തിരുവനന്തപുരം: സ്റ്റേഷന്‍ ജാമ്യം കിട്ടേണ്ട കേസില്‍ തന്നെ കഴിഞ്ഞ 11 ദിവസമായി കസ്റ്റഡിയില്‍ വെച്ചിരിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍. ഇങ്ങനെ കിടത്തേണ്ട ആവശ്യമില്ലെന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
‘എന്റെ പതിനൊന്ന് കിലോ കുറഞ്ഞു, സ്‌റ്റേഷന്‍ ജാമ്യം കിട്ടേണ്ട കേസാണ്. അറസ്റ്റ് ചെയ്തതുമുതല്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത് കിഡ്‌നിക്ക് പ്രശ്‌നമാവുന്നു എന്ന ഡോക്ടറിന്റെ നിര്‍ദേശ പ്രകാരമാണ്. അഞ്ച് ദിവസം ഭക്ഷണമില്ലാതെയും നാല് ദിവസം വെള്ളമില്ലാതെയുമാണ് ഞാന്‍ കിടന്നത്,’ രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
നടിയെ അക്രമിച്ച കേസില്‍ ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷമെന്നും തന്നെ പോലെ കള്ളക്കേസില്‍ പെടുന്നവര്‍ക്ക് മാധ്യമങ്ങള്‍ പിന്തുണ നല്‍കണമെന്നും രാഹുല്‍ പ്രതികരിച്ചു.
നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് രാഹുല്‍. താന്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും കേസിലെ എഫ്. ഐ.ആര്‍ വായിക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ വാദിച്ചിരുന്നു. പോസ്റ്റ് പിന്‍വലിക്കാമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു.
എന്നാല്‍ രാഹുല്‍ കേസന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും വീണ്ടും കസ്റ്റഡിയില്‍ വിടണമെന്നും പൊലീസ് ആവശ്യപെടുകയായിരുന്നു. ഇരകളെ അപമാനിച്ച് കൊണ്ട് നിരവധി പോസ്റ്റുകള്‍ മുമ്പും രാഹുല്‍ ഇട്ടിട്ടുള്ളതിനാല്‍ ജാമ്യം നല്‍കുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശം ലഭിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇത് മുഖവിലയ്‌ക്കെടുത്തുകൊണ്ടാണ് കോടതി ജാമ്യ ഹരജി തള്ളിയത്.
Content Highlight: ‘I have lost eleven kilos, this is a case where I should get station bail’, Rahul Easwar responds