| Friday, 15th August 2025, 9:20 pm

ഞാനിതുവരെ അത്തരം സിനിമകള്‍ കണ്ടിട്ടില്ല; ഇതാരും വിശ്വസിക്കില്ല: കാജോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ബോളിവുഡിലെ മികച്ച നടിമാരില്‍ ഒരാളാണ് കാജോള്‍. 1992ല്‍ പുറത്തിറങ്ങിയ ബെഖുദി എന്ന ചിത്രത്തിലൂടെയാണ് അവര്‍ സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ബോളിവുഡ് താരങ്ങള്‍ക്കൊപ്പം നടി അഭിനയിച്ചു. തമിഴിലും കാജോല്‍ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

ഷാരൂഖ്, സല്‍മാന്‍, ആമിര്‍ എന്നീ മൂന്ന് ഖാന്‍മാരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ചുരുക്കം ചില നടിന്മാരില്‍ ഒരാള്‍ കൂടെയാണ് കാജോള്‍. ഇപ്പോള്‍ തന്റെ പുതിയ ചിത്രമായ മാ എന്ന ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് കാജോള്‍.

‘ഹൊറര്‍ സിനിമ ചെയ്യുമ്പോള്‍ ഇത്രയധികം ആക്ഷന്‍ ഉണ്ടാകുമെന്ന് എനിക്ക് അറിയില്ലായിരുന്നു. ഇതിന് നന്നായിട്ടുള്ള ശാരീരിക ക്ഷമത ആവശ്യമുണ്ട്. ഇതിനൊക്കെ എക്‌സ്പീരിയന്‍സ് ആവശ്യമായിരുന്നു. ശാരീരികമായി എനിക്ക് എന്നെത്തന്നെ പുഷ് ചെയ്യണമായിരുന്നു.

സാധാരണ സിനിമകളില്‍ നിന്നും വ്യത്യസ്തമായിട്ടാണ് ഹൊറര്‍ സിനിമകള്‍ പ്രവര്‍ത്തിക്കാറുള്ളത്. ഹൊറര്‍ സിനിമകള്‍ക്ക് ചില പ്രത്യേക പോയിന്റുണ്ട്. നമ്മളുടെ പ്രകടനം അതിനൊപ്പം എത്തിക്കണം,’ കാജോള്‍ പറഞ്ഞു.

താന്‍ ഇതുവരെ ഹൊറര്‍ സിനിമകള്‍ കണ്ടിട്ടില്ലെന്നും ഇക്കാര്യം പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും നടി കൂട്ടിച്ചേര്‍ത്തു.

തനിക്ക് ഐതിഹ്യം വളരെയധികം ഇഷ്ടമാണെന്നും കുട്ടിക്കാലത്ത് എല്ലാ അമര്‍ചിത്രകഥകളും താന്‍ വായിച്ചിട്ടുണ്ടെന്നും കാജോള്‍ കൂട്ടിച്ചേര്‍ത്തു. താനൊരു ദേവി ഭക്തയാണെന്നും അതുകൊണ്ട് മാ സിനിമയുടെ കഥ കേട്ടപ്പോള്‍ തന്നെ ത്രില്ലായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഫിലിംഫെയര്‍ മാഗസിനോട് സംസാരിക്കുകയായിരുന്നു അവര്‍.

മാ

വിശാല്‍ ഫ്യൂരിയ സംവിധാനം ചെയ്ത് 2025ല്‍ പുറത്തിറങ്ങിയ ഹിന്ദി പുരാണ ഹൊറര്‍ ചിത്രമാണ് മാ. കാജോള്‍, റോണിത് റോയ്, ഇന്ദ്രനീല്‍ സെന്‍ഗുപ്ത, ഖേരിന്‍ ശര്‍മ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. ജൂണ്‍ 27ന് തിയേറ്ററിലെത്തിയ ചിത്രത്തിലെ കാജോളിന്റെ പ്രകടനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. 2024ല്‍ പുറത്തിറങ്ങിയ ശൈതത്താന്‍ എന്ന ചിത്രത്തിന്റെ സ്പിന്‍ഓഫാണിത്.

Content Highlight: I have never seen Horror movies before says kajol

We use cookies to give you the best possible experience. Learn more