| Friday, 26th June 2026, 2:15 pm

'പഠിക്കേണ്ട കാര്യങ്ങള്‍ നമ്മുടെ അടുത്ത് മാത്രമേയുള്ളൂ എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല': പൃഥ്വിരാജ് സുകുമാരന്‍

അക്ഷര

മറ്റു ഭാഷകളില്‍ നിന്നുള്ള പ്രൊഡക്ഷന്‍ ഹൗസുകള്‍ മലയാളത്തില്‍ വരുന്നതില്‍ സന്തോഷമേയുള്ളൂവെന്നും എന്നാല്‍ അത് ഇവിടെയുള്ള ഒന്നിനേയും മാറ്റാനാവരുത് പകരം ഇവിടുന്ന ഒരുപാട് കാര്യങ്ങള്‍ പഠിച്ച് തിരിച്ചുപോകാനായിരിക്കണമെന്നുമുള്ള നടന്‍ പൃഥ്വിരാജ് സുകുമാരന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം വലിയ ചര്‍ച്ചയായിരുന്നു.

ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ ഈ പരാമര്‍ശം.മലയാളത്തിലേക്ക് ധര്‍മ്മ പ്രൊഡക്ഷന്‍സിനെ എത്തിക്കുന്നതില്‍ ഒരു കാരണക്കാരനായതില്‍ തനിക്ക് സന്തോഷമുണ്ടെന്നായിരുന്നു പൃഥ്വി പറഞ്ഞത്.

ഇത്തരത്തില്‍ ഒരുപാട് പ്രൊഡക്ഷന്‍ ഹൗസുകള്‍ മലയാള സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നതായി തനിക്ക് അറിയാമെന്നും മലയാള സിനിമയിലേക്ക് എത്തുന്ന ഇവര്‍ ഇവിടെയുള്ള ഒന്നും മാറ്റാതെ ഇവിടെ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ച് തിരിച്ച് പോകണമെന്നുമായിരുന്നു പറഞ്ഞത്.

ഈ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് പൃഥ്വിരാജ്. അവര്‍ അവിടെ ചെയ്യുന്ന സിനിമകളുടെ രീതികള്‍ മാറ്റണം എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും മറ്റു ഭാഷകളില്‍ നിന്ന് നമുക്കും കാര്യങ്ങള്‍ പഠിക്കാമനുണ്ടെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.

അവര്‍ അവിടെ ചെയ്യുന്ന സിനിമകളുടെ രീതികള്‍ അവര്‍ മാറ്റണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. നമുക്കുമുണ്ട് ഒരുപാട് കാര്യങ്ങള്‍ മറ്റു ഭാഷകളില്‍ നിന്നും പഠിക്കാന്‍. അല്ലാതെ നമ്മുടെ കൈവശം മാത്രമാണ് അവര്‍ പഠിക്കേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ഉള്ളത് എന്ന് ഒരിക്കലും ഞാന്‍ അവകാശപ്പെടില്ല.

ഒരു ഉദാഹരണം പറഞ്ഞാല്‍ തെലുങ്കു സിനിമ നമ്മളെ പഠിപ്പിച്ച ഒരു കാര്യമുണ്ട്. അവരാണ് ആദ്യമായിട്ട് നിങ്ങളുടെ സ്വന്തം അതിരുകള്‍ക്കപ്പുറം ചിന്തിക്കുക (തിങ്ക് ബിയോണ്‍ഡ് യുവര്‍ ഓണ്‍ ബോര്‍ഡേഴ്‌സ്) എന്ന് വളരെ ഉറക്കെ പ്രഖ്യാപിച്ചത്. ബാഹുബലിയിലൂടെ അത് പോസിബിള്‍ ആണെന്ന് എസ്.എസ് രാജമൗലി തെളിയിക്കുകയും ചെയ്തു.

ബോളിവുഡ് എന്ന് പറയുന്ന ഹിന്ദി സിനിമയാണ് നമ്മുടെ രാജ്യം മാത്രമല്ല സിനിമയുടെ മാര്‍ക്കറ്റെന്നും രാജ്യത്തിന് പുറത്ത് ഒരു വലിയ മാര്‍ക്കറ്റ് ഉണ്ട് എന്നും നമുക്ക് ആദ്യം മനസിലാക്കിത്തന്നത്.

ഇന്നിപ്പോള്‍ ഒരു വലിയ മലയാള സിനിമയക്ക് കേരളം എത്രത്തോളം വലിയ മാര്‍ക്കറ്റ് ആണോ അത്രത്തോളമോ ചില സാഹചര്യങ്ങളില്‍ അതിനേക്കാള്‍ വലുതോ ആയ മാര്‍ക്കറ്റ് ആണ് യു.എ.ഇ ജി.സി.സി രാജ്യങ്ങള്‍. അത് അവര് പഠിപ്പിച്ച പാഠത്തില്‍ നിന്ന് നമ്മള്‍ അതിനെ പെര്‍സ്യൂ ചെയ്ത് അതിനുവേണ്ടി നമ്മള്‍ ട്രൈ ചെയ്തതില്‍ നിന്ന് ഉണ്ടായതാണ്.

അത്തരത്തില്‍ നമുക്കുമുണ്ട് ഒരുപാട് കാര്യങ്ങള്‍ അവരില്‍ നിന്ന് പഠിക്കാന്‍. പല കാര്യങ്ങളിലും നമ്മളെക്കാള്‍ കുറെകൂടെ സ്ട്രക്‌ചേര്‍ഡ് ആണ് ബോളിവുഡൊക്കെ. എന്നാല്‍ സ്ട്രക്‌ചേര്‍ഡ് ആയതുകൊണ്ട് മാത്രം ബെറ്റര്‍ ആണോ എന്ന് ചോദ്യത്തിന് രണ്ട് ഉത്തരമുണ്ട്. എപ്പോഴും അങ്ങനെ ആയിരിക്കണമെന്നില്ല.

മലയാളം സിനിമ ഈസ് ബൂട്ടിഫുളി ഇന്‍ഫോമല്‍. എനിക്ക് എന്റെ അടുത്ത സിനിമയില്‍ പാര്‍വതി അഭിനയിക്കണമെങ്കില്‍ എനിക്ക് അവരെ വിളിച്ച് ഒരു കഥ കേള്‍ക്കാന്‍ പറ്റുമോ എന്ന് ചോദിക്കാം. അപ്പോള്‍ അവര്‍ യെസ് ആരാണ്? വരാന്‍ പറ എന്ന് പറയും. മറ്റൊരു ഇന്‍ഡസ്ട്രിയില്‍ ഒരുപക്ഷേ ഇത് പോസിബിള്‍ ആയിരിക്കില്ല.

നമ്മള്‍ ആദ്യം അവരെ ഹാന്‍ഡില്‍ ചെയ്യുന്ന ഏജന്‍സിയെ അറിയിക്കണം. ആ ഏജന്‍സി ആ ആര്‍ടിസ്റ്റിനെ മാനേജ് ചെയ്യാന്‍ ഒരു പ്രത്യേക ആളെ നിയോഗിക്കും. ആ മാനേജര്‍ നമുക്കൊരു മെസ്സേജ് അയക്കും. സര്‍, എന്താണ് കാര്യം ഏതാണ്, എങ്ങനെയാണ്, എന്താണ് സബ്ജക്ട്, എങ്ങനെയാണ് പ്രൊസീഡ് ചെയ്യുന്നത് എന്നൊക്കെ ചോദിച്ചിട്ട്.

മലയാളത്തില്‍ അതില്ല. അതില്ലാത്തത് നല്ലതാണ്. കാരണം നമ്മള്‍ ചെറിയ ഇന്‍ഫോമല്‍ ഇന്‍ഡസ്ട്രി ആണ്. നമ്മുടെ ആ ഇന്‍ഡസ്ട്രിയുടെ ഇന്‍ഫോമല്‍ എന്ന് ഞാന്‍ വിശേഷിപ്പിക്കുന്ന കള്‍ച്ചറും കൂടിയാണ് നമ്മള്‍ ഉണ്ടാക്കുന്ന സിനിമകള്‍.

വലിയ കോര്‍പ്പറേറ്റ് സിനിമകള്‍ മലയാളത്തില്‍ വന്നാല്‍, അവര്‍ അവിടെ ചെയ്യുന്ന സിനിമകളുടെ രീതികള്‍ അവര്‍ മാറ്റണം എന്ന് ഞാന്‍ പറയില്ല. ഇവിടെ വന്നിട്ട് നമ്മുടെ രീതികള്‍ അഡാപ്റ്റ് ചെയ്ത് അവര്‍ സിനിമ ചെയ്താല്‍ അത് അവരുടെ പ്രോസസ് ബെറ്റര്‍ ആക്കും. അതുപോലെ അവരില്‍ നിന്നും കുറേ കാര്യങ്ങള്‍ നമുക്ക് പഠിക്കാനും പറ്റും. അത്രയേ ഞാന്‍ ഉദ്ദേശിച്ചിട്ടുള്ളൂ,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: I have never said that we are the only ones with things to learn says Prithviraj Sukumaran

അക്ഷര

We use cookies to give you the best possible experience. Learn more