ന്യൂദല്‍ഹി: നാഷണല്‍ അക്കാദമി ഓഫ് ലീഗല്‍ സ്റ്റഡീസ് ആന്‍ഡ് റിസേര്‍ച്ച് (നല്‍സാര്‍) സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. സൂര്യകാന്തില്‍ നിന്ന് സര്‍ട്ടിഫിക്കേറ്റ് സ്വീകരിക്കില്ലെന്ന് വിദ്യാര്‍ത്ഥികള്‍ നേരത്തെ തന്നെ നിലപാടെടുത്തിരുന്നു.
സൂര്യകാന്തിനെ മുഖ്യാതിഥിയാക്കുന്ന സര്‍വകലാശാല നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ ഈ പ്രതികരണം.
‘സര്‍വകലാശാലയുടെ ബിരുദദാന ചടങ്ങിലെ ക്ഷണം ഞാന്‍ സ്വീകരിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പങ്കെടുക്കുന്നതിനെക്കുറിച്ച് ഒരു ചോദ്യവും ആവശ്യമില്ല,’ സൂര്യകാന്ത് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥി ക്ഷണം സ്വീകരിച്ചിരുന്നെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് അറിയിച്ചതായി സര്‍വകലാശല റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കി.
തുടര്‍ന്ന് നല്‍സാര്‍ സര്‍വകലാശാലയില്‍ നിന്ന് 2026 ല്‍ ബിരുദം നേടിയ ഒരു വിദ്യാര്‍ത്ഥിയെയും അഭിഭാഷകരായി എന്റോള്‍ ചെയ്യിക്കരുതെന്ന് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബി.സി.ഐയുടെ നടപടി വ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരം ഇത് പിന്‍വലിക്കുകയുമായിരുന്നു.
ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പാറ്റ പരാമര്‍ശത്തെ തുടര്‍ന്നാണ് അഭിജീത് ദീപ്കെയുടെ നേതൃത്വത്തില്‍ കോക്രോച്ച് ജനതാ പാര്‍ട്ടി രൂപം കൊള്ളുന്നത്. പിന്നീട് സി.ജെ.പിയുടെ നേതൃത്വത്തില്‍ നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ ശക്തമായ പ്രതിഷേധവും നടന്നിരുന്നു. പ്രതിഷേധക്കാരെ പൊലീസ് ക്രൂരമായി അടിച്ചമര്‍ത്തുകയായിരുന്നു.
ജൂലൈ 20ന് ജന്തര്‍ മന്ദറില്‍ സമാധാനപരമായി നടന്ന ‘ചലോ സന്‍സദ്’ പ്രകടനത്തിനിടെ പ്രതിഷേധക്കാര്‍ക്കെതിരായി പൊലീസ് നടത്തിയ ക്രൂരമായ നടപടിയെക്കുറിച്ചുള്ള ഹരജി അടിയന്തരമായി ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് നേതൃത്വത്തിലുള്ള ബെഞ്ച് വിസമ്മതിച്ചതും വീഡിയോ ദൃശ്യങ്ങള്‍ കാണാന്‍ സൂര്യകാന്ത് തയ്യാറാകാതിരുന്നതുമാണ് എതിര്‍പ്പിന്റെ പ്രധാനകാരണമെന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്ക് മുമ്പ് കത്തയച്ചിരുന്നു.
Content Highlights: I have never accepted that invitation; therefore, there is no need to even consider going,” says the Chief Justice.