ല്‍ പരം വോട്ടുകള്‍ക്കാണ് അല്‍പേഷ് താക്കൂര്‍ പരാജയപ്പെടുത്തിയത്.

We use cookies to give you the best possible experience. Learn more