| Saturday, 12th September 2026, 7:22 am

ജീവനില്‍ ഭയമുണ്ട്; സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ടായിട്ടും എനിക്ക് സംരക്ഷണം ലഭിക്കുന്നില്ല: നീതി തേടി നിഷു ആസാദ്

നിഷാന. വി.വി

ന്യൂദല്‍ഹി: സുപ്രീം കോടതി നിര്‍ദേശമുണ്ടായിട്ടും തനിക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിനിടെ ആക്രമിക്കപ്പെട്ട വിദ്യാര്‍ത്ഥിനി നിഷു ആസാദ്. സുപ്രീം കോടതിയുടെ ഇടപെടലുണ്ടായിട്ടും തനിക്ക് ഇപ്പോഴും അശ്ലീല ഭീഷണികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും കുടുംബത്തിന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും നിഷു വെളിപ്പെടുത്തി.

ഹിന്ദുത്വ ഇന്‍ഫ്‌ളുവന്‍സര്‍ സ്വതന്ത്ര ഭരദ്വാജിന്റെ ആക്രമണത്തില്‍ നിഷുവിന്റെ പിതാവിന്റെ തലയോട്ടിക്ക് പരിക്കേറ്റിരുന്നു. ‘ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നിട്ടും, എനിക്കോ എന്റെ കുടുംബത്തിനോ ഇതുവരെ ആവശ്യമായ സുരക്ഷ നല്‍കിയിട്ടില്ല. തുടര്‍ച്ചയായ ഭീഷണികള്‍ കാരണം ഞാനും കുടുംബവും ജീവഭയത്തിലാണെന്ന്,’ വിദ്യാര്‍ത്ഥിനി പറഞ്ഞു.
ഭീഷണി സന്ദേശങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ തനിക്കെതിരെ വ്യാജ ക്രോസ്-എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും നിഷു കൂട്ടിച്ചേര്‍ത്തു.
‘എന്റെ ജീവന് തന്നെ ഭീഷണിയാകുന്ന രീതിയിലുള്ള ആക്രമണങ്ങള്‍ നടത്താന്‍ സാധിക്കുന്ന സ്ഥലങ്ങളിലേക്ക് എന്നെ നിര്‍ബന്ധപൂര്‍വ്വം യാത്ര ചെയ്യിപ്പിക്കാനാണ് ഈ കേസുകള്‍ ഉപയോഗിക്കുന്നത് എന്ന് ഞാന്‍ ഭയപ്പെടുന്നു,’ അവര്‍ പറഞ്ഞു.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ തനിക്ക് ബോര്‍ഡ് പരീക്ഷകള്‍ എഴുതേണ്ടതുണ്ടെന്ന് എന്നാല്‍, നിരന്തരമായ ഭീഷണികള്‍ കാരണം സ്‌കൂളിലോ ട്യൂഷനിലോ പോകാന്‍ സാധിക്കുന്നില്ലെന്നും ഇത് തന്റെ വിദ്യാഭ്യാസത്തെയും ഭാവിയേയും ഗുരുതരമായി ബാധിക്കുന്നുണ്ടെന്നും വിദ്യാര്‍ത്ഥിനി വ്യക്തമാക്കി.

സുപ്രീം കോടതിയുടെ നിര്‍ദേശങ്ങള്‍ ഉടനടി നടപ്പിലാക്കണമെന്നും തനിക്കും കുടുംബത്തിനും ആവശ്യമായ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.

ദല്‍ഹിയില്‍ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെ വലതുപക്ഷ ഇന്‍ഫ്‌ളുവന്‍സറായ ഭരദ്വാജ് നിഷുവിന്റെ പിതാവ് സഞ്ജയ് സിങിനെ മര്‍ദിച്ചിരുന്നു. പിന്നീട് ഒരു പോഡ്കാസ്റ്റില്‍ പങ്കെടുത്ത ഭരദ്വാജ് താന്‍ അദ്ദേഹത്തിന്റെ തലയോട്ടി തകര്‍ത്തു എന്ന് പരസ്യമായി പറയുകയും ബി.ജെ.പി നേതാക്കളുടെ പിന്തുണയുള്ളതിനാല്‍ ജയിലില്‍ പോയില്ലെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

പിന്നീട് സി.ജെ.പി പ്രതിഷേധത്തെ തുടര്‍ന്ന് ഭരദ്വാജ് അറസ്റ്റിലായെങ്കിലും, നിഷുവിന്റെ വീടിനുനേരെ കല്ലേറുണ്ടാവുകയും അവര്‍ക്ക് നേരെ ബലാത്സംഗ ഭീഷണികള്‍ തുടരുകയും ചെയ്തു. വിഷയത്തില്‍ അഭിഭാഷകന്‍ ആശങ്കകള്‍ ഉന്നയിച്ചതിനെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി. മഹ്ന എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് സെപ്റ്റംബര്‍ 10-ന് വിഷയത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു.

ആരോപണങ്ങളെ ലഘുവായി കാണാന്‍ കഴിയില്ലെന്നും ഒരു ഇരയെയോ അവരുടെ കുടുംബത്തെയോ ഭീഷണിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്നും കോടതി പറഞ്ഞു. കുട്ടി കുട്ടി തന്നെയാണെന്നും
കുട്ടികളെ സംരക്ഷിക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlight: I fear for my life; despite the Supreme Court’s directive, I am not receiving protection: Nishu Azad seeks justice.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more