പട്ടം പോലെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹനൻ. ദുൽഖറിനെ പ്രധാനകഥാപാത്രമാക്കി അഴകപ്പൻ സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ വിജയമായിരുന്നില്ല. പിന്നീട് തമിഴിലേക്കും ബോളിവുഡിലേക്കും നടി ചേക്കേറി.
മാളവികയുടെ ഏറ്റവും പുതിയ മലയാള ചിത്രം മോഹൻലാലിനെ പ്രധാനകഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ആണ്. ചിത്രം ഓഗസ്റ്റ് 28ന് തിയേറ്ററുകളിലെത്തും. ഇപ്പോൾ പട്ടം പോലെ എന്ന ചിത്രത്തിൻ്റെ പരാജയത്തെക്കുറിച്ച് വനിതയോട് സംസാരിക്കുകയാണ് നടി.
‘ഒരുപാട് പ്രതീക്ഷയുണ്ടായിരുന്നു ആദ്യ സിനിമയിൽ. ദുൽഖറിൻ്റെ നായിക, അച്ഛനെപ്പോലെ ഞാൻ ആദരിക്കുന്ന അഴകപ്പൻ സാറിന്റെ ആദ്യ സംവിധാനം. മമ്മൂട്ടി സാറാണ് എന്നെ ‘പട്ടം പോലെ‘ യിലേക്ക് തെരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയുടെ ആവേശം കൂട്ടി,’ മാളവിക മോഹനൻ പറയുന്നു.
പക്ഷെ, സിനിമ തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയിച്ചില്ലെന്നും അത് തനിക്ക് വേദനയുണ്ടാക്കിയെന്നും നടി കൂട്ടിച്ചേർത്തു. അന്ന് പരാജയത്തെയും വിജയത്തേയും എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ലായിരുന്നെന്നും തനിക്ക് അത്ര പ്രായമില്ലായിരുന്നെന്നും നടി പറഞ്ഞു.
സിനിമയിൽ നായിക ആകുമ്പോൾ ആവേശത്തോടെ ഒരുപാട് പേര് കൂടെയുണ്ടാകുമെന്നും എന്നാൽ പരാജയപ്പെടുമ്പോൾ ആരും ഉണ്ടാകില്ലെന്നും നടി പറഞ്ഞു. മറ്റെന്തെങ്കിലും ജോലികളിൽ തോൽവിയുണ്ടായാൽ അതെല്ലാം ‘പ്രൈവറ്റ്’ പരാജയങ്ങളാണെന്നും പക്ഷേ, ഒരു സിനിമ വീണുപോയാൽ അതൊരു ‘പബ്ലിക്’ പരാജയം ആണെന്നും മാളവിക കൂട്ടിച്ചേർത്തു.
‘സോഷ്യൽ മീഡിയയും വെറുതെ ഇരുന്നില്ല. വലിയ ആക്രമണം നടന്നു. മറ്റ് സിനിമാ ഇൻഡസ്ട്രികളെ അപേക്ഷിച്ച് മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്. എന്റെ നിറത്തെക്കുറിച്ചും ശരീരത്തെക്കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ തൊലി വെച്ചു പിടിപ്പിച്ച പോലെ എന്നുവരെ കമന്റുകൾ വന്നു. എൻ്റെ ശരീരത്തെക്കുറിച്ച് പറയാൻ ഇവർക്ക് എന്താണ് അവകാശം,’ മാളവിക മോഹനൻ പറയുന്നു.
Content Highlight: I had high expectations when I became Dulquer’s heroine says Malavika Mohanan