തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ പാഠപുസ്തക വിതരണവുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും മുന്‍ മന്ത്രിയും എം.എല്‍.എയുമായ രമേശ് ചെന്നിത്തലയേയും പരിഹസിച്ച് സി.പി.ഐ.എം നേതാവ് എം.എം. മണി.
വിദ്യാര്‍ത്ഥികള്‍ ജയിച്ചോ ഇല്ലയോ എന്നറിയാതെ പാഠപുസ്തകം നല്‍കുന്നത് തുഗ്ലക് പരിഷ്‌കരമാണെന്ന് രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നത് ജനങ്ങളെ ബോധിപ്പിക്കാന്‍ വേണ്ടി മാത്രമാണെന്നും പണ്ടൊക്കെ എഴുത്തോലയിലാണോ കുട്ടികള്‍ പഠിച്ചിരുന്നതെന്നും ചെന്നിത്തല ചോദിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് എം.എം. മണിയുടെ പ്രതികരണം. ‘താളിയോല കുറേ കേട്ടിട്ടുണ്ട്…. 2011 മുതല്‍ 2016 വരെ ഫോട്ടോസ്റ്റാറ്റ് കണ്ടിട്ടും ഉണ്ട്,’ എന്ന് എം.എം. മണി ഫേസ്ബുക്കില്‍ എഴുതി.
നിലവില്‍ എം.എം. മണിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. യു.ഡി.എഫ് ഭരണകാലത്ത് വിദ്യാഭ്യാസ വകുപ്പിന് സംഭവിച്ച അബദ്ധങ്ങള്‍ ഒന്നൊന്നായി ഇടത് പ്രൊഫൈലുകളും നേതാക്കളും ഓര്‍മിപ്പിക്കുന്നുമുണ്ട്.
യു.ഡി.എഫ് ഭരണകാലത്ത് മഴവില്ലിലെ വര്‍ണങ്ങളെ കുറിച്ച് പഠിപ്പിക്കാന്‍ ടെക്സ്റ്റ് ബുക്കിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് കുട്ടികളെ കാണിച്ച സംഭവം വലിയ വിവാദമായിരുന്നു. വിഷയത്തില്‍ പ്രതികരിച്ച വി.ഡി. സതീശന്റെ പരാമര്‍ശം പങ്കുവെച്ചുകൊണ്ട് ചിലര്‍ ഇക്കാര്യം ഓർമപ്പെടുത്തുന്നുണ്ട്.
യു.ഡി.എഫിന്റെ കാലത്ത് ഒരു തവണ പാഠപുസ്തകം നല്‍കാന്‍ വൈകിയിരുന്നുവെന്നും അന്ന് എം.എല്‍.എയായിരുന്ന താന്‍ അതിനെ വിമര്‍ശിച്ചിരുന്നുവെന്നുമാണ് വി.ഡി. സതീശന്‍ പ്രതികരിച്ചത്.
പുസ്തകം നേരത്തെ കൊടുക്കുന്നതില്‍ പ്രശ്നമില്ലെന്നും എന്നാല്‍ കരിക്കുലം ഫ്രെയിം ചെയ്യുന്നതില്‍ എല്ലാം നിലവിലെ സര്‍ക്കാര്‍ പരാജയപ്പെട്ടിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞിരുന്നു.
Content Highlight: I have heard a lot about palm leaves and seen photostats; M.M. Mani mocks Ramesh Chennithala